ന്യൂഡൽഹി: കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ വാദങ്ങൾ തള്ളി രോഹിത് വെമുലയുടെ മരണം സ്ഥിരീകരിച്ച ഡോക്ടർ. ആത്മഹത്യ ചെയ്ത നിലയിൽ കണ്ട രോഹിതിനെ പരിശോധിക്കാൻ ഡോക്ടറെ അനുവദിച്ചില്ലെന്നും പൊലീസിനെ മുറിയിലേക്ക് പ്രവേശിപ്പിച്ചില്ലെന്നുമുള്ള മന്ത്രിയുടെ വാദം തെറ്റാണെന്ന് ഡോ. രാജശ്രീ മൽപാത്താണ് വെളിപ്പെടുത്തിയത്.
രോഹിതിനെ ഫാനിൽ തൂങ്ങിമരിച്ച നിലയിൽ കണ്ട ഉടൻ വിവരം ലഭിക്കുകയും താൻ അവിടെ എത്തുകയും ചെയ്തിട്ടുണ്ടെന്ന് ഹൈദരാബാദ് സർവകലാശാലയിലെ ചീഫ് മെഡിക്കൽ ഓഫീസറായ രാജശ്രീ പറഞ്ഞു. 7.30ഓടുകൂടിയാണ് തനിക്ക് ഹോസ്റ്റലിൽ നിന്ന് ഫോൺ കാൾ ലഭിച്ചത്. നാല് മിനിറ്റിനുള്ളിൽ അവിടെ എത്തി. അഞ്ച് മിനിറ്റിനുള്ളിൽ പൊലീസും എത്തി. താൻ ചെല്ലുമ്പോൾ മൃതദേഹം കട്ടിലിൽ കിടത്തിയിരിക്കുകയായിരുന്നു. മരിച്ചു എന്ന് ബോധ്യമായെങ്കിലും പൾസും ബിപിയും പരിശോധിച്ചു. പൾസ് ഇല്ലായിരുന്നുവെന്നും ഡോ. രാജശ്രീ വ്യക്തമാക്കി.
സ്മൃതി ഇറാനിയുടെ വാദം തെറ്റാണെന്ന് തെളിയിക്കുന്ന വിഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. രോഹിതിൻെറ മൃതദേഹത്തിന് അടുത്ത് പൊലീസടക്കം നിൽക്കുന്ന വിഡിയോ അവിടുത്തെ വിദ്യാർഥികൾ തന്നെയാണ് സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തത്.
ഡോക്ടറെ സമയത്ത് എത്തിക്കാൻ സാധിച്ചിരുന്നെങ്കിൽ രോഹിതിൻെറ ജീവൻ രക്ഷിക്കാമായിരുന്നു എന്നാണ് ഇന്നലെ സ്മൃതി ഇറാനി പാർലമെൻറിൽ പറഞ്ഞത്. രോഹിതിൻെറ മൃതദേഹം വെച്ച് രാഷ്ട്രീയം കളിക്കുകയായിരുന്നു. ഡോക്ടറെയും പൊലീസിനെയും ഹോസ്റ്റൽ മുറിയിലേക്ക് അടുപ്പിച്ചില്ല. രോഹിതിനെ ഡോക്ടറുടെ അടുത്ത് കൊണ്ടുപോകാൻ ആരും ശ്രമിച്ചില്ല. മൃതദേഹം രാഷ്ട്രീയായുധമാക്കുകയായിരുന്നുവെന്നും സ്മൃതി ഇറാനി പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.