രാഷ്ട്രീയത്തെ അടവും അവസരവാദവുമാക്കിയ നേതാവ്

മുഫ്തി മുഹമ്മദ് സഈദിന്‍െറ രാഷ്ട്രീയത്തെ അവസരവാദമെന്നു വിളിക്കാം; അടവുനയമെന്നും പറയാം. രണ്ടും മാറിമാറി പരീക്ഷിച്ച് ജമ്മു-കശ്മീരിനെ ഉള്ളംകൈയിലാക്കിയതാണ് ആറു പതിറ്റാണ്ടു നീണ്ട മുഫ്തിയുടെ രാഷ്ട്രീയ ജീവിതം. രാഷ്ട്രീയം സാധ്യതകളുടെ കലയാണെങ്കില്‍ പ്രവചിക്കാന്‍ കഴിയാത്ത രാഷ്ട്രീയ കലാകാരനായിരുന്നു മുഫ്തി. പ്രശ്നകലുഷിതമായ അതിര്‍ത്തി സംസ്ഥാനത്തു മാത്രമല്ല, ഡല്‍ഹിയിലും ഇറങ്ങിക്കളിച്ച് ദേശീയശ്രദ്ധ നേടിയ ഓരോ ഘട്ടത്തിലും പ്രതിച്ഛായ മുഫ്തിക്ക് വിഷയമായില്ല. പരസ്പര വിരുദ്ധമായ ആശയങ്ങള്‍ ചേര്‍ത്തുവെച്ച് രാഷ്ട്രീയഗോദയില്‍ ചാഞ്ചാടി നടന്ന അദ്ദേഹത്തെ കശ്മീരികള്‍ നെഞ്ചേറ്റാതിരുന്നതുമില്ല.

അസാധാരണ ചുവടുകള്‍ പലതാണ്. അബ്ദുല്ലമാരുടെ വാഴ്ചയില്‍ അമര്‍ന്ന ജമ്മു-കശ്മീരില്‍ അവരെ വെല്ലുവിളിച്ച്, താഴ്വരയില്‍ ബദല്‍ രാഷ്ട്രീയസാധ്യതകള്‍ തൊട്ടുണര്‍ത്തിയ നേതാവ്. ജി.എം. സാദിഖിന്‍െറ ഡെമോക്രാറ്റിക് നാഷനല്‍ കോണ്‍ഫറന്‍സിലൂടെ രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന് 1962ല്‍ നിയമസഭാംഗവും മന്ത്രിയുമൊക്കെയായെങ്കിലും മുഫ്തിക്ക് പിന്നെ തോന്നിയത് ഭേദം, കോണ്‍ഗ്രസാണെന്നാണ്. ഒരിക്കല്‍ കശ്മീരില്‍ കോണ്‍ഗ്രസിന്‍െറ മുഖം. പക്ഷേ, ഫാറൂഖ് അബ്ദുല്ലയുമായി രാജീവ്ഗാന്ധി ഒരു സന്ധിക്ക് തയാറായപ്പോള്‍ മുഫ്തി പിന്നെ കോണ്‍ഗ്രസില്‍ നിന്നില്ല. ’89ല്‍ ജന്‍മോര്‍ച്ചയുണ്ടാക്കി വി.പി. സിങ്ങിനെ തന്‍െറ നേതാവായി പ്രഖ്യാപിച്ചു. അക്കൊല്ലം ജനതാദള്‍ സ്ഥാനാര്‍ഥിയായി യു.പിയിലെ മുസഫര്‍നഗറില്‍നിന്ന് തെരഞ്ഞെടുക്കപ്പെട്ട് കേന്ദ്രത്തില്‍ മന്ത്രിയായത് രാഷ്ട്രീയത്തിലെ മറ്റൊരു വഴിത്തിരിവ്. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ആഭ്യന്തരമന്ത്രിയായി മുഫ്തിയെ വി.പി. സിങ് വാഴിച്ചു.

വി.പിയുടെ രാഷ്ട്രീയത്തിളക്കം മങ്ങിയതിനൊപ്പം മുഫ്തി കോണ്‍ഗ്രസില്‍ തിരിച്ചത്തെി. പിന്നെയുള്ള രാഷ്ട്രീയ ജീവിതത്തില്‍ മുഫ്തിയെ നയിച്ചത് മകള്‍ മെഹ്ബൂബയാണ്. മെഹ്ബൂബയും മുഫ്തിയും ചേര്‍ന്ന് 1999ലാണ് പി.ഡി.പിക്ക് രൂപംനല്‍കിയത്. നാഷനല്‍ കോണ്‍ഫറന്‍സിനോടും കോണ്‍ഗ്രസിനോടുമുള്ള പോരാട്ടത്തിനിടയില്‍ മൂന്നുവര്‍ഷംകൊണ്ട് നിയമസഭയില്‍ 16 സീറ്റ് സമ്പാദിക്കാന്‍ പി.ഡി.പിക്ക് സാധിച്ചു. ഒരിക്കല്‍ താന്‍ കൊണ്ടുനടന്ന കോണ്‍ഗ്രസുമായി അന്നേരം നടത്തിയ വിലപേശലില്‍ ജയിച്ചത് മുഫ്തിയാണ്.

