സ്വപ്നം പോലെ ഒരു കാടൊരുക്കി ദമ്പതികള്‍

ബംഗളൂരു: കര്‍ണാടകയില്‍ ദമ്പതികള്‍ ജന്മം നല്‍കിയ കാടിനെ കുറിച്ച് അറിയാമോ? എങ്കില്‍ കേട്ടോളൂ. രാസവള പ്രയോഗത്തിനൊടുവില്‍ തരിശുഭുമിയായി മാറിയ മുന്നൂറ് ഏക്കര്‍ കൃഷി നിലത്തെയാണ് ആണ് ഇവര്‍ പച്ച പുതപ്പിച്ചത്. ഇതാവട്ടെ, രാജ്യത്തെ ആദ്യത്തെ സ്വകാര്യ വന്യജീവി സങ്കേതം കൂടിയാണെന്നറിയുമ്പോഴാണ് ഇവര്‍ ചെയ്തത് അത്ര നിസ്സാര കാര്യമല്ളെന്ന് മനസ്സിലാവുക. അനില്‍ മല്‍ഹോത്രയും ഭാര്യ പമേല മല്‍ഹോത്രയും കഴിഞ്ഞദിവസങ്ങളിലൊന്നില്‍ അവര്‍ വിത്തുപാകിയ കാട്ടിലൂടെ നടക്കുമ്പോള്‍ പത്തോളം വരുന്ന ആനക്കൂട്ടങ്ങളെയാണ് കണ്ടത്. അതിനടുത്ത് ഒരു പടുകൂറ്റന്‍ മരവും നില്‍പുണ്ടായിരുന്നു. ആ മരത്തില്‍ വിവിധങ്ങളായ എണ്ണമറ്റ പറവകളും.

കര്‍ണാടകയിലെ കുടക് ജില്ലയില്‍ 25 വര്‍ഷം മുമ്പ് തരിശായി കിടന്ന ഒരു കൃഷി സ്ഥലം വിലക്കു വാങ്ങുകയായിരുന്നു ഈ ദമ്പതികള്‍. പിന്നീടത് ജൈവ വൈവിധ്യത്തിന്‍്റെ കേന്ദ്രമായി. അവിടെ ആനയും പുലിയും കടുവയും മാനും പാമ്പും കിളികളും എല്ലാം വന്നണഞ്ഞു. 300 റിലേറെ ഇനം പക്ഷി വര്‍ഗങ്ങളും വംശനാശ ഭീഷണി നേരിടുന്ന മൃഗങ്ങളും നീര്‍ചാലുകളും അടക്കം വന്‍ ജൈവ സമ്പുഷ്ട മേഖലയാണ് ഇപ്പോള്‍ ഈ കാട്. പശ്ചിമഘട്ട മലനിരയിലെ ബ്രഹ്മഗിരി മേഖലയിലെ പഴയ തിരിശു നിലം ഇപ്പോള്‍ അറിയപ്പെടുന്നത് മല്‍ഹോത്രാസ് സേവ് എനിമല്‍സ് ഇനിഷ്യേറ്റിവ്സ് സാങ്ച്വറി (സായ്) എന്ന പേരില്‍ ആണ്.  ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് യു.എസില്‍ റിയല്‍ എസ്റ്റേറ്റ്, ഹോട്ടല്‍ റെസ്റ്റോറന്‍റ് ബിസിനസ് നടത്തുകയായിരുന്നു അദ്ദേഹം.

താനും പമേലയും ജീവിതത്തിലുടനീളം ഇത്തരമൊന്ന് നോക്കി നടക്കുകയായിരുന്നു എന്ന് അദ്ദേഹം പറയുന്നു. 1960കളില്‍ യു.എസില്‍ വെച്ച് കണ്ടുമുട്ടിയ ഇവര്‍ പിന്നീട് വിവാഹിതരായി. അവരുടെ പ്രണയം പ്രകൃതിയോടും കൂടിയായിരുന്നു. മധുവിധു ആഘോഷിക്കാനായി ഹവായ് ദ്വീപില്‍ എത്തിയ ഇരുവരും ആ പ്രകൃതി ഭംഗിയില്‍ ആകൃഷ്ടരായി. അവിടെ തന്നെ താമസക്കാന്‍ തീരുമാനിച്ചു. ആ ജീവിതത്തില്‍ നിന്നാണ് ഇരുവരും കാടിന്‍്റെ പ്രധാന്യം തിരിച്ചറിയുന്നതും  ആഗോള താപനത്തെ പ്രതിരോധിക്കാന്‍ അതിനേക്കാള്‍ നല്ളൊരു മാര്‍ഗമില്ളെന്ന് മനസ്സിലാക്കുകയും ചെയ്തത്. അതോടെ ഭാവിക്ക് വേണ്ടി കാടുകള്‍ കാത്തുസൂക്ഷിക്കാനുള്ള ശ്രമങ്ങളില്‍ മുഴുകാന്‍ ഇരുവരും തീരുമാനിച്ചു.

