ആഭ്യന്തര മന്ത്രിയുടെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയപ്പോള്‍

ന്യൂഡല്‍ഹി: മുഫ്തി മുഹമ്മദ് സഈദിന്‍െറ പിന്‍ഗാമിയായി മെഹബൂബ മുഫ്തി മുഖ്യമന്ത്രിയാകുമെങ്കിലും മെഹബൂബക്കു മുമ്പേ വാര്‍ത്താ തലക്കെട്ട് കീഴടക്കിയത് മൂന്നാമത്തെ മകള്‍ റുബയ്യയാണ്. ആഭ്യന്തര മന്ത്രിയുടെ മകളെ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയ സംഭവത്തോടെയായിരുന്നു അത്.
1989ല്‍ വി.പി. സിങ് മന്ത്രിസഭയില്‍ ആഭ്യന്തര മന്ത്രിയായിരുന്നു മുഫ്തി. ഇന്ത്യയിലെ ആദ്യത്തെ മുസ്ലിം ആഭ്യന്തര മന്ത്രി. ജയിലിലുള്ള തങ്ങളുടെ കൂട്ടാളികളെ വിട്ടുകിട്ടാന്‍ മുഫ്തിയുടെ മകളെ തട്ടിക്കൊണ്ടു പോവുകയെന്ന തന്ത്രമാണ് ജമ്മു-കശ്മീര്‍ ലിബറേഷന്‍ ഫ്രണ്ട് പുറത്തെടുത്തത്. അതില്‍ അവര്‍ വിജയിച്ചു. മുഫ്തി അധികാരമേറ്റ് അഞ്ചാം ദിവസം, ഡിസംബര്‍ എട്ടിനായിരുന്നു സംഭവം. അന്ന് റുബയ്യക്ക് 23 വയസ്സ്. ലാല്‍ദേദ് മെമ്മോറിയല്‍ വിമന്‍സ് ഹോസ്പിറ്റലില്‍ മെഡിക്കല്‍ വിദ്യാര്‍ഥിയായിരുന്നു. മിനി ബസില്‍ ആശുപത്രിയില്‍ നിന്ന് 500 മീറ്റര്‍ മാത്രം അകലെയുള്ള നവ്ഗാമിലെ വീട്ടിലേക്ക് പോവുമ്പോഴാണ് നാലു തീവ്രവാദികള്‍ വാഹനം തടഞ്ഞ് റുബയ്യയെ തട്ടിയെടുത്തത്.

മഖ്ബൂല്‍ ഭട്ടിന്‍െറ സഹോദരന്‍ അടക്കം അഞ്ചു പേരെ വിട്ടയക്കണമെന്നായിരുന്നു ആവശ്യം. മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല ലണ്ടനിലെ ഉല്ലാസയാത്ര റദ്ദാക്കി ഡല്‍ഹിയിലത്തെി. അടുത്ത ദിവസം നേരം വെളുക്കുന്നതിനു മുമ്പ് എന്‍.എസ്.ജി ഡയറക്ടര്‍ ജനറല്‍ അടക്കം ഉന്നത സുരക്ഷാ ഉദ്യോഗസ്ഥര്‍ ശ്രീനഗറില്‍ എത്തി. കശ്മീര്‍ ടൈംസിന്‍െറ സഫര്‍ മെരാജ് വഴിയാണ് ഒത്തുതീര്‍പ്പു സംഭാഷണങ്ങള്‍ തുടങ്ങിയത്. ഗനി ലോണ്‍ അടക്കമുള്ളവരെയും രംഗത്തിറക്കി. അലഹബാദ് ഹൈകോടതി ജഡ്ജിയായിരുന്ന മോത്തിലാല്‍ ഭട്ടായിരുന്നു പിന്നീട് ചിത്രത്തില്‍. മുഫ്തിയുടെ സുഹൃത്തായ അദ്ദേഹം ആഭ്യന്തര മന്ത്രിക്കു വേണ്ടി തീവ്രവാദികളുമായി നേരിട്ടു ബന്ധപ്പെട്ടു.

തീവ്രവാദികളെ വിട്ടയച്ചാല്‍, സമാന സംഭവങ്ങളും ആവശ്യങ്ങളും ആവര്‍ത്തിക്കപ്പെടുമെന്ന പ്രശ്നമാണ് സര്‍ക്കാറിനു മുമ്പില്‍ ഉണ്ടായിരുന്നത്. ഏതായാലും ഡിസംബര്‍ 13ന് പുലര്‍ച്ചെ കേന്ദ്രമന്ത്രിമാരായ ഐ.കെ ഗുജ്റാലും ആരിഫ് മുഹമ്മദ് ഖാനും ശ്രീനഗറിന് പറന്നു. തീവ്രവാദികളെ മോചിപ്പിക്കാന്‍ ധാരണയായി. റുബയ്യ മോചിതയായി. തീവ്രവാദികള്‍ക്കു മുമ്പില്‍ കേന്ദ്രം കീഴടങ്ങിയെന്ന വലിയ പഴി വി.പി. സിങ് സര്‍ക്കാറിന് കേള്‍ക്കേണ്ടി വന്നു. മുഫ്തിയുടെ രാഷ്ട്രീയ ജീവിതത്തില്‍ ഈ ഏട് എക്കാലവും പേരുദോഷമായി തെളിഞ്ഞു കിടക്കുകയും ചെയ്തു.

തീവ്രവാദികളെ വിട്ടുകൊടുത്തില്ളെങ്കില്‍ ജമ്മു-കശ്മീര്‍ സര്‍ക്കാറിനെ ഡിസ്മിസ് ചെയ്യുമെന്ന് കേന്ദ്രസര്‍ക്കാര്‍ ഭീഷണിപ്പെടുത്തിയിരുന്നതായി അന്നത്തെ മുഖ്യമന്ത്രി ഫാറൂഖ് അബ്ദുല്ല പിന്നീട് വെളിപ്പെടുത്തിയിരുന്നു. മുഫ്തിക്കുതന്നെ ജെ.കെ.എല്‍.എഫുമായി സമ്പര്‍ക്കമുണ്ടായിരുന്നുവെന്നിരിക്കേ, തീവ്രവാദികളെ വിട്ടയക്കാന്‍ ഒത്തുകളി നടന്നുവെന്ന ആരോപണവും ഉയര്‍ന്നിരുന്നു. മുഫ്തിയുടെ നാലു മക്കളില്‍ മെഹബൂബ ഒഴികെ മറ്റാരും അന്നും ഇന്നും രാഷ്ട്രീയത്തിലില്ല.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.