സുനന്ദ പുഷ്കറുടെ മരണം: തരൂരിനെ വീണ്ടും ചോദ്യം ചെയ്തേക്കും

ന്യൂഡല്‍ഹി: സുനന്ദ പുഷ്കറുടെ മരണവുമായി ബന്ധപ്പെട്ട അമേരിക്കയിലെ അന്വേഷണ ഏജന്‍സിയായ എഫ്.ബി.ഐയുടെ പരിശോധന റിപ്പോര്‍ട്ട് ലഭിച്ച സാഹചര്യത്തില്‍ പ്രത്യേക അന്വേഷണസംഘം ശശി തരൂര്‍ എം.പിയെ വീണ്ടും ചോദ്യം ചെയ്തേക്കും. ഡല്‍ഹി എ.ഐ.എം.എസിലെ ഫോറന്‍സിക് സയന്‍സ് വിഭാഗം തലവന്‍ സുധീര്‍ ഗുപ്ത അധ്യക്ഷനായ സമിതി പൊളോണിയം 210 എന്ന മാരകവിഷമേറ്റാണ് സുനന്ദ മരിച്ചതെന്ന് സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ഈ വിഷാംശത്തിന്‍െറ സാന്നിധ്യം ഉറപ്പാക്കാനുള്ള പരിശോധനക്കുള്ള സൗകര്യം ഇന്ത്യയിലെ ലാബുകളില്‍ ഇല്ലാത്ത സാഹചര്യത്തിലാണ് യു.എസിലെ എഫ്.ബി.ഐയുടെ ലാബില്‍ പരിശോധനക്ക് സാമ്പ്ളുകള്‍ അയച്ചത്. മരണം വിഷം ഉള്ളില്‍ച്ചെന്നാണെന്നും എന്നാല്‍, പൊളോണിയം പോലുള്ള മാരക അണുവികിരണ വിഷാംശം ഉള്ളില്‍ ചെന്നതുമൂലമല്ളെന്നുമാണ് എഫ്.ബി.ഐ റിപ്പോര്‍ട്ടു നല്‍കിയത്. എഫ്.ബി.ഐ റിപ്പോര്‍ട്ട് പ്രകാരം എയിംസ് തയാറാക്കി നല്‍കിയ റിപ്പോര്‍ട്ടില്‍ വിഷാംശം ഉള്ളില്‍ച്ചെന്നാണ് മരണമെന്ന് സ്ഥിരീകരിക്കുന്നതായി ഡല്‍ഹി പൊലീസ് കമീഷണര്‍ ബി.എസ്. ബസ്സി വിശദീകരിച്ചിരുന്നു. സംശയങ്ങളുടെ അടിസ്ഥാനത്തില്‍ തരൂരിനെയും സഹായികളെയും പൊലീസ് പലവട്ടം ചോദ്യം ചെയ്തിരുന്നു. 2014 ജനുവരിയിലാണ് ഡല്‍ഹിയിലെ ലീല പാലസ് ഹോട്ടലില്‍ സുനന്ദ പുഷ്കറെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.