ക്രൈസ്തവ സംഘടനയുമായി ആര്‍.എസ്.എസ്

ന്യൂഡല്‍ഹി: ക്രൈസ്തവ സമൂഹത്തില്‍ സ്വാധീനം സ്ഥാപിക്കാന്‍ ആര്‍.എസ്.എസ് പുതിയ സംഘടനയുണ്ടാക്കുന്നു. അഞ്ച് ആര്‍ച് ബിഷപ്പുമാരെയും വിവിധ സംസ്ഥാനങ്ങളില്‍നിന്ന് നാല്‍പതിലേറെ ബിഷപ്പുമാരെയും പങ്കെടുപ്പിച്ച് ആര്‍.എസ്.എസ് ദേശീയ എക്സിക്യൂട്ടിവ് അംഗം ഇന്ദ്രേഷ്കുമാറിന്‍െറ നേതൃത്വത്തില്‍ കഴിഞ്ഞ മാസം നടത്തിയ ദീര്‍ഘ ചര്‍ച്ചക്കു പിന്നാലെയാണ് സംഘടന പിറവികൊള്ളുന്നത്. സംഘടനക്ക് രാഷ്ട്രീയ ഈസായി മഞ്ച് എന്നോ ഈസായി വിചാര്‍ മഞ്ച് എന്നോ പേരു നല്‍കാനാണ് ധാരണ.
ആര്‍.എസ്.എസിന്‍െറ ചൊല്‍പ്പടിയില്‍നിന്ന് പ്രകടനങ്ങളും പ്രസ്താവനകളുമിറക്കുന്ന രാഷ്ട്രീയ മുസ്ലിം മഞ്ച് എന്ന സംഘടന നിലവിലുണ്ട്. ഇന്ദ്രേഷ്കുമാര്‍ തന്നെയാണ് ഈ സംഘടനയുടെയും ഉപദേശകന്‍. ഫരീദാബാദ് രൂപത ആര്‍ച് ബിഷപ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര, ബിഷപ് ജേക്കബ് മാര്‍ ബര്‍ണബാസ്, ചര്‍ച്ച് ഓഫ് നോര്‍ത് ഇന്ത്യ സെക്രട്ടറി അല്‍വാന്‍ മസീഹ്, വി.എച്ച്.പി നേതാവ് സ്വാമി ചിന്മയാനന്ദ് തുടങ്ങിയവരാണ് ആലോചനായോഗങ്ങളില്‍ സംബന്ധിച്ച പ്രമുഖര്‍. സമുദായവുമായി സൗഹാര്‍ദം നിറഞ്ഞ സഹവാസം സാധ്യമാക്കാനാണ് സംഘടനക്ക് പരിശ്രമിക്കുന്നതെന്ന് ആര്‍.എസ്.എസ് നേതാക്കള്‍ പറയുന്നു. ക്രൈസ്തവ സമൂഹത്തിനുനേരെ സംഘ്പരിവാര്‍ അതിക്രമങ്ങള്‍ അഴിച്ചുവിട്ടതും ഘര്‍ വാപസി നടത്തിയതുമെല്ലാം രാജ്യത്ത് കടുത്ത അസഹിഷ്ണുത നിലനില്‍ക്കുന്നുവെന്ന സന്ദേശം പുറംലോകത്ത് എത്തിച്ചിരുന്നു. സമുദായത്തെ ഭിന്നിപ്പിച്ച് സമ്പന്നരായ ഒരു വിഭാഗത്തെ ഒപ്പം നിര്‍ത്തി ഈ പ്രതിച്ഛായക്കു തടയിടുകയാണ് ലക്ഷ്യം.
ക്രൈസ്തവ മാധ്യമപ്രവര്‍ത്തകരെയും സഭാനേതാക്കളെയും മാത്രം ക്ഷണിച്ച് കേന്ദ്ര ധനമന്ത്രിയുടെ വസതിയില്‍ ക്രിസ്മസ് വിരുന്നും ഒരുക്കിയിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.