ഗുല്‍ബര്‍ഗ് കൂട്ടക്കൊല: 11 പേർക്ക് ജീവപര്യന്തം; 12 പേർക്ക് ഏഴും ഒരാൾക്ക് 10 വർഷവും തടവ്

അഹ്മദാബാദ്: ഗുജറാത്ത് വംശഹത്യക്കിടെ നടന്ന ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസിൽ 11 പേർക്ക് ജീവപര്യന്തം തടവും 12 പേർക്ക് ഏഴുവർഷം ഒരാൾക്ക് 10 വർഷവും തടവുശിക്ഷ വിധിച്ചു. അഹ്മദാബാദിലെ പ്രത്യേക എസ്.ഐ.ടി കോടതി ജഡ്ജി പി.ബി. ദേശായിയാണ് 14 വർഷങ്ങൾക്ക് ശേഷം വിധി പ്രഖ്യാപിച്ചത്. കേസ് അപൂർവങ്ങളിൽ അപൂർവമെന്ന് കോടതി വിധിന്യായത്തിൽ വ്യക്തമാക്കി. ഗുൽബർഗ് കൂട്ടക്കൊല പൗരസമൂഹത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും ഇരുണ്ട ദിനമാണെന്ന് വിധി പ്രസ്താവിച്ചുകൊണ്ട് പി.ബി. ദേശായി അഭിപ്രായപ്പെട്ടു.

കൈലാഷ് ഡോബി, യോഗേന്ദ്ര സിങ് ഷെഖാവത്ത്, കൃഷ്ണകുമാര്‍ കലാല്‍, ദിലീപ് കാലു, ജയേഷ് പാര്‍മര്‍, രാജു തിവാരി, നരേന്‍ ടങ്, ലക്ഷണ്‍സിങ്, ദിനേഷ് ശര്‍മ, ഭാരത് ബലോദിയ, ഭരത് രാജ്പുത് എന്നിവരെയാണ് ജീവപര്യന്തം ശിക്ഷക്ക് വിധിച്ചത്. കൊലപാതകം, നിയമവിരുദ്ധമായി സംഘം ചേരല്‍, മതസ്പര്‍ദ്ധ വളര്‍ത്തല്‍, സാമുദായിക ഐക്യം തകര്‍ക്കല്‍, കലാപം ഉണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ വിധിച്ചിരിക്കുന്നത്.

അതേസമയം, വിധിയിൽ തൃപ്തിയില്ലെന്ന് ഇരകൾ പ്രതികരിച്ചു. നിയമപോരാട്ടം തുടരുമെന്ന് ഇഹ്സാൻ ജാഫരിയുടെ ഭാര്യ സാകിയ ജാഫരി പറഞ്ഞു. മേൽക്കോടതിയിൽ അപ്പീൽ നൽകുമെന്ന് ഇരകളുടെ കുടുംബാംഗങ്ങൾ പറഞ്ഞു.

ജൂൺ രണ്ടിനാണ് കൂട്ടക്കൊലക്കേസിൽ 24 പേരെ കുറ്റക്കാരായി പ്രത്യേക കോടതി കണ്ടെത്തിയത്. 11 പേർക്കെതിരെ കൊലക്കുറ്റവും വി.എച്ച്.പി നേതാവ് അതുൽ വൈദ്യ ഉൾപ്പെടെ 13 പേർക്കെതിരെ മതസ്പർധ വളർത്തൽ, നിയമവിരുദ്ധമായ സംഘംചേരൽ തുടങ്ങിയ കുറ്റങ്ങളുമാണ് ചുമത്തിയിട്ടുള്ളത്. കൂട്ടക്കൊലക്ക് നേതൃത്വം നല്‍കിയ ബി.ജെ.പി നേതാവും കോര്‍പറേറ്ററുമായ ബിബിന്‍ പട്ടേല്‍, കൂട്ടക്കൊലയുടെ തെളിവ് നശിപ്പിച്ച പൊലീസ് ഇന്‍സ്പെക്ടര്‍ കെ.ജി എര്‍ഡ എന്നിവരടക്കം 36 പേരെ കുറ്റമുക്തരാക്കിയിരുന്നു.

ഗുജറാത്ത് വംശഹത്യയിലെ രണ്ടാമത്തെ വലിയ കൂട്ടക്കൊലയാണ് 2002 ഫെബ്രുവരി 28ന് ഗുൽബർഗ് സൊസൈറ്റിയിൽ നടന്നത്. 29 ബംഗ്ലാവുകളും 10 അപാർട്െമൻറുകളും അടങ്ങുന്ന ഗുൽബർഗ് ഹൗസിങ് സൊസൈറ്റിയിൽ ഭൂരിഭാഗവും മുസ്ലിംകളാണ് താമസിച്ചിരുന്നത്. ഗോധ്ര തീവെപ്പിന് പിന്നാലെ 20,000ത്തോളം വരുന്ന ആൾക്കൂട്ടം വീടുകൾ ആക്രമിച്ച് മുന്‍ കോണ്‍ഗ്രസ് എം.പിയായിരുന്ന ഇഹ്സാന്‍ ജാഫരി അടക്കം 69 പേർ കൂട്ടക്കൊല നടത്തുകയായിരുന്നു. ഇഹ്സാന്‍ ജാഫരി അക്രമികളിൽ നിന്ന് രക്ഷതേടി രാഷ്ട്രീയ നേതാക്കളെയും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയും ഫോൺ വിളിച്ചെങ്കിലും സഹായം ലഭിച്ചില്ല.

ജാഫരിയുടെ ഭാര്യ സകിയ ജാഫരി കേസിൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചതോടെയാണ് 14 വർഷം നീണ്ട നിയമയുദ്ധത്തിന് തുടക്കമായത്. മുന്‍ സി.ബി.ഐ ഡയറക്ടര്‍ ആര്‍.കെ. രാഘവന്‍റെ നേതൃത്വത്തിലുള്ള പ്രത്യേകാന്വേഷണ സംഘത്തിന് രൂപം നൽകാൻ സുപ്രീംകോടതി ഉത്തരവിട്ടു. സുപ്രീംകോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷിച്ച കേസിലെ വിചാരണ നടപടികള്‍ 2015 സെപ്റ്റംബര്‍ 22നാണ് പൂര്‍ത്തിയായത്.

പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്ത ഒൻപത് പ്രതികൾ 14 വർഷമായി ജയിലിൽ കഴിയുകയാണ്. അഞ്ചു പേർ വിചാരണക്കിടെ മരിച്ചു. മറ്റുള്ളവർ ജാമ്യത്തിലാണ്. കഴിഞ്ഞ ഏഴ് വർഷത്തിനിടെ നാല് ജഡ്ജിമാരുടെ മുമ്പാകെയാണ് വിചാരണ നടന്നത്. കേസിൽ 338 പേരെ കോടതി വിസ്തരിച്ചു.

ഗുജറാത്ത് വംശഹത്യയിലെ ഏറ്റവും വലിയ കൂട്ടക്കുരുതി നടന്ന നരോദ പാട്യയിൽ 126 പേരാണ് കൊല്ലപ്പെട്ടത്. ഈ കേസിൽ മുൻ മന്ത്രി മായാ കോട്നാനി അടക്കം 32 പേരെ ശിക്ഷിച്ചുകൊണ്ട്  2012 ആഗസ്റ്റിൽ േകാടതി വിധി പ്രഖ്യാപിച്ചിരുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.