ന്യൂഡല്‍ഹി: ഹൈദരാബാദ് സെന്‍ട്രല്‍ യൂനിവേഴ്സിറ്റി സസ്പെന്‍ഡ് ചെയ്ത ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്ത സംഭവത്തില്‍ രാജ്യതലസ്ഥാനത്തടക്കം വന്‍ പ്രതിഷേധം. ഡല്‍ഹിയില്‍ പ്രതിഷേധക്കാര്‍ക്കുനേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. പൊലീസ് നടത്തിയ പ്രകോപനപരമായ ഇടപെടലില്‍ പ്രധിഷേധക്കാരും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു. ബിര്‍സ അംബേദ്കര്‍ ഫുലേ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍െറ നേതൃത്വത്തിലാണ് ഡല്‍ഹിയില്‍ പ്രതിഷേധം അരങ്ങേറിയത്. സമാധാനപരമായിരുന്നു വിദ്യാര്‍ഥി പ്രതിഷേധം ആരംഭിച്ചത്. എന്നാല്‍ പൊലീസിന്‍െറ നടപടി പ്രകോപനമുണ്ടാക്കുകയായിരുന്നു. പെണ്‍കുട്ടികളെയടക്കം റോഡില്‍ വലിച്ചിഴച്ചു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
വിദ്യാര്‍ഥികള്‍ ഹൈദരാബാദിലും പ്രകടനം നടത്തി. ഹൈദരാബാദ് യൂനിവേഴ്സിറ്റി കാമ്പസില്‍ നാടകീയമായ രംഗങ്ങളാണ് തിങ്കളാഴ്ച അരങ്ങേറിയത്. ഇന്‍ക്വസ്റ്റ് തയാറാക്കാനായി വന്ന പൊലീസിനെ തടഞ്ഞ വിദ്യാര്‍ഥികള്‍ മൃതദേഹം ഹോസ്റ്റല്‍ മുറിയില്‍നിന്ന് പുറത്തെടുക്കാന്‍ അനുവദിക്കാതെ താഴിട്ട് പൂട്ടി. രോഹിതിന് നീതി ഉറപ്പാക്കിയ ശേഷമേ മൃതദേഹം കൊണ്ടുപോകാന്‍ അനുവദിക്കൂ എന്നായിരുന്നു വിദ്യാര്‍ഥികളുടെ വാദം. ഒടുവില്‍, ബലം പ്രയോഗിച്ച് ഹോസ്റ്റല്‍ മുറിയില്‍ കടന്നാണ് പൊലീസ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി കൊണ്ടുപോയത്. മരണവാര്‍ത്ത യൂനിവേഴ്സിറ്റി തങ്ങളെ അറിയിച്ചില്ലെന്ന് രോഹിതിന്‍െറ മാതാവ് പരാതിപ്പെട്ടു.
മുംബൈയിലും പ്രതിഷേധമുണ്ടായി. ടാറ്റാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യല്‍ സയന്‍സ് (ടിസ്) വിദ്യാര്‍ഥികളാണ് പഠിപ്പുമുടക്കി പ്രതിഷേധിച്ചത്. കോളജ് യൂനിയന്‍, പ്രോഗ്രസിവ് സ്റ്റുഡന്‍റ്സ് ഫോറം, അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷന്‍, റാഡിക്കല്‍ സ്റ്റഡി സര്‍ക്ള്‍ എന്നിവയുടെ നേതൃത്വത്തിലുള്ള സംയുക്ത സമരസമിതിയുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. സാഖിബ് ഖാന്‍, മലയാളിയായ സുനിജ, അരവിന്ദന്‍, ജ്യോത്സ്ന, യശ്വന്ത്, ദീപക് എന്നിവര്‍ നേതൃത്വം നല്‍കി. വിനീത് കോഹ്ലി, തേജല്‍ കനിദ്കര്‍, മുരളി കദം, പത്മ വിലാസ്കര്‍, ലീന എബ്രഹാം എന്നീ അധ്യാപകര്‍ സംസാരിച്ചു. ടിസ് കാമ്പസില്‍നിന്ന് ചെമ്പൂര്‍ അംബേദ്കര്‍ ഉദ്യാനം വരെ മാര്‍ച്ചും നടത്തി. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുന്നിലും കോട്ടയം എം.ജി സര്‍വകലാശാലയിലും കൊച്ചി, കോഴിക്കോട് നഗരങ്ങളിലും പ്രതിഷേധം നടന്നു.
രോഹിതിന്‍െറ മൃതദേഹം ആംബര്‍പേട്ട് എന്ന സ്ഥലത്താണ് സംസ്കരിച്ചത്. സ്വന്തം നാട്ടില്‍ സംസ്കരിക്കാന്‍ പൊലീസ് അനുവദിച്ചില്ല. പുറത്തുനിന്നുള്ള ആർക്കും മൃതദേഹം കാണാനും അനുവാദമുണ്ടായിരുന്നില്ല. ആന്തരിക പരിശോധനക്ക് ശേഷം മൃതദേഹം കാണിക്കുമെന്നായിരുന്നു പൊലീസ് അറിയിച്ചത്. എന്നാല്‍ മൃതദേഹം കിട്ടിയ ഉടനെ ദഹിപ്പിക്കുകയായിരുന്നു. പ്രതിഷേധം ഭയന്നാണ് പൊലീസ് ഇങ്ങനെ ചെയ്തതെന്ന് വിദ്യാര്‍ഥികള്‍ ആരോപിച്ചു.
അതേസമയം, ദേശീയ എസ്.സി കമീഷന്‍ ചെയര്‍മാന്‍ ഹൈദരാബാദ് യൂണിവേഴ്സിറ്റിയില്‍ സന്ദര്‍ശനം നടത്തി. ഇവിടെ അദ്ദേഹം തെളിവെടുപ്പ് നടത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ വനടപടിയെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.