മുംബൈ: മുംബൈ അന്ധേരിയിലെ വനിതാ പൈലറ്റിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ആൺ സുഹൃത്ത് അറസ്റ്റിൽ. ഡൽഹി സ്വദേശി ആദിത്യ പണ്ഡിറ്റിനെ (27)യാണ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ചയായിരുന്നു എയർ ഇന്ത്യ പൈലറ്റായ സൃഷ്ടി തുലി(25)യെ മരിച്ച നിലയിൽ കണ്ടെത്തിയത്.
സൃഷ്ടി തുലിയുടെ മരണം ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം. പ്രേരണാക്കുറ്റം ആരോപിച്ചാണ് ആദിത്യ പണ്ഡിറ്റിനെ (27) മുംബൈയിലെ പവായ് പൊലീസ് അറസ്റ്റ് ചെയ്തത്. സൃഷ്ടിയുടെ മരണം ആത്മഹത്യല്ല, കൊലപാതകമാണെന്ന് കുടുംബം ആരോപിച്ചു. മാംസ ഭക്ഷണം കഴിച്ചതിന് സൃഷ്ടിയെ ആൺ സുഹൃത്ത് പരസ്യമായി അധിക്ഷേപിക്കുകയും മാംസാഹാരം കഴിക്കുന്നതിൽ നിന്ന് വിലക്കുകയും ചെയ്തിരുന്നുവെന്ന് കുടുംബം പറഞ്ഞു.
തിങ്കളാഴ്ച പുലർച്ചെ അന്ധേരിയിലെ മാറോൾ പൊലീസ് ക്യാമ്പിന് പിന്നിലെ വാടക വീട്ടിലാണ് തുലിയെ മരിച്ച നിലയിൽ കണ്ടെത്തിയത്. യുവാവിന്റെ ശല്യം കാരണം തുലി മാനസികമായി തകർന്നിരുന്നുവെന്ന് അന്വേഷണത്തിൽ കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. ആദിത്യ പണ്ഡിറ്റ് പൈലറ്റ് പരീക്ഷയ്ക്ക് തയ്യാറെടുക്കുകയായിരുന്നെങ്കിലും യോഗ്യത നേടിയിരുന്നില്ല. ഞായറാഴ്ച ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ സൃഷ്ടി ആദിത്യ പണ്ഡിറ്റുമായി തർക്കത്തിലേർപ്പെട്ടിരുന്നതായി കണ്ടെത്തി.
തുടർന്ന് പുലർച്ചെ ഒരു മണിയോടെ പണ്ഡിറ്റ് പോയി. താൻ ആത്മഹത്യ ചെയ്യുമെന്ന് സൃഷ്ടി ഫോണിൽ വിളിച്ച് അറിയിച്ചു. ആദിത്യ മടങ്ങി എത്തിയെങ്കിലും വാതിൽ അകത്ത് നിന്ന് പൂട്ടിയ നിലയിലായിരുന്നു. തുടർന്ന് വീട്ടുടമയെ വിളിച്ച് മുറി തുറന്നെങ്കിലും സൃഷ്ടി ബോധരഹിതയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ മരണകാരണം ആത്മഹത്യയാണെന്നാണ് സൂചന. യുവതിയുടെ ഫോൺ ഫോറൻസിക് ലാബിലേക്ക് അയച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.