ന്യൂഡൽഹി: മനുഷ്യാവകാശങ്ങൾക്കും ഭരണഘടന അവകാശങ്ങൾക്കുംവേണ്ടി നിരന്തരം പോരാടിയ മാതാപിതാക്കളുടെ മകളാണ് ഡൽഹിയിലെ മൂന്നാമത്തെ വനിത മുഖ്യമന്ത്രിയായ ആതിഷി മർലേന. കാറൽ മാർക്സിനെയും വ്ലാദിമിർ ലെനിനെയും ഇഷ്ടപ്പെടുന്ന ആ മാതാപിതാക്കൾ ആ രണ്ടുപേരുകൾ സമന്വയിപ്പിച്ച് മകൾക്ക് നൽകിയ പേരാണ് മർലേന. അതേസമയം, ദേശീയ തലസ്ഥാനത്ത് ‘അർബൻ നക്സൽ’ മുഖ്യമന്ത്രിയാകുന്നേ എന്ന നിലവിളിയാണ് തീവ്ര ഹിന്ദുത്വ ക്യാമ്പുകളിൽ.
ഡൽഹി സർവകലാശാല പ്രഫസർ വിജയ് സിങ്ങിന്റെയും മനുഷ്യാവകാശ പ്രവർത്തക തൃപ്ത വാഹിയുടെയും മകളായി ജനിച്ച ആതിഷി സ്പ്രിങ്ഡേൽസ് സ്കൂളിൽനിന്ന് സ്കൂൾ വിദ്യാഭ്യാസം നേടി. ഡൽഹി സെന്റ് സ്റ്റീഫൻസിൽനിന്ന് ചരിത്രത്തിൽ ഒന്നാം റാങ്കോടെ ബിരുദം നേടിയ ആതിഷി ഓക്സ്ഫഡ് സർവകലാശാലയിൽനിന്ന് വിദ്യാഭ്യാസത്തിലും ചരിത്രത്തിലും ബിരുദാനന്തര ബിരുദം നേടി. റോഡ്സ്, ചെവ്നിങ് സ്കോളർഷിപ്പുകളോടെയായിരുന്നു വിദേശ പഠനം. ആം ആദ്മി പാർട്ടിയുടെ സ്ഥാപക അംഗങ്ങളിലൊരാളായ ആതിഷി മധ്യപ്രദേശ് ഗ്രാമത്തിൽ ജൈവകൃഷിയും പുരോഗമന വിദ്യാഭ്യാസവുമായി ഏഴുവർഷം കഴിച്ചുകൂട്ടി.
അഫ്സൽ ഗുരുവിന്റെ വധശിക്ഷ ഒഴിവാക്കാൻ രാഷ്ട്രപതിക്ക് ദയാഹരജി സമർപ്പിച്ച സമിതിയിൽ തൃപ്ത വാഹിനി കൺവീനറായും വിജയ് സിങ് അംഗമായും ഉണ്ടായിരുന്നതും ഒടുവിൽ അഫ്സൽ ഗുരുവിനെ തൂക്കിലേറ്റിയതിനെ അവർ വിമർശിച്ചതുമെല്ലാം ചർച്ചയാക്കുന്നത് കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി അടക്കമുള്ള ഉന്നത ബി.ജെ.പി നേതാക്കളാണ്. മാവോവാദി അനുഭാവികളാണ് മാതാപിതാക്കളെന്ന പ്രചാരണം നടത്തിയാണ് ആതിഷി മർലേനയെ അർബൻ നക്സൽ എന്ന് വിളിക്കുന്നത്.
മനുഷ്യാവകാശങ്ങൾക്കു വേണ്ടിയും ഭരണഘടനപരമായ അവകാശങ്ങൾക്കു വേണ്ടിയും പോരാടിയവരും അവരുടെ കുടുംബങ്ങളിൽനിന്നുള്ളവരും അധികാരസ്ഥാനങ്ങളിലേക്കും മുഖ്യധാരയിലേക്കും വരുന്നതും അവരുടെ ശബ്ദം ഉയർന്നുകേൾക്കുന്നതും സഹിക്കാനാവാത്തതിനാലാണ് തീവ്ര വലതുപക്ഷത്തിന്റെ ഈ ആക്രമണമെന്ന് വനിത കമ്യൂണിസ്റ്റ് നേതാവ് ആനി രാജ പറഞ്ഞു.
ആതിഷിയുടെ പേരിലെ മർലേന എന്നത് അവരുടെ കമ്യൂണിസ്റ്റ് ആദർശമാണെന്ന പ്രചാരണം 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്നോടിയായി ബി.ജെ.പി കൊണ്ടുപിടിച്ച് നടത്തിയതോടെ മർലേന എന്ന വാൽ ഉപയോഗിക്കുന്നത് ഒഴിവാക്കി ആതിഷി എന്ന് മാത്രം പോസ്റ്റർ അടിച്ച് അവർ പ്രചാരണത്തിനിറങ്ങി. അനാവശ്യ വിവാദങ്ങൾ ഒഴിവാക്കി പ്രവർത്തനം കണ്ട് ജനം തന്നെ വിലയിരുത്തട്ടെ എന്നായിരുന്നു ആതിഷി ഇതിന് പറഞ്ഞ ന്യായം.
കമ്യൂണിസ്റ്റാണെന്നതിന് പുറമെ ആതിഷി വിദേശിയാണെന്നും ക്രിസ്ത്യാനിയാണെന്നുമുള്ള പ്രചാരണവും ആ സമയത്ത് ബി.ജെ.പി കേന്ദ്രങ്ങളിൽനിന്നുണ്ടായി. ഒടുവിൽ കെജ്രിവാൾ നൽകിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്ത് കാര്യപ്രാപ്തി തെളിയിച്ചപ്പോൾ അതിന് കിട്ടിയ അംഗീകാരമായി മുഖ്യമന്ത്രി പദം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.