ന്യൂഡല്‍ഹി: യമുന നദിയുടെ നാശത്തിനും ഡല്‍ഹിയുടെ കടുത്ത മലിനീകരണത്തിനും വഴിയൊരുക്കുന്ന ശ്രീശ്രീ രവിശങ്കറിന്‍െറ സാംസ്കാരിക ഉത്സവം കൂടുതല്‍ വിവാദങ്ങളിലേക്ക്. ഈ മാസം 11 മുതല്‍ 13 വരെ നടത്തുന്ന പരിപാടിക്കും നദിക്കു കുറുകെ പാലങ്ങള്‍ പണിയുന്നതിനും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്‍െറ അനുമതി നേടിയിട്ടില്ല. വേദി നിര്‍മാണത്തിന് വിവിധ കേന്ദ്ര സംസ്ഥാന ഏജന്‍സികള്‍ വഴിവിട്ട് സഹായം നല്‍കിയതായും അവശ്യം വേണ്ട അനുമതികള്‍ പലതിനും അപേക്ഷിച്ചിട്ടുപോലുമില്ളെന്നും ദേശീയ ഹരിത ട്രൈബ്യൂണല്‍ മുമ്പാകെ നടക്കുന്ന വാദത്തില്‍ വ്യക്തമായി.
കേന്ദ്രസര്‍ക്കാറിനു പുറമെ ഡല്‍ഹി സര്‍ക്കാറിന്‍െറയും ഉത്തര്‍പ്രദേശ് സര്‍ക്കാറിന്‍െറയും വിവിധ ഏജന്‍സികളാണ് ആള്‍ദൈവത്തിന്‍െറ ചടങ്ങിനായി ചട്ടംലംഘിച്ച് സൗകര്യങ്ങളൊരുക്കിയത്. യമുനക്കു കുറുകെ പാലങ്ങള്‍ പണിതു നല്‍കിയത് ഇന്ത്യന്‍ സൈന്യമാണ്.
35 ലക്ഷം ആളുകള്‍ പങ്കെടുക്കുമെന്ന് സംഘാടകര്‍ അവകാശപ്പെടുന്ന പരിപാടിക്കായി സുരക്ഷ-അഗ്നി രക്ഷാ അനുമതികള്‍ നല്‍കിയിട്ടില്ളെന്ന് ഡല്‍ഹി വികസന അതോറിറ്റി വെളിപ്പെടുത്തി. പരിപാടിക്കത്തെുന്നവര്‍ വരുന്ന ബസുകള്‍ ഡല്‍ഹി ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷന്‍െറ മിലേനിയം ഡിപ്പോയില്‍ പാര്‍ക്കു ചെയ്യുമെന്നാണ് ആര്‍ട്ട് ഓഫ് ലിവിങ് അഭിഭാഷകര്‍ ട്രൈബ്യൂണലില്‍ അറിയിച്ചതെങ്കിലും അതിനും അനുമതി തേടിയിട്ടില്ളെന്ന് ഡി.ടി.സിയും വ്യക്തമാക്കി.
എന്നാല്‍, പരിപാടിക്കു അനുമതി നല്‍കിയതിനെ ഡി.ഡി.എ പൂര്‍ണമായും ന്യായീകരിച്ചു. ചടങ്ങ് തടയണമെന്ന് വാദിക്കുന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ക്ക് മറ്റു താല്‍പര്യങ്ങളുണ്ടെന്നാണ് ഡി.ഡി.എ ആരോപിച്ചത്. അതേസമയം, ഇത്തരമൊരു പരിപാടിക്ക് ആവശ്യമായ സുരക്ഷയില്‍ വീഴ്ച വരരുത് എന്നതിനാലാണ് സൈന്യം പാലം നിര്‍മാണം നടത്തിയതെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി മനോഹര്‍ പരീകര്‍ അവകാശപ്പെട്ടു. ചടങ്ങിനു അനുമതി നല്‍കണോ വേണ്ടയോ എന്നതു സംബന്ധിച്ച് ഹരിത ട്രൈബ്യൂണല്‍ ബുധനാഴ്ച വിധി പറയും.
അതിനിടെ, രാഷ്ട്രപതിക്കു പിന്നാലെ പ്രധാനമന്ത്രിയും പരിപാടിയില്‍ പങ്കെടുക്കാതിരിക്കാന്‍ സാധ്യത ഏറി. പരിസ്ഥിതിക്ക് കടുത്ത ദോഷം വരുത്തുന്ന പരിപാടിയില്‍ നിന്ന് ഒഴിഞ്ഞുനില്‍ക്കണമെന്ന സാമൂഹിക പ്രവര്‍ത്തകരുടെ നിവേദനങ്ങളെ തുടര്‍ന്നാണ് പ്രണബ് മുഖര്‍ജി പങ്കെടുക്കില്ളെന്ന് വ്യക്തമാക്കിയത്. എന്നാല്‍, കേന്ദ്രസര്‍ക്കാറിന് ഉറച്ച പിന്തുണയും ഉപദേശവും നല്‍കുന്ന രവിശങ്കറിന്‍െറ പരിപാടിയില്‍നിന്ന് മോദി പിന്മാറുക സുരക്ഷാ കാരണങ്ങളെ തുടര്‍ന്നാണ്. തിക്കും തിരക്കും മൂലം അപകടത്തിനും ഭീകരാക്രമണത്തിനും സാധ്യതയുള്ളതിനാല്‍ കനത്ത മുന്‍കരുതല്‍ വേണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഡല്‍ഹി പൊലീസിനു നിര്‍ദേശം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.