രാജ്യത്ത് സമാധാനത്തോടെ ഉറങ്ങാന്‍ കഴിയുന്നില്ല; മന്ത്രിയെ ഞെട്ടിച്ച് ഉന്നത ഉദ്യോഗസ്ഥന്‍

ന്യൂഡല്‍ഹി: രാജ്യത്ത് ശാന്തിയോടും സമാധാനത്തോടും ഉറങ്ങാന്‍ കഴിയുന്നില്ളെന്നും അതിന് സാഹചര്യം ഒരുക്കണമെന്നും ന്യൂനപക്ഷ മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥന്‍ കേന്ദ്ര ന്യൂനപക്ഷ മന്ത്രി മുഖ്താര്‍ അബ്ബാസ് നഖ് വിയോട് പരസ്യമായി ആവശ്യപ്പെട്ടു.കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ന്യൂഡല്‍ഹി വിജ്ഞാന്‍ ഭവനില്‍ സംഘടിപ്പിച്ച സംസ്ഥാന ന്യൂനപക്ഷ കമീഷനുകളുടെ ദേശീയ സമ്മേളനത്തിന്‍െറ സമാപന ചടങ്ങില്‍ നന്ദിപ്രകടനത്തിന് നിയുക്തനായ ദേശീയ ന്യൂനപക്ഷ കമീഷന്‍ അഡീഷനല്‍ സെക്രട്ടറി അജോയ് കുമാറാണ് മുഖ്യാതിഥിയായ മുഖ്താര്‍ അബ്ബാസ് നഖ്വിക്കുനേരെ തിരിഞ്ഞുനിന്ന് വികാരഭരിതനായി എല്ലാവരെയും ഞെട്ടിച്ചത്.
താനൊരു ദരിദ്ര ഹിന്ദുവായിരുന്നുവെന്നുപറഞ്ഞാണ് അജോയ്കുമാര്‍ ന്യൂനപക്ഷമന്ത്രിക്കു നേരെ തിരിഞ്ഞുനിന്നത്. എന്നിട്ടും ദാരിദ്ര്യമുള്ള വീട്ടില്‍ കേവലം മൂന്നു രൂപകൊണ്ട് ക്രിസ്ത്യന്‍ കോണ്‍വെന്‍റ് സ്കൂളില്‍ പഠിക്കാന്‍ ഭാഗ്യം ലഭിച്ചു. അതുകൊണ്ട്, ഇന്ന് നിങ്ങള്‍ക്കു മുന്നില്‍ ഇങ്ങനെ നില്‍ക്കാനായി.

സദസ്സിലൊരാള്‍ക്കുനേരെ വിരല്‍ചൂണ്ടിയ അജോയ്കുമാര്‍ തന്‍െറ കൂടെ അന്ന് കോണ്‍വെന്‍റില്‍ പഠിച്ച ന്യൂനപക്ഷ സമുദായാംഗമാണ് ഈ ഇരിക്കുന്നതെന്ന് പറഞ്ഞു. രാജ്യത്ത് നിലനിന്നിരുന്ന സമാധാനപരമായ അന്തരീക്ഷത്തിലാണ് അന്ന് തനിക്ക് പഠിക്കാന്‍ കഴിഞ്ഞത്. എന്നാല്‍, ഇപ്പോള്‍ സമാധാനത്തോടെ ഉറങ്ങാന്‍ കഴിയാത്ത സാഹചര്യമാണ്.സമാധാനത്തോടെ ഉറങ്ങാവുന്ന സാഹചര്യമൊരുക്കണമെന്ന് ഞാന്‍ മന്ത്രിയോട് അഭ്യര്‍ഥിക്കുന്നു. താന്‍ ഇക്കാര്യം പറയാന്‍ പാടില്ലായിരുന്നുവെന്നും എന്നാല്‍, പറഞ്ഞില്ളെങ്കില്‍ ഇനിയും ഉറങ്ങാന്‍ കഴിയില്ളെന്നുള്ളതുകൊണ്ടാണിത് പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മന്ത്രിയുടെയും വേദിയിലെ ന്യൂനപക്ഷ കമീഷന്‍ അംഗങ്ങളുടെയും മുഖം വലിഞ്ഞുമുറുകിയെങ്കിലും പ്രതിനിധികള്‍ കരഘോഷത്തോടെയാണ് ഈ വാക്കുകള്‍ സ്വീകരിച്ചത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.