സംസ്കാരം രഹസ്യമാക്കി പൊലീസ്; വ്യാജ പ്രചാരണവുമായി സംഘ്പരിവാര്‍

ഹൈദരാബാദ്: രോഹിത് വെമുലയുടെ സംസ്കാരം രഹസ്യമായി നടത്തിയ പൊലീസ് നടപടി വിവാദമാകുന്നു. മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കാനോ ജന്മനാട്ടിലേക്ക് കൊണ്ടുപോകാനോ പൊലീസ് അനുവദിച്ചിരുന്നില്ല. അടുത്ത ബന്ധുക്കള്‍ക്ക് മാത്രം മൃതദേഹം കാണിച്ചശേഷം സമീപപ്രദേശമായ അമ്പര്‍പേട്ടിലാണ് സംസ്കരിച്ചത്. നേരത്തെ മൃതദേഹം വി.സി വരുന്നതുവരെ പൊലീസിന് വിട്ടുനല്‍കില്ളെന്ന് പ്രഖ്യാപിച്ച് ഹൈദരാബാദ് യൂനിവേഴ്സിറ്റി കാമ്പസില്‍ വിദ്യാര്‍ഥികള്‍ തടഞ്ഞുവെച്ചിരുന്നു. പൊലീസ് ഇടപെട്ട് ലാത്തിച്ചാര്‍ജ് നടത്തിയാണ് പിന്നീട് മൃതദേഹം കൊണ്ടുപോയത്. മൃതദേഹം പ്രത്യേക സ്ഥലത്ത് സംസ്കരിക്കുമെന്ന് തുടക്കത്തില്‍ അറിയിച്ച പൊലീസ് പിന്നീട് രഹസ്യമായി അമ്പര്‍പേട്ടിലേക്ക് ചടങ്ങുകള്‍ മാറ്റുകയായിരുന്നു. രോഹിതിന്‍െറ സുഹൃത്ത് ഫേസ്ബുക്കില്‍ സംസ്കാരം നടന്നതായി പോസ്റ്റിട്ടപ്പോഴാണ് യൂനിവേഴ്സിറ്റി വിദ്യാര്‍ഥികളടക്കം വിവരമറിയുന്നത്. സംസ്കാര ചടങ്ങുകള്‍ മറ്റൊരു പ്രതിഷേധ വേദിയാകുന്നത് തടയാനാണ് പൊലീസ് നടപടിയെന്നാണ് കരുതുന്നത്.
അതിനിടെ, രോഹിതിന്‍െറ മരണം രാജ്യത്താകമാനം വലിയ പ്രതിഷേധങ്ങള്‍ക്ക് കാരണമായിരിക്കെ വ്യാജപ്രചാരണങ്ങളുമായി സംഘ്പരിവാര്‍ ശക്തികള്‍ രംഗത്ത് വന്നിട്ടുണ്ട്. രോഹിത് ശരിയായ ദലിതനല്ളെന്നാണ് പ്രധാന പ്രചാരണം. രോഹിതിന്‍െറ ജാതി സംബന്ധിച്ച സംശയം ചില പൊലീസ് വൃത്തങ്ങളും ഉന്നയിക്കുന്നുണ്ട്. കേസില്‍പെട്ട ഉന്നതരെ രക്ഷിക്കാനാണ് പട്ടികജാതിക്കാരനല്ളെന്ന് തെളിയിക്കാന്‍ പൊലീസ് ശ്രമിക്കുന്നതെന്ന് ആരോപണമുയര്‍ന്നിട്ടുണ്ട്. എന്നാല്‍, ഈ പ്രചാരണത്തെ തള്ളിക്കളയുന്ന തെളിവുകളുമായി മാധ്യമങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്. പ്രമുഖ മാധ്യമങ്ങള്‍ രോഹിതിന്‍െറ ജാതി സര്‍ട്ടിഫിക്കറ്റിന്‍െറ കോപ്പികള്‍ വെബ്സൈറ്റുകളില്‍ പ്രസിദ്ധീകരിച്ചു. രോഹിത് തീവ്രവാദികളോട് അനുഭാവമുള്ളയാളാണെന്നാണ് മറ്റൊരു പ്രചാരണം. യാക്കൂബ് മേമന്‍ സംഭവത്തില്‍ യൂനിവേഴ്സിറ്റിയില്‍ നടന്ന പ്രതിഷേധത്തില്‍ പങ്കെടുത്തതിനെയാണ് ഇതിന് തെളിവായി ഉന്നയിക്കുന്നത്. ഫേസ്ബുക്കിലും ട്വിറ്ററിലും ഇത്തരം പ്രചാരണങ്ങള്‍ക്ക് പിന്നില്‍ ബി.ജെ.പിയുടെ ‘ഓണ്‍ലൈന്‍ സേന’യും തെലങ്കാന ബി.ജെ.പി ഘടകവുമാണ് പ്രവര്‍ത്തിക്കുന്നത്. രോഹിതിന്‍െറ ഫേസ്ബുക് പോസ്റ്റുകള്‍ ‘ദേശദ്രോഹത്തിനുള്ള’ തെളിവുകളായി ഉദ്ധരിക്കുന്നുമുണ്ട്. ഇത്തരം പ്രചാരണങ്ങളിലൂടെ പ്രതിഷേധത്തെ വഴിതിരിച്ചുവിടാനാണ് ബി.ജെ.പി ശ്രമിക്കുന്നതെങ്കിലും പ്രക്ഷോഭം ഹൈദരാബാദ് യൂനിവേഴ്സിറ്റിയിലടക്കം ശക്തിപ്പെടുകയാണ്. അതേസമയം, രോഹിത് സംഭവത്തിന്‍െറ പശ്ചാത്തലത്തില്‍ രാജ്യത്തെ കാമ്പസുകളില്‍ ദലിത്, ന്യൂനപക്ഷ കൂട്ടായ്മകള്‍ കൂടുതല്‍ സജീവമായിട്ടുണ്ട്. ഫാഷിസ്റ്റ് ഭീഷണിയെ പ്രതിരോധിക്കാന്‍ ഇടതുപക്ഷത്തിനപ്പുറം കീഴാളകൂട്ടായ്മകള്‍ ശക്തിപ്പെടേണ്ടതുണ്ടെന്ന ചര്‍ച്ചകള്‍ സാമൂഹിക മാധ്യമങ്ങളില്‍ സജീവമാണ്.


