കോയമ്പത്തൂര്‍: കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തെതുടര്‍ന്ന് സജീവമായ തമിഴ്നാട്ടിലെ ജെല്ലിക്കെട്ട് കളങ്ങള്‍ സുപ്രീംകോടതി വിധിയോടെ ശോകമൂകമായി. കോടതി ഉത്തരവ് ജെല്ലിക്കെട്ട് പ്രേമികളില്‍ കടുത്ത നിരാശ പടര്‍ത്തി. ദേശീയ മൃഗക്ഷേമ ബോര്‍ഡും വിവിധ മൃഗസ്നേഹി സംഘടനകളും സമര്‍പ്പിച്ചിരുന്ന ഹരജികള്‍ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കുമെന്ന് വാര്‍ത്ത പരന്നപ്പോള്‍ തന്നെ ആശങ്ക ഉയര്‍ന്നിരുന്നു. തമിഴ്നാട്ടിലെ കാര്‍ഷികോത്സവമായ പൊങ്കലിനോടനുബന്ധിച്ചാണ് ജെല്ലിക്കെട്ട് സംഘടിപ്പിക്കുന്നത്. ചൊവ്വാഴ്ച ഉച്ചക്ക് മധുരയിലെ ജെല്ലിക്കെട്ട് മൈതാനങ്ങളില്‍ വന്‍ പ്രതിഷേധമാണ് ഉയര്‍ന്നത്. നൂറുകണക്കിന് ജെല്ലിക്കെട്ട് പ്രേമികള്‍ തടിച്ചുകൂടി മുദ്രാവാക്യം വിളിച്ചു. മധുര ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കടകളടച്ച് ഹര്‍ത്താല്‍ ആചരിച്ചു. ചിലര്‍ പ്രധാനമന്ത്രി നരേന്ദ്രമോദി, ജയലളിത തുടങ്ങിയവരുടെ പോസ്റ്ററുകളും കട്ടൗട്ടുകളും നശിപ്പിച്ചു. അലങ്കാനല്ലൂരില്‍ മനോഹര്‍, മണികണ്ഠന്‍ എന്നീ യുവാക്കള്‍ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ആത്മാഹുതിശ്രമം നടത്തിയത് ഭീതി പരത്തി. പ്രതിഷേധം അക്രമാസക്തമായതോടെ കൂടുതല്‍ പൊലീസത്തെി സ്ഥിതി നിയന്ത്രണവിധേയമാക്കി.
ജെല്ലിക്കെട്ട് നടന്നില്ളെങ്കില്‍ നിയമസഭാ തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ജെല്ലിക്കെട്ട് സംഘാടകസമിതി പ്രതിനിധികള്‍ അറിയിച്ചു. കോടതി ഉത്തരവ് മറികടന്ന് ചിലയിടങ്ങളില്‍ ജെല്ലിക്കെട്ട് നടത്താന്‍ രഹസ്യനീക്കമുണ്ട്. കേന്ദ്ര ഉത്തരവില്‍ നിഷ്കര്‍ഷിച്ച നിബന്ധനകള്‍ പ്രകാരം ജെല്ലിക്കെട്ടുകള്‍ സംഘടിപ്പിക്കാന്‍ ജില്ലാഭരണകൂടങ്ങള്‍ തയാറെടുപ്പ് നടത്തുന്നതിനിടെയാണ് സുപ്രീംകോടതി ഉത്തരവ് ഉണ്ടായത്. ജെല്ലിക്കെട്ട് നടത്താന്‍ തുടര്‍ നിയമ നടപടികള്‍ കൈക്കൊള്ളാന്‍ കേന്ദ്രസര്‍ക്കാര്‍ തയാറാവണമെന്ന് ഡി.എം.കെ നേതാവ് എം.കെ. സ്റ്റാലിന്‍ ആവശ്യപ്പെട്ടു. കേന്ദ്രം ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കണമെന്ന് സി.പി.എം തമിഴ്നാട് സെക്രട്ടറി ജി. രാമകൃഷ്ണന്‍ പ്രസ്താവിച്ചു. ഇതേ ആവശ്യമുന്നയിച്ച് മുഖ്യമന്ത്രി ജയലളിത നേരത്തേ പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. കേന്ദ്രസര്‍ക്കാര്‍ ആത്മാര്‍ഥതയോടെ പ്രവര്‍ത്തിക്കണമെന്ന് എം.ഡി.എം.കെ ജനറല്‍ സെക്രട്ടറി വൈക്കോ ആവശ്യപ്പെട്ടു.
ജയലളിത സര്‍ക്കാറും ഗുരുതര വീഴ്ചയാണ് വരുത്തിയതെന്ന് അദ്ദേഹം ആരോപിച്ചു. കോടതിയുടെ ഇടക്കാല ഉത്തരവ് അംഗീകരിക്കാനാവില്ളെന്ന് ബി.ജെ.പി ദേശീയ സെക്രട്ടറി എച്ച്. രാജ അഭിപ്രായപ്പെട്ടു. പ്രശ്നത്തില്‍ ശാശ്വത പരിഹാരമാണ് ആവശ്യമെന്ന് പാട്ടാളി മക്കള്‍ കക്ഷി നേതാവ് ഡോ. അന്‍പുമണി രാമദാസ് എം.പി കോയമ്പത്തൂരില്‍ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.