ന്യൂഡൽഹി: അടുത്തകാലം വരെയും ആം ആദ്മി പാർട്ടിയുടെ നയരൂപവത്കരണ സമിതികളിൽ ഉപദേശകയുടെ റോൾ വഹിച്ചിരുന്നയാളായിരുന്നു ആതിഷി. 2013 മുതൽതന്നെ പാർട്ടിക്കൊപ്പമുണ്ടായിരുന്ന ആതിഷിയുടെ വിദ്യാഭ്യാസ യോഗ്യതയും മറ്റും പരിഗണിച്ച് ആ മേഖലയിൽ പാർട്ടിയുടെ നയം രൂപവത്കരിക്കുന്നതിനാണ് കെജ്രിവാൾ ചുമതലപ്പെടുത്തിയത്. അതോടൊപ്പം, പാർട്ടി വക്താവുമായി. 2015 മുതൽ 18 വരെ വിദ്യാഭ്യാസ വകുപ്പുകൂടി കൈകാര്യം ചെയ്തിരുന്ന ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ മുഖ്യ ഉപദേഷ്ടാവായി മാറി. എന്നാൽ, വിദ്യാഭ്യാസ മന്ത്രിക്ക് ഔദ്യോഗികമായി ഉപദേഷ്ടാവിനെ വെക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടി ലെഫ്റ്റനന്റ് ഗവർണർ ആതിഷിക്ക് ചുവപ്പ് കാർഡ് കാണിച്ചു. അത് വലിയ വിവാദങ്ങൾക്ക് തിരികൊളുത്തി.
2019ലാണ് ആതിഷി തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുന്നത്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഗൗതം ഗംഭീറിനോട് പരാജയപ്പെട്ടുവെങ്കിലും തൊട്ടടുത്ത വർഷത്തെ ഡൽഹി നിയമസഭ തെരഞ്ഞെടുപ്പിൽ ഗംഭീര വിജയം നേടി. പക്ഷേ, അപ്പോഴും കാബിനറ്റിൽ ഇടം ലഭിച്ചില്ല. കഴിഞ്ഞവർഷം ഡൽഹി മദ്യനയക്കേസിൽ സിസോദിയ അറസ്റ്റിലാവുകയും പിന്നീട് രാജിവെക്കുകയും ചെയ്തപ്പോഴാണ് ആതിഷിക്ക് കാബിനറ്റിൽ പ്രവേശനം കിട്ടിയത്.
ഇതേകാലത്തുതന്നെ, ബി.ജെ.പിക്കെതിരെ ശക്തമായ പോർമുഖം തുറക്കാനും അവർക്ക് സാധിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽതന്നെ ശ്രദ്ധേയരായ നേതാക്കളുടെ കൂട്ടത്തിൽ ആതിഷിയും ഇടംപിടിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.