2002ല്‍ കോണ്‍ഗ്രസ് പിന്തുണയോടെ മുഫ്തി ജമ്മു-കശ്മീര്‍ മുഖ്യമന്ത്രിയായി. ഊഴമിട്ടു ഭരിക്കാന്‍ രണ്ടു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണപ്രകാരം 2005ല്‍ മുഖ്യമന്ത്രി സ്ഥാനം കോണ്‍ഗ്രസിന്‍െറ ഗുലാംനബി ആസാദിനുവേണ്ടി ഒഴിഞ്ഞുകൊടുത്തെങ്കിലും, കാലാവധി തികക്കാന്‍ മുഫ്തി കോണ്‍ഗ്രസിനെ അനുവദിച്ചില്ല. അമര്‍നാഥ് ഭൂമിദാന ക്രമക്കേട് വിഷയമാക്കി കോണ്‍ഗ്രസിനുള്ള പിന്തുണ പി.ഡി.പി പിന്‍വലിച്ചു.

ആ അടവുനയത്തിനു ശേഷമുള്ള രാഷ്ട്രീയത്തില്‍ പക്ഷേ, മുഫ്തിക്ക് ഒരിക്കല്‍ക്കൂടി കാലിടറി. കോണ്‍ഗ്രസ് പിന്തുണയോടെ ഭരണം നാഷനല്‍ കോണ്‍ഫറന്‍സ് കൊണ്ടുപോയി. 2014 വരെ കാത്തിരിക്കാന്‍ മുഫ്തിയും മകളും നിര്‍ബന്ധിതമായി. കഴിഞ്ഞ വര്‍ഷത്തെ നിയമസഭാ തെരഞ്ഞെടുപ്പു കഴിഞ്ഞപ്പോഴാണ് മുഫ്തി അവസരവാദ രാഷ്ട്രീയത്തിന്‍െറ മറ്റൊരു പതിപ്പ് പുറത്തെടുത്തത്. തൂക്കുസഭയുമായി രണ്ടുമാസം ജമ്മു-കശ്മീര്‍ അനിശ്ചിതാവസ്ഥയില്‍ നിന്നതിനൊടുവില്‍, രാജ്യത്തെ ഏക മുസ്ലിം ഭൂരിപക്ഷ സംസ്ഥാനത്ത് ബി.ജെ.പിക്ക് ഭരണപങ്കാളിത്തം നല്‍കി പി.ഡി.പിയും മുഫ്തിയും അധികാരത്തിലേക്കു നടന്നു. പി.ഡി.പി-ബി.ജെ.പി ബന്ധത്തിന്‍െറ സാധ്യതകളെക്കുറിച്ച് സംശയമുന്നയിച്ച മാധ്യമപ്രവര്‍ത്തകരോട്, ഉത്തര-ദക്ഷിണ ധ്രുവങ്ങളെ എങ്ങനെ ഒന്നിച്ചു ചേര്‍ക്കാന്‍ പറ്റുമെന്ന മറുചോദ്യമെറിഞ്ഞു നടന്നയാളായിരുന്നു മുഫ്തി. സ്വന്തം വോട്ടുബാങ്കിനത്തെന്നെ അമ്പരപ്പിച്ചുകൊണ്ട്, ധ്രുവങ്ങള്‍ ഒന്നിച്ചു ചേര്‍ത്തുകെട്ടി മുഫ്തി കഴിഞ്ഞ മാര്‍ച്ചില്‍ ജമ്മു-കശ്മീരില്‍ രണ്ടാമൂഴം മുഖ്യമന്ത്രിയായി.

ജമ്മു-കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370ാം വകുപ്പില്‍ തൊടില്ല എന്നതടക്കമുള്ള ഉപാധികളോടെയാണ് ബി.ജെ.പിയുമായി സഖ്യമുണ്ടാക്കിയതെന്ന് മുഫ്തി വിശദീകരിച്ചുപോന്നു. എന്നാല്‍, ഒരിക്കലും സാധ്യതയില്ലാത്ത ഒരു സംസ്ഥാനത്ത് സാധ്യതകളുടെ കല പരീക്ഷിച്ചു വിജയിപ്പിക്കുകയാണ് ബി.ജെ.പി ചെയ്തത്.

