രാഹുലിന് പിന്നാലെ കെജ് രിവാളും ഹൈദരാബാദ് യൂണിവേഴ്സിറ്റിയിലേക്ക്

ഹൈദരാബാദ്: ദലിത് ഗവേഷക വിദ്യാർഥി രോഹിത് വെമുല ആത്മഹത്യ ചെയ്തതിനെ തുടർന്ന് വൻ പ്രതിഷേധം നടക്കുന്ന ഹൈദരാബാദ് കേന്ദ്ര സർവകലാശാല സന്ദർശിക്കാൻ ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളും. യൂണിവേഴ്സിറ്റിയിൽ പ്രതിഷേധിക്കുന്ന വിദ്യാർഥികളെ സന്ദർശിക്കാനാണ് കെജ് രിവാൾ നാളെ എത്തുന്നത്. ഇന്നലെ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിയും ഹൈദരാബാദ് കേന്ദ്ര സർവകലാശാലയിൽ എത്തിയിരുന്നു. രോഹിത് വെമുലയുടെ അമ്മയോടും വിദ്യാർഥികളോടും രാഹുൽ സംസാരിച്ചിരുന്നു.

രാഷ്ട്രീയ കേന്ദ്രങ്ങളിൽ നിന്ന് മികച്ച പിന്തുണയാണ് വിദ്യാർഥികളുടെ പ്രതിഷേധങ്ങൾക്ക് ലഭിക്കുന്നത്. ഇതിൻെറ ഭാഗമായാണ് കെജ് രിവാൾ ഹൈദരാബാദിൽ എത്തുന്നത്. കേന്ദ്രമന്ത്രി ഭണ്ഡാരി ദത്താത്രേയയുടെ രാജി ആവശ്യപ്പെട്ടുകൊണ്ട് കഴിഞ്ഞദിവസം ന്യൂഡൽഹിയിലെ ജന്തർ മന്തറിൽ എ.എ.പിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടത്തിരുന്നു.

കഴിഞ്ഞദിവസമാണ് രണ്ടാം വർഷ ഗവേഷക വിദ്യാർഥിയായ രോഹിത് വെമുലയെ ഹോസ്റ്റൽ റൂമിൽ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. എ.ബി.വി.പിയുടെയും ബി.ജെ.പി.യുടെയും സമ്മർദ്ദത്തെ തുടർന്നായിരുന്നു രോഹിത് അടക്കം അഞ്ച് വിദ്യാർഥികളെ യൂണിവേഴ്സിറ്റിയിൽ നിന്ന് സസ്പൻഡ് ചെയ്തത്.

ഇതിനെ തുടർന്ന് വൻ പ്രതിഷേധമാണ് രാജ്യമൊട്ടുക്കും ഉണ്ടായത്. ഡൽഹി, മുംബൈ, ചെന്നെ, പൂണെ, ഹൈദരാബാദ്, കോഴിക്കോട്, തിരുവനന്തപുരം തുടങ്ങിയ സ്ഥലങ്ങളിൽ വിദ്യാർഥികളും ആക്ടിവിസ്റ്റുകളും പ്രതിഷേധങ്ങളിൽ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.