രോഹിതിന് നീതിതേടി മെഴുകുതിരി മാര്‍ച്ച്; വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്തു


ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്രസര്‍വകലാശാലയില്‍ മരണപ്പെട്ട ഗവേഷകന്‍ രോഹിത് വെമുലക്ക് നീതി ലഭ്യമാക്കണമെന്നും വിദ്യാര്‍ഥികള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും വിവേചനങ്ങള്‍ക്കും അറുതിവരുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യാ ഗേറ്റിനു സമീപം മെഴുകുതിരി മാര്‍ച്ച് നടത്തിയ വിദ്യാര്‍ഥികളെ പൊലീസ് അറസ്റ്റു ചെയ്തു. രോഹിതിന്‍െറ മാതാവ് രാധികയെയും തടഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ വിവേചനത്തിനെതിരെ രോഹിത് ആക്ട് നടപ്പാക്കുക, രോഹിതിന്‍െറ മരണത്തിനിടയാക്കിയ മുഴുവന്‍ അധികൃതര്‍ക്കുമെതിരെ നടപടി സ്വീകരിക്കുക, വിദ്യാര്‍ഥി വേട്ട അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിക്കുന്ന പ്ളക്കാര്‍ഡുകളും മെഴുകുതിരികളുമായി വിവിധ സര്‍വകലാശാലകളില്‍നിന്നുള്ള നൂറുകണക്കിന് വിദ്യാര്‍ഥികളാണ് ഇന്ത്യാ ഗേറ്റിലത്തെിയത്.
ജോയന്‍റ് ആക്ഷന്‍ കൗണ്‍സില്‍, അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, ഐസ, എന്‍.എസ്.യു, എ.ഐ.എസ്.എഫ്, എസ്.എഫ്.ഐ, എസ്.ഐ.ഒ, എം.എസ്.എഫ്, ബി.എ.പി.എ തുടങ്ങിയ വിദ്യാര്‍ഥി സംഘടനകളുടെ പ്രവര്‍ത്തകര്‍ക്കു പുറമെ വിവിധ പൗരാവകാശ സംഘടനകളും പരിപാടിക്കു പിന്തുണ നല്‍കിയിരുന്നു. മാര്‍ച്ചിന് എത്തിയവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കിയതോടെ കൂടുതല്‍ പേര്‍ അണിനിരന്നു. ഇതു വാക്കേറ്റത്തിനും ഉന്തിനും തള്ളിനും വഴിയൊരുക്കി. വിദ്യാര്‍ഥികളെ അറസ്റ്റ് ചെയ്ത് എത്തിച്ച തിലക് മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ ഇവര്‍ പിന്നീട് മെഴുകുതിരികള്‍ തെളിച്ചു. വിദ്യാര്‍ഥികളില്‍ ചിലരെ  പാര്‍ലമെന്‍റ് ഹൗസ് സ്റ്റേഷനില്‍  പിടിച്ചുവെച്ചിരിക്കുന്നുവെന്ന വിവരത്തെ തുടര്‍ന്ന് രാധികയുടെ നേതൃത്വത്തില്‍ സ്റ്റേഷനിലേക്ക് മാര്‍ച്ച് ആരംഭിച്ചെങ്കിലും പൊലീസ് തടഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.