രാജിക്കില്ല, രോഹിതിന്‍െറ സസ്പെന്‍ഷന്‍ ന്യായീകരിച്ച് വി.സി
ഹൈദരാബാദ്: ദലിത് ഗവേഷക വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യചെയ്ത സംഭവവുമായി ബന്ധപ്പെട്ട് രാജിവെക്കില്ളെന്ന് ഹൈദരാബാദ് കേന്ദ്രസര്‍വകലാശാല വൈസ് ചാന്‍സലര്‍ പി. അപ്പ റാവു. വിദ്യാര്‍ഥികളുമായി സംസാരിച്ച് അവരെ സാന്ത്വനിപ്പിക്കാന്‍ ശ്രമിക്കും.
കോപാകുലരായ വിദ്യാര്‍ഥി കള്‍ സര്‍വകലാശാലയില്‍ തന്‍െറ പങ്കെന്താണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത അവസ്ഥയിലാണ്. വിലപ്പെട്ട ജീവിതമാണ് നഷ്ടപ്പെട്ടത്. അതുകൊണ്ടുതന്നെ വിദ്യാര്‍ഥികള്‍ക്ക് പ്രകോപിതരാകാന്‍ അവകാശമുണ്ടെന്നും റാവു പറഞ്ഞു. അതേസമയം, രോഹിതിന്‍െറ സസ്പെന്‍ഷനെ അദ്ദേഹം ന്യായീകരിച്ചു. വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള തീരുമാനം തന്‍േറതു മാത്രമല്ല, കൂട്ടായി എടുത്തതാണ്. ആരും നിയമത്തിന് അതീതരല്ല. വിഷയം രാഷ്ട്രീയവത്കരിക്കാനാണ് ശ്രമമെന്ന് വിമര്‍ശിച്ച വി.സി താന്‍ ബി.ജെ.പിക്കാരനല്ളെന്നും കൂട്ടിച്ചേര്‍ത്തു. താന്‍ അങ്ങേയറ്റം അസ്വസ്ഥനും നിരാശനുമാണ്. പല രാഷ്ട്രീയക്കാരും കാമ്പസിലത്തെി സാഹചര്യം വഷളാക്കുകയാണ്. രോഹിതുള്‍പ്പെടെ വിദ്യാര്‍ഥികളുടെ സസ്പെന്‍ഷന് മന്ത്രിമാരില്‍നിന്നും ഫോണ്‍ വിളിയോ മറ്റേതെങ്കിലും തരത്തിലുള്ള സമ്മര്‍ദമോ ഉണ്ടായിട്ടില്ല. അതാണ് മരണകാരണമെന്ന് ആത്മഹത്യാകുറിപ്പില്‍ സൂചനകളില്ളെന്നും അദ്ദേഹം പറഞ്ഞു.
വി.സിയുടെയും കേന്ദ്ര സഹമന്ത്രി ബന്ദാരു ദത്താത്രേയയുടെയും രാജി ആവശ്യപ്പെട്ട് ഹൈദരാബാദ് സര്‍വകലാശാല വിദ്യാര്‍ഥികള്‍ സമരം തുടരുന്ന സാഹചര്യത്തിലാണ് വി.സിയുടെ പ്രതികരണം. കേന്ദ്ര സഹമന്ത്രി ബന്ദാരു ദത്താത്രേയയുടെ പരാതിയില്‍ വിദ്യാര്‍ഥികളെ സസ്പെന്‍ഡ് ചെയ്യാനുള്ള മന്ത്രാലയനീക്കത്തിന് വി.സി ഒത്താശ ചെയ്തതായാണ് വിദ്യാര്‍ഥികളുടെ ആരോപണം. ഈ ആരോപണം നിഷേധിച്ച വി.സി, തന്‍െറ വിദ്യാര്‍ഥികള്‍ ദേശവിരുദ്ധരല്ളെന്ന് വ്യക്തമാക്കി. സര്‍വകലാശാലയില്‍ നടന്ന സംഭവങ്ങളുമായി ബന്ധപ്പെട്ട കത്തുകള്‍ താന്‍ അവഗണിക്കുകയാണ് ചെയ്തത്. മന്ത്രാലയത്തില്‍നിന്ന് തനിക്ക് വിളികളൊന്നും വന്നിട്ടില്ല. സ്ഥിതി ശാന്തമായാല്‍ രോഹിതിന്‍െറ കുടുംബത്തെ കാണും, അത് തന്‍െറ ഉത്തരവാദിത്തം കൂടിയാണ്. ഡീന്‍, രജിസ്ട്രാര്‍, മറ്റ് സര്‍വകലാശാല ജീവനക്കാര്‍ എന്നിവര്‍ക്ക് രോഹിതിന്‍െറ കുടുംബത്തെ കാണാന്‍ അനുവാദം കിട്ടിയില്ളെന്നും വി.സി ചൂണ്ടിക്കാട്ടി.
സര്‍വകലാശാലയില്‍നിന്ന് ആരെയും കാണേണ്ട എന്ന നിലപാടിലാണ് രോഹിതിന്‍െറ കുടുംബം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.