സുബ്രമണ്യന്‍ സ്വാമിയെ പിന്തുണച്ച് ശിവസേന

മുംബൈ: റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ രഘുറാം രാജനും മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യത്തിനുമെതിരായ നീക്കത്തില്‍ സുബ്രമണ്യന്‍ സ്വാമിയെ പിന്തുണച്ച് എന്‍.ഡി.എ സഖ്യകക്ഷി ശിവസേന. സ്വാമിയും ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്ലിയും തമ്മിലെ പോര് മുറുകിയ സാഹചര്യത്തിലാണ് സേനയുടെ പിന്തുണ. കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിക്കും രാഹുല്‍ ഗാന്ധിക്കുമെതിരെ ഉപയോഗിച്ച സുബ്രമണ്യന്‍ സ്വാമിയെ സാമ്പത്തിക വിഷയത്തില്‍ ബി.ജെ.പി തള്ളിക്കളയുകയാണെന്ന് ശിവസേന ആരോപിച്ചു. ബി.ജെ.പിക്ക് അകത്തെ ഭിന്നതയാണ് സുബ്രമണ്യന്‍ സ്വാമിയും അരുണ്‍ ജെയ്റ്റ്ലിയും തമ്മിലെ പോരില്‍ തെളിയുന്നതെന്നും സേന ചൂണ്ടിക്കാട്ടി. പതിവുപോലെ പാര്‍ട്ടി മുഖപത്രമായ ‘സാമ്ന’യിലെ മുഖപ്രസംഗത്തിലൂടെയാണ് സേനയുടെ വിമര്‍ശം.
ഹിന്ദുത്വയിലും അഴിമതിക്കെതിരായ നീക്കങ്ങളിലും ഉറച്ച നിലപാടുള്ള സുബ്രമണ്യന്‍ സ്വാമിയോടാണ് ഞങ്ങള്‍ക്ക് ആഭിമുഖ്യം. ഇന്ന് സോണിയയും രാഹുലും പേടിസ്വപ്നം കാണുന്നു. 2ജി, നാഷനല്‍ ഹെറാള്‍ഡ് അഴിമതികള്‍ പുറത്തുവന്നത് അദ്ദേഹത്തിന്‍െറ മിടുക്കുകൊണ്ടാണ്. അന്ന് സ്വാമിയെ ബി.ജെ.പി പൂര്‍ണമായും ഉപയോഗിച്ചു. ഇപ്പോള്‍ അദ്ദേഹം ചില സത്യങ്ങള്‍ വിളിച്ചുപറയുമ്പോള്‍ അത് അദ്ദേഹത്തിന്‍െറ മാത്രം അഭിപ്രായമാണെന്ന് പറഞ്ഞ് ബി.ജെ.പി കൈയൊഴിയുകയാണ്. അങ്ങനെ അദ്ദേഹത്തെ ബി.ജെ.പി അപമാനിക്കരുത്. രഘുറാം രാജനെയും അരവിന്ദ് സുബ്രഹ്മണ്യനെയും എതിര്‍ക്കുക വഴി എന്താണ് സ്വാമിയുടെ നേട്ടമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. എന്നാല്‍, അദ്ദേഹം സാമ്പത്തിക കാര്യത്തില്‍ വിദഗ്ധനാണെന്ന് വ്യക്തമാണ്-‘സാമ്ന’ എഴുതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.