ഭോപാൽ: 40 വർഷം മുമ്പ് മധ്യപ്രദേശിലെ ഭോപ്പാലിലെ യൂണിയൻ കാർബൈഡ് ഫാക്ടറിയിൽനിന്ന് ചോർന്ന വിഷവാതകത്തിന്റെ ഫലങ്ങൾ ദുരന്തത്തിൽ നിന്ന് രക്ഷപ്പെട്ടവരുടെ അടുത്ത തലമുറകളിലും കണ്ടതായി മുൻ സർക്കാർ ഫോറൻസിക് സർജൻ. ദുരന്തത്തിന്റെ ആദ്യ ദിവസം താൻ 875 പോസ്റ്റ്‌മോർട്ടം നടത്തിയെന്നും അടുത്ത ദിവസം 18,000 പോസ്റ്റ്‌മോർട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ചുവെന്നും ഭോപ്പാലിലെ ഗാന്ധി മെഡിക്കൽ കോളജിലെ ഫോറൻസിക് വിഭാഗം മുൻ മേധാവി ഡോ.ഡി.കെ സത്പതി അന്നത്തെ കയ്പേറിയ ഓർമകൾ പങ്കുവെച്ചു.
വിഷവാതക ദുരന്തത്തിന്റെ 40ാം വാർഷികത്തോടനുബന്ധിച്ച് അതിജീവിച്ചവരുടെ സംഘടനകൾ നടത്തിയ പരിപാടിയിൽ സംസാരിക്കവെയായിരുന്നു അദ്ദേഹത്തിന്റെ വാക്കുകൾ. അതിജീവിച്ച സ്ത്രീകളുടെ ഗർഭസ്ഥ ശിശുക്കളിൽ വിഷവാതകങ്ങളുടെ സ്വാധീനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ യൂണിയൻ കാർബൈഡ് നിഷേധിച്ചുവെന്നും ഗർഭാശയത്തിലെ മറുപിള്ളമൂലമുള്ള തടസ്സം ഒരു സാഹചര്യത്തിലും അതിനെ മറികടക്കില്ലെന്നും ഡോ. സത്പതി അവകാശപ്പെട്ടു.
1984 ഡിസംബർ 2 നും 3നും ഇടക്കുള്ള രാത്രിയിൽ നഗരത്തിലെ കീടനാശിനി ഫാക്ടറിയിൽനിന്ന് വിഷവാതകം ചോർന്നതിനെത്തുടർന്ന് 3,787 പേർ കൊല്ലപ്പെടുകയും അഞ്ച് ലക്ഷത്തിലധികം ആളുകളെ ബാധിക്കുകയും ചെയ്തു. ദുരന്തത്തിൽ മരിച്ച ഗർഭിണികളുടെ രക്തസാമ്പിളുകൾ പരിശോധിച്ചതിൽ അമ്മയിൽ നിന്ന് 50 ശതമാനം വിഷ പദാർത്ഥങ്ങളും ഗർഭപാത്രത്തിലെ കുട്ടിയിലും കണ്ടെത്തിയതായി ഡോ. സത്പതി പറഞ്ഞു. അതിജീവിച്ച അമ്മമാർക്ക് ജനിച്ച കുട്ടികളിലും വിഷ പദാർത്ഥങ്ങൾ ഉണ്ടായിരുന്നു. ഇത് അടുത്ത തലമുറയുടെ ആരോഗ്യത്തെയും ബാധിക്കും. ഇതിന്റെ പ്രത്യാഘാതങ്ങൾ തലമുറകളോളം തുടരുമെന്നും പറഞ്ഞ അദ്ദേഹം എന്തുകൊണ്ടാണ് ഇതു സംബന്ധിച്ച ഗവേഷണം നിർത്തിയതെന്ന ചോദ്യവുമുന്നയിച്ചു.
യൂണിയൻ കാർബൈഡ് പ്ലാന്‍റിൽ നിന്ന് എം.ഐ.സി വാതകം ചോർന്ന് അത് വെള്ളവുമായി സമ്പർക്കം പുലർത്തിയപ്പോൾ ആയിരക്കണക്കിന് മറ്റു വാതകങ്ങൾ രൂപപ്പെട്ടുവെന്നും ഇവയിൽ ചിലത് കാൻസർ, രക്തസമ്മർദ്ദം, കരൾ തകരാറുകൾ എന്നിവക്കു കാരണമാകുമെന്നും സത്പതി കൂട്ടിച്ചേർത്തു. ഏറ്റവും കൂടുതൽ പോസ്റ്റ്‌മോർട്ടം നടത്തിയ സത്പതിക്കു പുറമെ, 84 ലെ ദുരന്തത്തിൽ ആദ്യം പ്രതികരിച്ചവരും അത്യാഹിത വിഭാഗത്തിലെ മുതിർന്ന ഡോക്ടർമാരും ഇരകളെ കൂട്ടമായി സംസ്കരിച്ചവരും ഉൾപ്പെടെയുള്ളവർ അവരുടെ ദുരന്താനുഭവങ്ങൾ വിവരിച്ചു.
വാർഷികാചരണത്തോടനുബന്ധിച്ച് ‘ഭോപ്പാൽ ഗ്യാസ് പീഡിത് മഹിളാ സ്റ്റേഷനറി കർമ്മചാരി സംഘ്’ പ്രസിഡന്‍റ് റഷീദ ബീയുടെ ദുരന്തത്തിന്റെ എല്ലാ വശങ്ങളും ഉൾക്കൊള്ളുന്ന പോസ്റ്റർ പ്രദർശനം ഡിസംബർ 4 വരെ നടക്കുന്നുവരുന്നു. ആഗോള കോർപ്പറേറ്റ് കുറ്റകൃത്യങ്ങളായ വ്യാവസായിക മലിനീകരണവും കാലാവസ്ഥാ വ്യതിയാനവും കേന്ദ്രീകരിച്ച് വാർഷിക റാലി സംഘടിപ്പിക്കുമെന്നും റഷീദ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.