ആദ്യ കഥക്ക് ഇന്ത്യക്കാരന് കോമണ്‍വെല്‍ത്ത് ചെറുകഥാ പുരസ്കാരം

സിംഗപ്പൂര്‍ സിറ്റി: കോമണ്‍വെല്‍ത്ത് പുരസ്കാരം ഇന്ത്യക്കാരനായ പരാശര്‍ കുല്‍ക്കര്‍ണിക്ക്. ഇതാദ്യമായാണ് ഒരു ഇന്ത്യക്കാരന് ഈ അവാര്‍ഡ് ലഭിക്കുന്നത്. ‘കൗ ആന്‍ഡ് കമ്പനി’ എന്ന കഥക്കാണ് പുരസ്കാരം. 4000ത്തോളം എന്‍ട്രികളില്‍ നിന്നാണ് കുല്‍ക്കര്‍ണിയുടെ കന്നിക്കഥ തെരഞ്ഞെടുക്കപ്പെട്ടത്. മാന്‍ ബുക്കര്‍ പ്രൈസ് അവാര്‍ഡ് ജേതാവ് മാര്‍ലണ്‍ ജെയിംസ് ആയിരുന്നു ജൂറി. ജമൈക്കയില്‍ നടന്ന കലാബാഷ് സാഹിത്യോത്സവത്തില്‍ മാര്‍ലണ്‍ ജെയിംസില്‍നിന്നും പുരസ്കാര തുകയായ 5000 പൗണ്ട് (അഞ്ചുലക്ഷം രൂപ) ഏറ്റുവാങ്ങി.
ച്യുയിങ്ഗം പരസ്യത്തിന്‍െറ ചിത്രീകരണത്തിനായി നാലാളുകള്‍ ഒരു പശുവിനെ തേടി പോകുന്ന കഥയാണ് ‘കൗ ആന്‍ഡ് കമ്പനി’ പറയുന്നത്. ’90കളിലെ ഇന്ത്യയുടെ പശ്ചാത്തലത്തിലുള്ള കഥ നര്‍മത്തില്‍ ചാലിച്ച ഭാഷയിലാണ് എഴുതിയിരിക്കുന്നത്. സിംഗപ്പൂരിലെ യേല്‍-എന്‍.യു.എസ് കോളജില്‍ സാമൂഹിക ശാസ്ത്രം വിഭാഗത്തില്‍ അസിസ്റ്റന്‍റ് പ്രഫസറാണ് പരാശര്‍ കുല്‍ക്കര്‍ണി. 2015ല്‍ പ്രസിദ്ധീകരിച്ച പരാശരുടെ ഗവേഷണ പ്രബന്ധത്തിന് ബ്രിട്ടീഷ് അക്കാദമിയുടെ ബ്രയാന്‍ ബാരി പുരസ്കാരം ലഭിച്ചിട്ടുണ്ട്. കൊളോണിയല്‍ ഇന്ത്യയിലെ മതം, സ്വത്തവകാശം, സ്ത്രീകള്‍ക്കെതിരായ അതിക്രമം എന്ന വിഷയത്തിലായിരുന്നു പ്രബന്ധം.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.