1986ല്‍ അനിലിന്‍റെ പിതാവ് മരിച്ചപ്പോള്‍ ഇരുവരും ഇന്ത്യയില്‍ എത്തി.  ‘ഹരിദ്വാറില്‍ എത്തിയ ഞങ്ങള്‍ ഭയന്നുപോയി. ഇവിടെ കാടുകള്‍ ഇല്ലാതായിക്കൊണ്ടിരിക്കുന്നു. എല്ലാം വന മാഫിയ കയ്യേറിയിരിക്കുന്നു. നദികള്‍ മലിനീകരിക്കപ്പെട്ടിരിക്കുന്നു. ആരും ഇതേക്കുറിച്ച് ശ്രദ്ധിക്കുന്നതായി തോന്നിയില്ല. കാടുകള്‍ തിരിച്ചുപിടിക്കുന്നതിന് എന്തെങ്കിലും ചെയ്തേ മതിയാവൂ എന്ന് തിരിച്ചറിഞ്ഞ നിമിഷമായിരുന്നു അത്’- അനില്‍ മല്‍ഹോത്ര പറയുന്നു.
എന്നിട്ടും വടക്കേന്ത്യയില്‍ എവിടെയും അവര്‍ക്ക് സ്ഥലം കിട്ടിയില്ല. അങ്ങനെ അന്വേഷണം ദക്ഷിണേന്ത്യയിലേക്ക് നീങ്ങി. സുഹൃത്തിനൊപ്പം കുടകില്‍ എത്തി. തനിക്ക് കാപ്പിയോ മറ്റു വിളകളോ ഇവിടെ കൃഷി ചെയ്യാനാവുന്നില്ളെന്നും ഈ സ്ഥലം വില്‍ക്കാന്‍ ഉദ്ദേശിക്കുന്നുവെന്നും സ്ഥലത്തിന്‍്റെ ഉടമ അറിയിച്ചു. ഈ സ്ഥലം വാങ്ങാനായി ഹവായ് ദ്വീപിലെ സ്വന്തം സ്ഥലം വിറ്റു. ബ്രഹ്മ ഗിരിയിലെ കുന്നിന്‍ചെരിവില്‍ ആദ്യം 55 ഏക്കര്‍ വാങ്ങി.  ഈ സ്ഥലത്തുകൂടെ  ഒഴുകുന്ന അരുവിയുടെ മറുവശത്തെ ഭൂവുടമകള്‍ രാസവളങ്ങളും കീടനാശിനികളും പ്രയോഗിക്കുന്നതുമൂലം വെള്ളം വിഷമയമായിക്കഴിഞ്ഞിരുന്നു. ഇതോടെ ഇപ്പുറത്ത് കാടുവളര്‍ത്തല്‍ പ്രയോഗികമല്ളെന്ന് തിരിച്ചറിഞ്ഞ് അരുവിക്ക് ചുറ്റുമുള്ള സ്ഥലം കൂടി അവര്‍ സ്വന്തമാക്കി.

രാസവളത്തിന്‍്റെ ഉപയോഗം മൂലം വിളവു ലഭിക്കാത്ത അവസ്ഥയില്‍ നിരാശരായ കര്‍ഷകര്‍  ബാധ്യതയായ കൃഷി ഭൂമി മിക്കതും വില്‍പനക്ക് വെച്ച സമയം കൂടിയായിരുന്നു അത്. പണം കിട്ടുമെന്നായപ്പോള്‍ അവര്‍ ഏറെ സന്തോഷത്തോടെ ഭൂമി നല്‍കി. എന്നാല്‍, കടമ്പകള്‍ ഏറെയുണ്ടായിരുന്നു. കര്‍ഷരില്‍ മിക്കവര്‍ക്കും സ്ഥലത്തിനു മേല്‍ കടബാധ്യതകള്‍ ഉണ്ടായിരുന്നു. ഇത് സ്ഥലക്കൈമാറ്റത്തില്‍ നിയമ തടസ്സങ്ങള്‍ തീര്‍ത്തു. എന്നാല്‍, പ്രതിസന്ധികള്‍ എല്ലാം തരണം ചെയ്ത് ഈ സ്വപ്ന ഭൂമിയെ ഇന്നവര്‍ വലിയൊരു കാടാക്കിമാറ്റിയിരിക്കുന്നു. പരിസ്ഥിതി പ്രാവര്‍ത്തകരും ശാസ്്ത്രഞ്ജരും അടക്കമുള്ളവര്‍ ഇവിടെ പല പഠനങ്ങള്‍ക്കും ഗവേഷണങ്ങള്‍ക്കും എത്തുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.