ഫാക്ടും എയര്‍ ഇന്ത്യയും സ്വകാര്യമേഖലക്ക് നല്‍കാന്‍ ശിപാര്‍ശ

ന്യൂഡല്‍ഹി: ഫാക്ട് ഉള്‍പ്പെടെ 22 പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യമേഖലക്ക് കൈമാറാന്‍ നിതി ആയോഗ് ശിപാര്‍ശ. എയര്‍ ഇന്ത്യയുടെ ഓഹരികള്‍ വിറ്റഴിക്കാനും നഷ്ടത്തിലുള്ള 26 സ്ഥാപനങ്ങള്‍ ഉടനടി അടച്ചുപൂട്ടാനും ശിപാര്‍ശയുണ്ട്. ആസൂത്രണ കമീഷന്‍ പിരിച്ചുവിട്ട് മോദി സര്‍ക്കാര്‍ രൂപവത്കരിച്ച ആയോഗിന്‍െറ വൈസ് ചെയര്‍മാന്‍ അരവിന്ദ് പനഗരിയയുടെ അധ്യക്ഷതയിലെ  സമിതി പ്രധാനമന്ത്രിയുടെ ഓഫിസിനു സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് നിര്‍ദേശങ്ങളുള്ളത്. ആദായകരമല്ലാത്ത 74 സ്ഥാപനങ്ങളുടെ ഭാവി സംബന്ധിച്ചാണ് സമിതി വിശകലനം നടത്തിയത്.

ഈ സാമ്പത്തിക വര്‍ഷം സര്‍ക്കാര്‍ പങ്കാളിത്തം കുറച്ച് 36,000 കോടിയും ഓഹരി വില്‍പനയിലൂടെ 20,500 കോടിയും ചേര്‍ത്ത് 56,500 കോടി രൂപ സമാഹരിക്കാനാകുമെന്നാണ് കണക്കുകൂട്ടല്‍.  ഫാക്ടിന്‍െറ 51 ശതമാനം ഓഹരികള്‍ തന്ത്രപരമായി വിറ്റഴിക്കാനാണ് നിര്‍ദേശിച്ചിരുന്നത്. ഫാക്ടിനും എയര്‍ ഇന്ത്യക്കും പുറമെ മദ്രാസ് ഫെര്‍ട്ടിലൈസേഴ്സ്, ചെന്നൈ പെട്രോളിയം എന്നിവയുടെ ഓഹരി വില്‍പനയിലൂടെ വിഭവ സമാഹരണം നടത്തി പ്രവര്‍ത്തനം മെച്ചപ്പെടുത്തണം.

പൊതുമേഖലാ സ്ഥാപനങ്ങളുടെ ഭൂമിയും നഷ്ടത്തിലുള്ള 16 ഐ.ടി.ഡി.സി ഹോട്ടലുകളും ദീര്‍ഘകാല പാട്ടത്തിനു നല്‍കണം. അമ്പതു വര്‍ഷത്തേക്ക് പാട്ടത്തിനു നല്‍കുകയോ അടച്ചുപൂട്ടുകയോ വേണമെന്നാണ് സമിതിയുടെ ശിപാര്‍ശ. സിമന്‍റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യ, സെന്‍ട്രല്‍ ഇലക്ട്രോണിക്സ്, രാജസ്ഥാന്‍ ഡ്രഗ്സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സ്, ഭാരത് ഹെവി എന്‍ജിനീയറിങ് കോര്‍പറേഷന്‍, ഇന്‍സ്ട്രുമെന്‍േറഷന്‍ ലിമിറ്റഡ് എന്നിവയും വില്‍പനക്കു വെക്കേണ്ട സ്ഥാപനങ്ങളുടെ പട്ടികയിലുണ്ട്.

ഭാരത് വാഗണ്‍സ് ആന്‍ഡ് എന്‍ജിനീയറിങ്, തുംഗഭദ്ര സ്റ്റീല്‍സ്, ബേണ്‍ സ്റ്റാന്‍ഡേര്‍ഡ് തുടങ്ങിയ സ്ഥാപനങ്ങള്‍ പൂട്ടണമെന്നാണ് നിര്‍ദേശം. വാജ്പേയിയുടെ നേതൃത്വത്തിലെ എന്‍.ഡി.എ സര്‍ക്കാറിന്‍െറ കാലത്തും  ലാഭത്തില്‍ പ്രവര്‍ത്തിച്ചിരുന്ന മോഡേണ്‍ ബ്രഡ്സ് ഉള്‍പ്പെടെ ഒട്ടേറെ പൊതുമേഖലാ സ്ഥാപനങ്ങള്‍ സ്വകാര്യമേഖലക്ക് കൈമാറിയിരുന്നു. ഹോട്ടലുകള്‍ വിറ്റഴിക്കാനും ശ്രമം നടത്തിയിരുന്നു. ആയോഗ് നിലവില്‍ സമര്‍പ്പിച്ച പട്ടികയില്‍ പറയുന്ന മിക്ക കമ്പനികളും സ്വകാര്യവത്കരിക്കാന്‍ മോദി സര്‍ക്കാര്‍ അധികാരത്തിലത്തെിയതിനു പിന്നാലെ തന്നെ ശ്രമം ആരംഭിച്ചിരുന്നു.

ഹഡ്കോയുടെ ഓഹരി വില്‍ക്കുന്നു

കേന്ദ്രസര്‍ക്കാറില്‍ മുഴുവന്‍ ഓഹരികളും നിക്ഷിപ്തമായ ഹഡ്കോയുടെ (പാര്‍പ്പിട, നഗര വികസന കോര്‍പറേഷന്‍) 10 ശതമാനം ഓഹരികള്‍ വിറ്റഴിക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കേന്ദ്ര ആരോഗ്യ സേവന വിഭാഗത്തിലെ നോണ്‍ ടീച്ചിങ്, പബ്ളിക് ഹെല്‍ത്ത് സ്പെഷലിസ്റ്റുകളുടെ സൂപ്പര്‍ അന്വേഷന്‍ പ്രായം 62ല്‍ നിന്ന് 65 ആയി ഉയര്‍ത്തി. ജനറല്‍ ഡ്യൂട്ടി മെഡിക്കല്‍ ഓഫിസര്‍മാരായ ഡോക്ടര്‍മാരുടെ സൂപ്പര്‍ അന്വേഷന്‍ പ്രായവും 65 ആക്കി. തൊഴില്‍രംഗത്തെ സഹകരണത്തിന് ഇന്ത്യയും സൗദി അറേബ്യയുമായുള്ള കരാറിന് മന്ത്രിസഭായോഗം മുന്‍കാല പ്രാബല്യത്തോടെ അംഗീകാരം നല്‍കി.

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.