മുംബൈ: കന്നുകാലികളിലെ മാരക മരുന്നുപയോഗം കഴുക വംശത്തിന് ഇന്ത്യയില്‍ അന്ത്യം കുറിച്ചെങ്കില്‍ നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ഒരു സംസ്കാരത്തിനും അത് വെല്ലുവിളി ഉയര്‍ത്തുന്നു എന്നതാണ് കൗതുകതരം. കഴുകന്‍മാര്‍ക്ക് വംശനാശം സംഭവിച്ചതോടെ പരമ്പരാഗത രീതി വിട്ട് ആധുനിക ശവസംസകാരം സ്വീകരിക്കാന്‍ ഇന്ത്യയിലെ പാര്‍സി സമൂഹം നിര്‍ബ്ബന്ധിതമായിരിക്കുന്നു. മൃതദേഹം കഴുകന്‍മാര്‍ക്ക് ഭക്ഷിക്കാന്‍ വിട്ടുകൊടുക്കുന്നതാണ് സൗരാഷ്ട്ര മതത്തില്‍ വിശ്വസിക്കുന്ന പാര്‍സികളുടെ ശവസംസ്കാര രീതി. എന്നാല്‍, ശവശരീരം മണിക്കൂറുകള്‍ക്കകം തിന്നു തീര്‍ക്കുന്ന കഴുകന്‍മാര്‍ ഇന്ത്യന്‍ മാനത്തുനിന്ന് ഏറെക്കുറെ അപ്രത്യക്ഷമായതിനാല്‍ പരമ്പരാഗത ശവസംസ്കാര രീതി പാര്‍സികള്‍ കൈവെടിഞ്ഞ മട്ടാണ്.
ഏകദേശം ആയിരം വര്‍ഷം മുമ്പാണ് ഇന്നത്തെ ഇറാനില്‍ നിന്ന് പാര്‍സികള്‍ ഇന്ത്യയിലത്തെുന്നത്. അഗ്നിയാരാധകരായ പാര്‍സികള്‍ക്ക് അന്നത്തെ പേര്‍ഷ്യയിലെ മുസ്ലിംകളില്‍ നിന്ന് ഭീഷണി നേരിട്ടപ്പോഴാണ് ഇന്ത്യയിലേക്ക് ചേക്കേറിയത്. ഗുജ്റാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളില്‍ കുടിയേറിയ ഈ സമൂഹം ഇന്ത്യയിലെ സമ്പന്ന സമൂഹങ്ങളിലൊന്നായി വളര്‍ന്നു. പ്രമുഖ വ്യവസായികളായ റ്റാറ്റ കുടുംബം പാര്‍സികളാണ്.
നൂറ്റാണ്ടുകളോളം പരമ്പരാഗത സംസ്കാര രീതി തന്നെയാണ് ഇന്ത്യയിലെ പാര്‍സി സമൂഹം പിന്തുടര്‍ന്നു പോന്നത്. മുംബൈയിലെ പുരാതനമായ ടവേഴ്സ് ഓഫ് സൈലന്‍സ് എന്ന ശവസംസ്കാര കെട്ടിടത്തിലാണ് ഇവര്‍ മൃതദേഹം സംസ്കരിച്ചിരുന്നത്. പുരോഹിതന്‍െറ നേതൃത്വത്തിലുള്ള അന്ത്യ കര്‍മങ്ങള്‍ക്കു ശേഷം മൃതശരീരം ടവേഴ്സ് ഓഫ് സൈലന്‍സില്‍ കഴുകന്‍മാര്‍ക്ക് ഭക്ഷണമായി വെക്കും. മൃതദേഹത്തിലെ മാംസ ഭാഗമാണ് കഴുകന്‍മാര്‍ ഭക്ഷിക്കുക. ബാക്കിയാവുന്ന എല്ല് അവിടെ തന്നെയുള്ള കിണറില്‍ നിക്ഷേപിക്കുന്നതാണ് ഇവരുടെ രീതി.
കേട്ടാല്‍ പ്രാകൃതമെന്ന് തോന്നുന്ന ഈ രീതിക്ക് അവരുടേതായ ന്യായീകരണമുണ്ട്്. മൃതദേഹം ദഹിപ്പിച്ചാല്‍ വായു മലിനീകരണവും കുഴിച്ചിട്ടാല്‍ മണ്ണ് അശുദ്ധമാകുമെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പാര്‍സികള്‍ ജീവിക്കുന്ന മുംബൈയിലെ പാര്‍സി പുരോഹിതനായ ഖൊജസ്ത്രെ മിസ്ത്രി പറഞ്ഞു. മുംബൈയില്‍ മാത്രം 45000 പാര്‍സികളുണ്ട്. ഇപ്പോഴും ഭൂരിഭാഗം വിശ്വാസികളും പരമ്പരാഗത രീരിതാണ് ഇഷ്ടപ്പെടുന്നതെന്നും മിസ്ത്രി എ.എഫ്.പി ലേഖകന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി. എന്നാല്‍ 15 ശതമാനം ശവസംസ്കാരവും പുതിയ രീതിയിലാണെന്ന് പാര്‍സിയാന എന്ന പ്രസിദ്ധീകരണത്തിന്‍െറ പത്രാധിപര്‍ ജഹാംഗീര്‍ പട്ടേല്‍ പറഞ്ഞു.
കന്നുകാലികള്‍ക്ക് നല്‍കുന്ന ഡൈക്ളോഫിനാക് എന്ന മരുന്നിന്‍െറ അംശമാണ് കഴുകന്‍മാരുടെ വംശനാശത്തിന് ആക്കംകൂട്ടിയതെന്നാണ് റിപോര്‍ട്. കന്നുകാലികളുടെ ജഡം ഭക്ഷിക്കുന്ന കഴുകന്‍മാരുടെ വൃക്കകള്‍ താമസിയാതെ തകരുകയും അന്ത്യം സംഭവിക്കുകയും ചെയ്യുന്നു. ഏതായാലും കഴുകന്‍മാര്‍ക്ക് വംശനാശം വന്നതോടെ ഒരു സംസ്കൃതിയുടെ പാരമ്പര്യത്തിനും അത് നാശം വരുത്തിയെന്നതാണ് ശ്രദ്ധേയം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.