ശ്രീനഗർ/ജമ്മു: ജമ്മു-കശ്മീരിൽ 10 വർഷത്തിനുശേഷം നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പിൽ 24 മണ്ഡലങ്ങളിലെ വോട്ടർമാർ ബുധനാഴ്ച പോളിങ് ബൂത്തിൽ. 2019ൽ പ്രത്യേക പദവി റദ്ദാക്കിയതിനും സംസ്ഥാനം വിഭജിച്ച് രണ്ട് കേന്ദ്രഭരണപ്രദേശമാക്കിയതിനും (ലഡാക്ക്, ജമ്മു-കശ്മീർ) ശേഷം നടക്കുന്ന ആദ്യ തെരഞ്ഞെടുപ്പാണിത്. ഏതുവിധേനയും ഭരണം പിടിക്കാൻ ശ്രമിക്കുന്ന ബി.ജെ.പിക്ക് ഇൻഡ്യ സഖ്യകക്ഷികളായ കോൺഗ്രസ്-നാഷനൽ കോൺഫറൻസ് കൂട്ടുകെട്ട് കടുത്ത വെല്ലുവിളി ഉയർത്തുന്നു. പി.ഡി.പിയും ചെറുകക്ഷികളും സ്വതന്ത്രരും മത്സരരംഗത്തുണ്ട്.
സി.പി.എം നേതാവ് മുഹമ്മദ് യൂസുഫ് തരിഗാമി (കുൽഗാം), എ.ഐ.സി.സി ജനറൽ സെക്രട്ടറി ഗുലാം അഹമ്മദ് മിർ (ദൂറു), നാഷനൽ കോൺഫറൻസിന്റെ സക്കീന ഇറ്റൂ (ദംഹൽ ഹാജിപോറ), പി.ഡി.പിയുടെ സർതാജ് മദ്നി (ദേവ്സർ), അബ്ദുൽ റഹ്മാൻ വീരി (ഷാംഗസ്-അനന്ത്നാഗ് ഈസ്റ്റ്) എന്നിവരാണ് ആദ്യഘട്ടത്തിൽ മത്സരിക്കുന്ന സ്ഥാനാർഥികളിൽ പ്രമുഖർ.
പുൽവാമ, അനന്ത്നാഗ്, ഷോപിയാൻ, കുൽഗാം, റാമ്പൻ, കിഷ്ത്വർ, ദോഡ ജില്ലകളിലെ 24 മണ്ഡലങ്ങളിലാണ് ബുധനാഴ്ച വോട്ടെടുപ്പ്. 90 സ്വതന്ത്രർ ഉൾപ്പെടെ 219 സ്ഥാനാർഥികൾ ജനവിധി തേടുന്നു. 26 മണ്ഡലങ്ങളിലായി രണ്ടാംഘട്ടത്തിൽ 25നും 40 മണ്ഡലങ്ങളിലായി മൂന്നാംഘട്ടത്തിൽ ഒക്ടോബർ ഒന്നിനുമാണ് വോട്ടെടുപ്പ്. ഒക്ടോബർ എട്ടിനാണ് ഫലപ്രഖ്യാപനം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.