ദേശീയ ഗാനാലാപനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണം –മദ്രാസ് ഹൈകോടതി

ചെന്നൈ: തമിഴ്നാട്ടിലെ സ്വകാര്യ സ്കൂളുകളില്‍ ദേശീയ ഗാനാലാപനം നിര്‍ബന്ധമാക്കി മദ്രാസ് ഹൈകോടതി ഉത്തരവിട്ടു. ചീഫ് ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍, ജസ്റ്റിസ് എം.എം സുന്ദരേശ് എന്നിവരുള്‍പ്പെട്ട ബെഞ്ചാണ് ഇതുസംബന്ധിച്ച പൊതുതാല്‍പര്യ ഹരജി തീര്‍പ്പാക്കി വിധി പുറപ്പെടുവിച്ചത്. ദേശീയ ഗാനാലാപനം പാഠ്യപദ്ധതിയുടെ ഭാഗമാക്കണമെന്ന് കോടതി നിര്‍ദേശിച്ചു. സംസ്ഥാന-കേന്ദ്രീയ വിദ്യാലയങ്ങളില്‍ ദേശീയ ഗാനം ആലപിക്കാറുണ്ടെങ്കിലും സ്വകാര്യ വിദ്യാലയ അധികൃതര്‍ വിഷയത്തില്‍ താല്‍പര്യം കാണിക്കുന്നില്ളെന്നു ചൂണ്ടിക്കാട്ടി വിമുക്തഭടന്‍ എന്‍. സെല്‍വ തിരുമാളാണ് ഹരജി നല്‍കിയത്. സ്കൂളുകളില്‍ ദേശീയ ഗാന ആലാപനം നിര്‍ബന്ധമാക്കണമെന്നു ഹരജിക്കാരന്‍ കോടതിയോട് അഭ്യര്‍ഥിച്ചിരുന്നു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളും സി.ബി.എസ്.ഇയും നല്‍കിയ സത്യവാങ്മൂലവും കോടതി പരിഗണിച്ചു. ഉത്തരവ് നടപ്പാക്കാന്‍ കേന്ദ്ര-സംസ്ഥാന സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പുകള്‍ക്കും കേന്ദ്ര മാനവവിഭവ ശേഷി മന്ത്രാലയത്തിനും നിര്‍ദേശം നല്‍കി. ദേശീയോദ്ഗ്രഥനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ വര്‍ഷം നവംബര്‍ പത്തിന് സ്കൂളുകള്‍ക്ക് അയച്ച പത്തിന നിര്‍ദേശങ്ങളില്‍ ഭരണഘടന, ദേശീയ പതാക, ദേശീയ ഗാനം എന്നിവയെ ബഹുമാനിക്കണമെന്നു നിര്‍ദേശിച്ചിരുന്നതായി സി.ബി.എസ്.ഇ അധികൃതര്‍ കോടതിയെ അറിയിച്ചിരുന്നു. ബന്ധപ്പെട്ടവര്‍ നല്‍കിയ ഉത്തരവുകള്‍ മാനിച്ച് സ്ഥാപനങ്ങളില്‍ ദേശസ്നേഹം പ്രകടിപ്പിക്കാനുള്ള നടപടികള്‍  ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.