രോഹിതിന്‍െറ ആത്മഹത്യ ദലിത് വിഷയമല്ല –കേന്ദ്രം

ന്യൂഡല്‍ഹി: ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷണ വിദ്യാര്‍ഥി രോഹിത് ആത്മഹത്യ ചെയ്തതും ബന്ധപ്പെട്ട സംഭവങ്ങളും ദലിത്-ദലിത് ഇതര പോരുമൂലമല്ളെന്ന് കേന്ദ്രസര്‍ക്കാര്‍ വിശദീകരണം. സാമൂഹികനീതി-ശാക്തീകരണ മന്ത്രി തവര്‍ചന്ദ് ഗെഹ്ലോട്ട്, വാണിജ്യമന്ത്രി നിര്‍മല സീതാരാമന്‍ എന്നിവരെക്കൂടി പങ്കെടുപ്പിച്ച്  മാനവശേഷി വികസന മന്ത്രി സ്മൃതി ഇറാനി നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് വിശദീകരണം.
അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷനിലെ ചില വിദ്യാര്‍ഥികള്‍ ആഗസ്റ്റില്‍ മറ്റൊരു വിദ്യാര്‍ഥിയെ ആക്രമിച്ചതാണ് സംഭവങ്ങളുടെ തുടക്കമെന്ന് സ്മൃതി ഇറാനി പറഞ്ഞു. പരിക്കേറ്റത് ഒ.ബി.സിക്കാരനാണ്. രോഹിത് ഉള്‍പ്പെട്ട വിഷയം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കിയ സമിതി, നടപടി ശിപാര്‍ശ ചെയ്ത സമിതി തുടങ്ങി തീരുമാനമെടുത്ത സമിതികളിലെല്ലാം ദലിതരുണ്ട്. ഹോസ്റ്റലിന്‍െറ വാര്‍ഡന്‍ ദലിതനാണ്. വിവാദത്തില്‍ പെട്ട മന്ത്രി ബന്ദാരു ദത്താത്രേയ, യാദവ വിഭാഗക്കാരനാണ്. ഇതെല്ലാം കണക്കിലെടുത്താല്‍ സംഭവം ദലിത്-ദലിത് ഇതര വിഷയമല്ല. ജാതി വിശദീകരിച്ച് ഒരു വിദ്യാഭ്യാസ മന്ത്രിക്ക് വാര്‍ത്താസമ്മേളനം നടത്തേണ്ടിവരുന്നത് ഖേദകരമാണ്; ആദ്യവുമാണ് -അവര്‍ പറഞ്ഞു.

ദേശവിരുദ്ധ ശക്തികളുടെ കേന്ദ്രമായി സര്‍വകലാശാല മാറിയെന്ന് കുറ്റപ്പെടുത്തി മന്ത്രി ബന്ദാരു ദത്താത്രേയ നല്‍കിയ കത്തില്‍ വിശദീകരണം തേടി മാനവശേഷി വികസന മന്ത്രാലയം അഞ്ചുവട്ടം സര്‍വകലാശാലക്ക് എഴുതിയതില്‍ അപാകതയില്ല. എം.പിമാരുടെയും മറ്റും കത്തു കിട്ടിയാല്‍ നിശ്ചിത ദിവസത്തിനകം മറുപടി നല്‍കണമെന്ന വ്യവസ്ഥ പാലിക്കാനാണ് ഇങ്ങനെ ചെയ്തത്. കോണ്‍ഗ്രസ് എം.പിയായിരുന്ന ഹനുമന്തറാവും സര്‍വകലാശാലയിലെ പ്രശ്നങ്ങള്‍ ഉന്നയിച്ച് കത്തെഴുതിയിട്ടുണ്ട്. അതിന് ആറുവട്ടമാണ് വിശദീകരണം തേടിയത്.

രോഹിത് അടക്കമുള്ള വിദ്യാര്‍ഥികള്‍ ഹൈകോടതിയെ സമീപിച്ചെങ്കിലും ശിക്ഷാനടപടി റദ്ദാക്കാന്‍ തയാറായില്ല. ഹൈകോടതിയുടെ മുമ്പാകെയുള്ള വിഷയമാണിത്. വിധി വരുന്നതുവരെ കാത്തിരിക്കണം. രോഹിതിനെയും മറ്റും സസ്പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ച എക്സിക്യൂട്ടിവ് കൗണ്‍സില്‍ മുന്‍ സര്‍ക്കാറിന്‍െറ കാലത്ത് ഉണ്ടാക്കിയതാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ആത്മഹത്യാ കുറിപ്പില്‍ ഏതെങ്കിലും വ്യക്തിയെയോ സംഘടനയെയോ എം.പിയെയോ കുറ്റപ്പെടുത്തുന്നില്ല. അംബേദ്കര്‍ സ്റ്റുഡന്‍റ്സ് അസോസിയേഷനിലെ ചില പ്രശ്നങ്ങളെക്കുറിച്ച് സൂചിപ്പിക്കുന്നുമുണ്ട്.

‘ഞാന്‍ ഒരമ്മയാണ്. ഒരു കുട്ടി ആത്മഹത്യ ചെയ്തതില്‍ ഖേദമുണ്ട്. എന്നാല്‍, രാഷ്ട്രീയ ലാക്കോടെ വസ്തുതകള്‍ വളച്ചൊടിക്കപ്പെടുകയാണ്. വൈകാരികത വളര്‍ത്തരുത്’ -സ്മൃതി ഇറാനി പറഞ്ഞു. രാഷ്ട്രീയക്കാര്‍ മാത്രമല്ല, മാതാപിതാക്കളും വിദ്യാര്‍ഥികളും പ്രതിഷേധിക്കുന്നത് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മന്ത്രി ഒഴിഞ്ഞുമാറി. ബി.ജെ.പി എം.പിമാരും സഖ്യകക്ഷിയായ എല്‍.ജെ.പിയും പ്രധാനമന്ത്രിയുടെ ഇടപെടല്‍ ആവശ്യപ്പെടുന്നതിനെക്കുറിച്ച ചോദ്യത്തോടും മന്ത്രി പ്രതികരിച്ചില്ല. വാര്‍ത്താസമ്മേളനം നടത്തുന്നതിനുമുമ്പ് കേന്ദ്രമന്ത്രിമാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി സംസാരിച്ചിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.