എ.ബി.വി.പി നേതാവിനെ രോഹിത് മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് പൊലീസ്

ഹൈദരാബാദ്: എ.ബി.വി.പി നേതാവ് സുശീല്‍ കുമാറിനെ രോഹിതും സംഘവും മുറിയില്‍ കയറി മര്‍ദിച്ചെന്ന ആരോപണം തെറ്റെന്ന് സൈബരാബാദ് പൊലീസ് കമീഷണര്‍ സി.വി. ആനന്ദ്. ഇതുസംബന്ധിച്ച് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ ഒക്ടോബര്‍ മൂന്നിന് ഹൈകോടതിയില്‍ നല്‍കിയ എതിര്‍സത്യവാങ്മൂലത്തില്‍ കമീഷണര്‍ ഇക്കാര്യം വ്യക്തമാക്കുന്നു. രോഹിതും സംഘവും മുറിയില്‍ കയറി ആക്രമിച്ചെന്നും സര്‍ജറിക്ക് വരെ വിധേയനായെന്നും കാണിച്ച് സുശീല്‍ കുമാര്‍ പൊലീസ് സ്റ്റേഷനിലും അമ്മ നന്ദന ഹൈകോടതിയിലും പരാതി നല്‍കിയിരുന്നു. ഇതില്‍കൂടി നടപടി ആവശ്യപ്പെട്ടാണ് പ്രാദേശിക ബി.ജെ.പി നേതാക്കള്‍ മുതല്‍ കേന്ദ്രമന്ത്രിമാര്‍ വരെ പ്രശ്നത്തില്‍ ഇടപെട്ടതും അഞ്ച് ദലിത് വിദ്യാര്‍ഥികളുടെ സസ്പെന്‍ഷനിലേക്ക് നീണ്ടതും.
സുശീല്‍ കുമാറിന് നിസ്സാര പരിക്കേ ഉണ്ടായിരുന്നുള്ളൂ എന്ന് ചികിത്സ നടത്തിയ അര്‍ച്ചന ആശുപത്രി മെഡിക്കല്‍ ഓഫിസറുടെ റിപ്പോര്‍ട്ടിലുണ്ട്. അപ്പെന്‍ഡിസൈറ്റിസിനാണ് സുശീല്‍ കുമാറിന് സര്‍ജറി നടത്തിയത്. രോഹിതും സംഘവും മുറിയില്‍ എത്തിയത് സുശീല്‍ കുമാറിന്‍െറ ഫേസ്ബുക് പരാമര്‍ശം ചോദ്യം ചെയ്യാനാണ്. ഇതില്‍ സുശീല്‍ കുമാര്‍ മാപ്പെഴുതി നല്‍കിയതിന്‍െറ പകര്‍പ്പുണ്ട്. യൂനിവേഴ്സിറ്റി സെക്യൂരിറ്റി ഓഫിസര്‍ ഇതിന് സാക്ഷിയാണെന്നും പൊലീസ് എതിര്‍സത്യവാങ്മൂലത്തില്‍ പറയുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.