തന്നേക്കാള്‍, ജമ്മു-കശ്മീരിന്‍െറ മണ്ണിലേക്ക് മകള്‍ മെഹ്ബൂബയുടെയും പി.ഡി.പിയുടെയും രാഷ്ട്രീയഭാവി അലക്ഷ്യമായി എറിഞ്ഞുകൊടുക്കുകയാണ് മുഫ്തി ചെയ്തതെന്ന് കാണുന്നവര്‍ ഏറെയുണ്ട്. തനിക്ക്, തന്‍പോരിമയുള്ള മെഹ്ബൂബയുടെ രാഷ്ട്രീയ വിരുതിലായിരിക്കാം മുഫ്തി വിശ്വാസമര്‍പ്പിച്ചത്. ഇതിനെല്ലാമിടയില്‍, മുഫ്തിയുടെ രാഷ്ട്രീയ ജീവിതത്തിന്‍െറ തുടക്കവും ഒടുക്കവും രണ്ടു ധ്രുവങ്ങളിലായെന്നു മാത്രം. ജമ്മു-കശ്മീരിന് സ്വന്തഭരണവും പരിമിത പരമാധികാരവുമെന്ന മുദ്രാവാക്യം മുന്നോട്ടുവെച്ച് തീവ്രനിലപാടുകാരുടെ തോളോടുതോള്‍ ചേര്‍ന്നുനിന്ന ഒരു ചരിത്രത്തില്‍നിന്ന്, വിരുദ്ധ രാഷ്ട്രീയത്തിന്‍െറ ബി.ജെ.പി പാളയത്തിലാണ് അത് ചെന്നത്തെിയത്.

വൈരുധ്യങ്ങള്‍ വേറെയുമുണ്ട്. ആഭ്യന്തര മന്ത്രിയായിരുന്ന കാലത്താണ് ജെ.കെ.എല്‍.എഫ് തീവ്രവാദികള്‍ മുഫ്തിയുടെ മൂന്നാമത്തെ മകള്‍ റുബയ്യയെ തട്ടിക്കൊണ്ടുപോയതെങ്കില്‍, അഞ്ചു തീവ്രവാദികളെ വിട്ടുകൊടുത്താണ് മുഫ്തി മകളെ മോചിപ്പിച്ചത്. ഇതൊരു ഒത്തുകളിയാണെന്നുവരെ അക്കാലത്ത് സംശയിക്കപ്പെട്ടു. അതേ മുഫ്തിയുടെ കാലത്താണ് ജമ്മു-കശ്മീരില്‍ സായുധസേനാ പ്രത്യേകാധികാര നിയമം നടപ്പാക്കിയതെങ്കില്‍, പ്രശ്നക്കുരുക്കിലാക്കിയ ആ നിയമം പിന്‍വലിക്കണമെന്നതായിരുന്നു പി.ഡി.പിയുടെ പിറവിക്കാലത്ത് പ്രധാനാവശ്യമായി മുഫ്തിയും മകളും മുന്നോട്ടുവെച്ചത്. ബി.ജെ.പിയുടെ വിവാദ ഗവര്‍ണറായി ജമ്മു-കശ്മീരിലേക്ക് ജഗ്മോഹനെ കണ്ടത്തെിയതും മുഫ്തി തന്നെ. പലവട്ടം ഗവര്‍ണര്‍ ഭരണത്തിലേക്ക് സംസ്ഥാനത്തെ നയിച്ചതില്‍ മുഫ്തിയുടെ രാഷ്ട്രീയ ചാഞ്ചാട്ടങ്ങള്‍ക്ക് വലിയ പങ്കുണ്ട്.

അവിടെയെല്ലാം മുഫ്തിയുടെ അടവും അവസരവാദവും തെളിഞ്ഞുകിടന്നു. കശ്മീരിന് സാന്ത്വന സ്പര്‍ശവും സമാധാനവും വേണമെന്നു പറഞ്ഞു കൊണ്ടിരിക്കുമ്പോള്‍തന്നെ, ജനതയുടെ ഉത്തമ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തിയുള്ള രാഷ്ട്രീയ തീരുമാനങ്ങളായിരുന്നില്ല മുഫ്തിയുടേത്. പരസ്പര വൈരുധ്യങ്ങളുടെ അപ്രതീക്ഷിത ചുവടുകള്‍. അതുകൊണ്ട്, മുഫ്തിയെ സംബന്ധിച്ചിടത്തോളം രാഷ്ട്രീയം അവസരവാദത്തിന്‍െറയും അടവുനയത്തിന്‍െറയും കല മാത്രമല്ല, അധികാരത്തിനുവേണ്ടിയുള്ള കസേരകളി കൂടിയാണെന്ന് ചരിത്രം രേഖപ്പെടുത്തിയെന്നിരിക്കും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.