ജമ്മു കശ്മീർ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചു

ന്യൂഡൽഹി: ജമ്മു-കശ്മീർ മുഖ്യമന്ത്രിയും ജമ്മു കശ്മീർ പീപ്പ്ൾസ് ഡെമോക്രാറ്റിക് പാർട്ടി സ്ഥാപകനുമായ മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചു.  80 വയസായിരുന്നു. ഡൽഹി എയിംസിൽ ഇന്ന് രാവിലെ 7.20നായിരുന്നു അന്ത്യം. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ഡിസംബർ 24നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. രോഗം മൂർഛിച്ചതിനെ തുടർന്ന് ഇന്നലെ വെന്‍റിലേറ്ററിൽ പ്രവേശിപ്പിച്ചിരുന്നു.

മുഫ്തി മുഹമ്മദ് സഈദിന്‍റെ നേതൃത്വത്തിൽ പി.ഡി.പി-ബി.ജെ.പി സഖ്യ സർക്കാർ കഴിഞ്ഞ മാർച്ചിലാണ് അധികാരത്തിലെത്തിയത്. 2002 മുതൽ 2005 വരെ കശ്മീർ മുഖ്യമന്ത്രി പദവി വഹിച്ചിട്ടുണ്ട്.

കോൺഗ്രസ് അംഗമായിരുന്ന മുഫ്തി മുഹമ്മദ് സഈദ് 1986ൽ രാജീവ് ഗാന്ധി മന്ത്രിസഭയിൽ കേന്ദ്ര ടൂറിസം മന്ത്രിയായിരുന്നു. മീററ്റ് കലാപത്തിൽ പാർട്ടിയുടെ നിലപാടിൽ പ്രതിഷേധിച്ച് കേന്ദ്രമന്ത്രി സ്ഥാനം രാജിവെച്ച് പാർട്ടിവിട്ടു. പിന്നീട് 1987ൽ വി.പി.സിങിനോടൊപ്പം ജനമോർച്ചക്ക് രൂപം നൽകി. 1989ൽ വി.പി. സിങ് നേതൃത്വം നൽകിയ കേന്ദ്രസർക്കാരിൽ ആഭ്യന്തരമന്ത്രിയായിരുന്നു.

ജനതാദളിന്‍റെ തകർച്ചയോടെ വീണ്ടും കോൺഗ്രസിൽ ചേർന്ന ഇദ്ദേഹം 1999ലാണ് പി.ഡി.പി രൂപീകരിച്ചത്. കശ്മീർ പ്രശ്നം പരിഹരിക്കുന്നതിനായി കേന്ദ്രസർക്കാർ ഉപാധികളില്ലാതെ കശ്മീരികളുമായി ചർച്ചയാരംഭിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ടായിരുന്നു പാർട്ടി രൂപീകരണം.

മുഫ്തി മുഹമ്മദ് സഈദിന്‍റെ നിര്യാണത്തിൽ രാഷ്ട്രപതി പ്രണബ് മുഖർജിയും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയും സഈദിന്‍റെ രാഷ്ട്രീയ പ്രതിയോഗിയായിരുന്ന ഫാറൂഖ് അബ്ദുള്ളയും നിര്യാണത്തിൽ അതീവദു:ഖം രേഖപ്പെടുത്തി.

സഈദിന്‍റെ മകളും പി.ഡി.പി പ്രസിഡന്‍റുമായ മെഹബൂബ മുഫ്തി അടുത്ത മുഖ്യമന്ത്രി ആകുമെന്ന് പാർട്ടിവൃത്തങ്ങൾ അറിയിച്ചു. തിങ്കളാഴ്ചയായിരിക്കും സത്യപ്രതിജ്ഞാ ചടങ്ങ്. നിലവിൽ അനന്ത്നാഗ് മണ്ഡലത്തിൽ നിന്നുള്ള എം.പിയായ മെഹബൂബ സംസ്ഥാനത്തെ ആദ്യത്തെ വനിത മുഖ്യമന്ത്രിയായിരിക്കും .

ജമ്മു കശ്മീര്‍ മുഖ്യമന്ത്രി മുഫ്‌തി മുഹമ്മദ് സെയ്ദ് അന്തരിച്ചു

Read more at: http://www.asianetnews.tv/news/india/mufthi-muhammed-sayd-passed-away-42120
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.