സാമ്പത്തിക ക്രമക്കേട്: വിജയ് മല്യ വെട്ടില്‍

ബംഗളൂരു: സാമ്പത്തിക ക്രമക്കേടുകളില്‍ കിങ് ഫിഷര്‍ ഉടമയും രാജ്യസഭാ എം.പിയുമായ വിജയ് മല്യ വെട്ടില്‍. 900 കോടിയുടെ സാമ്പത്തിക ക്രമക്കേട് നടത്തിയെന്നാരോപിച്ച് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസെടുത്തതിന് പിറകെ ബംഗളൂരുവിലെ മറ്റൊരു കേസില്‍ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ വിധിയും മല്യക്ക് പ്രതികൂലമായി.

മുംബൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പൊതുമേഖല ബാങ്കായ ഐ.ഡി.ബി.ഐ, കിങ് ഫിഷര്‍ എയര്‍ലൈന്‍സിന് ചട്ടവിരുദ്ധമായി വായ്പ നല്‍കിയതിലൂടെ 900 കോടിയുടെ നഷ്ടമുണ്ടായെന്ന സി.ബി.ഐ എഫ്.ഐ.ആറിന്‍െറ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് കേസ്. മല്യക്കു പുറമെ, ഐ.ഡി.ബി.ഐ ബാങ്ക് ഉദ്യോഗസ്ഥര്‍ക്കെതിരെയും കേസുണ്ട്. വായ്പാ വ്യവസ്ഥകള്‍ ലംഘിച്ചാണ് വിജയ് മല്യക്ക് ബാങ്ക് ലോണ്‍ നല്‍കിയത്. അന്വേഷണവുമായി ബന്ധപ്പെട്ട് 2015 ഒക്ടോബറില്‍ മല്യയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ ക്രമക്കേടുമായി ബന്ധപ്പെട്ട രേഖകള്‍ കണ്ടെടുത്തിരുന്നു. കേസില്‍ മല്യയെ ചോദ്യംചെയ്യും.

വായ്പ തിരിച്ചടക്കാത്തതിന്‍െറ പേരില്‍ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (എസ്.ബി.ഐ) നല്‍കിയ ഇടക്കാല ഹരജിയില്‍ ഡെറ്റ് റിക്കവറി ട്രൈബ്യൂണല്‍ വിധിയും മല്യക്ക് തിരിച്ചടിയായി. മല്യ തന്‍െറ മദ്യക്കമ്പനിയായ കിങ് ഫിഷര്‍ ബ്രിട്ടീഷ് മദ്യക്കമ്പനി ഡിയാജിയോക്ക് വില്‍പന നടത്തുകയും യുനൈറ്റഡ് സ്പിരിറ്റ് ലിമിറ്റഡിന്‍െറ ചെയര്‍മാന്‍ സ്ഥാനം രാജിവെക്കുകയും ചെയ്തിരുന്നു. ഇതുവഴി കിട്ടിയ 515 കോടി രൂപ തിങ്കളാഴ്ച ട്രൈബ്യൂണല്‍ മരവിപ്പിച്ചു. കേസില്‍ തീര്‍പ്പാകുന്നതുവരെ ഈ പണം ഉപയോഗിക്കാനാവില്ല. ഈ തുക തിരിച്ചുപിടിക്കാനുള്ള പ്രഥമാവകാശം തേടി ബാങ്കിങ് കണ്‍സോര്‍ട്യത്തിനുവേണ്ടി എസ്.ബി.ഐ നല്‍കിയ ഇടക്കാല ഹരജിയിലാണ് വിധി.

കിങ്ഫിഷര്‍ എയര്‍ലൈന്‍സിനായി വായ്പയെടുത്തതിന്‍െറ പേരില്‍ എസ്.ബി.ഐയുടെ അധ്യക്ഷതയിലുള്ള 17 അംഗ ബാങ്കിങ് കണ്‍സോര്‍ട്യത്തിന് 7500 കോടിയുടെ ബാധ്യത വരുത്തിയെന്നാണ് കേസ്. കേസില്‍ മല്യക്കെതിരെ മൂന്ന് ഇടക്കാല ഹരജികള്‍കൂടി പരിഗണനയിലുണ്ട്. മല്യയെ അറസ്റ്റ്ചെയ്യല്‍, സ്വത്തുവകകള്‍ കണ്ടുകെട്ടല്‍ തുടങ്ങിയവ ആവശ്യപ്പെട്ടുള്ളതാണ് മൂന്നു ഹരജികള്‍. ഇതേ ആവശ്യങ്ങളുന്നയിച്ച് കര്‍ണാടക ഹൈകോടതിയില്‍ സമര്‍പ്പിച്ച ഹരജിയില്‍ മല്യക്ക് നോട്ടീസ് അയക്കാന്‍ ഉത്തരവിട്ടിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.