ജെയ്റ്റ്ലിക്കെതിരെ നിലപാട് കടുപ്പിച്ച് സുബ്രമണ്യന്‍ സ്വാമി

ന്യൂഡല്‍ഹി: തന്നോട് സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലിക്കെതിരെ ബി.ജെ.പി എം.പി സുബ്രമണ്യന്‍ സ്വാമിയുടെ ഭീഷണി. സ്വയം നിയന്ത്രിക്കണമെന്നാവശ്യപ്പെട്ട് താന്‍ ആവശ്യപ്പെടാതെ ഉപദേശങ്ങളുമായി എത്തുന്നവരുണ്ട്. പക്ഷേ, താന്‍ അച്ചടക്കം പാലിക്കാതിരുന്നാന്‍ ഇവിടെ ചോരപ്പുഴ ഒഴുകും -സ്വാമി ട്വിറ്ററില്‍ കുറിച്ചു. ജെയ്റ്റ്ലിയുടെ പേര് പരാമര്‍ശിക്കാതെയാണ് സ്വാമിയുടെ ട്വീറ്റ്.

മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രമണ്യത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്ന സ്വാമിയോട് സ്വയം അച്ചടക്കം പരിശീലിക്കണമെന്ന് ജെയ്റ്റ്ലി ഉപദേശിച്ചിരുന്നു.  ബീജിങ്ങില്‍ വെച്ച് ബാങ്ക് ഓഫ് ചൈനയുടെ ചെയര്‍മാനുമായുള്ള കൂടിക്കാഴ്ചയില്‍ ജയ്റ്റ്ലി ധരിച്ച വേഷത്തെയും സ്വാമി  പരിഹസിച്ചു. ഹോട്ടലിലെ വെയ്റ്റര്‍മാരെ പോലെ കോട്ടും ടൈയും ധരിച്ച് മന്ത്രിമാര്‍ പ്രത്യക്ഷപ്പെടുന്നത് നിര്‍ത്തണം. വിദേശത്തായിരിക്കുമ്പോള്‍ മന്ത്രിമാര്‍ പരമ്പരാഗതമോ ആധുനികമോ ആയ ഇന്ത്യന്‍ വേഷത്തില്‍ പ്രത്യക്ഷപ്പെടണമെന്ന് മന്ത്രിമാര്‍ക്ക് ബി.ജെ.പി നിര്‍ദേശം നല്‍കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.