ന്യൂഡല്‍ഹി: വിലക്കുകളെല്ലാം ലംഘിച്ച് പടക്കം പൊട്ടിച്ചും കരിമരുന്ന് പ്രയോഗിച്ചും ജനം ദീപാവലി ആഘോഷിച്ചതോടെ ഡൽഹിയിലെ അന്തരീക്ഷ വായുമലിനീകരണം ഗുരുതരാവസ്ഥയിലേക്ക് എത്തി. വെള്ളിയാഴ്ച രാവിലെ ഡൽഹിയിൽ കനത്ത പുകമഞ്ഞാണ് രൂപപ്പെട്ടത്. വെള്ളിയാഴ്ച പുലര്‍ച്ച രേഖപ്പെടുത്തിയ ശരാശരി വായു ഗുണനിലവാരതോത് (എ.ക്യു.ഐ) 400ന് അടുത്താണ്.
വായു മലിനീകരണം അപകടകരമായ നിലയിലായിരിക്കെ പടക്കങ്ങൾ പൊട്ടിക്കുകകൂടി ചെയ്താൽ ഭീകരാവസ്ഥയിലേക്ക് കടക്കുമെന്നും മലിനീകരണ കാര്യത്തിൽ പാരമ്പര്യത്തേക്കാൾ ആരോഗ്യത്തിന് മുൻഗണന നൽകണമെന്നും മുൻ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ആഹ്വാനം ചെയ്തിരുന്നു. എന്നാൽ, കെജ്രിവാളിന്റെ ആഹ്വാനം ഹിന്ദു വിരുദ്ധമാണെന്ന് ആരോപിച്ച് ബി.ജെ.പി വിഷയം വർഗീയവത്കരിച്ചതാണ് കൂടുതൽ ആളുകൾ പടക്കം പൊട്ടിച്ചതെന്ന ആക്ഷേപം ഉയർന്നിട്ടുണ്ട്. ഡൽഹിയിൽ പടക്ക വിൽപന നിരോധനമുള്ളതിനാൽ ഹരിയാന, യു.പി എന്നിവിടങ്ങളിൽനിന്നാണ് വ്യാപകമായി പടക്കം എത്തിയത്.നേരം പുലരുവോളം ആഘോഷം നീണ്ടതോടെ തീപിടുത്തം ഉൾപ്പെടെ 318 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തതെന്ന് അഗ്നിരക്ഷാ ശമനസേന വിഭാഗം വ്യക്തമാക്കി.
വ്യാഴം വൈകുന്നേരം അഞ്ചിനും വെള്ളി പുലർച്ച അഞ്ചിനും ഇടയിലാണ് ഇത്രയും കോളുകൾ വന്നത്. 13 വർഷത്തിനിടെയുള്ള ഏറ്റവും ഉയർന്ന അപകട നിരക്കാണിതെന്ന് അഗ്നിരക്ഷാ ശമനസേന ഉദ്യോഗസ്ഥർതന്നെ പറയുന്നു. കഴിഞ്ഞ വർഷം ദീപാവലി ദിനത്തിൽ 208 അപകടങ്ങളാണ് റിപ്പോർട്ട് ചെയ്തത്.
ആർ.കെ പുരം, ആനന്ദ് വിഹാർ തുടങ്ങിയ സ്ഥലങ്ങളിലാണ് വായു മലിനീകരണം അതിരൂക്ഷാവസ്ഥയില്‍ നിലനില്‍ക്കുന്നത്. എ.ക്യു.ഐ 395 മുകളിൽ ഇവിടങ്ങളില്‍ രേഖപ്പെടുത്തി. എ.ക്യു.ഐ പൂജ്യത്തിനും 50നും ഇടയിലുള്ളവയാണ് മികച്ചതായി കണക്കാക്കുന്നത്. 51 മുതൽ 100 വരെ തൃപ്തികം. 301നും 401നുമിടയിലുള്ള തോത് വളരെ മോശം അവസ്ഥയേയും സൂചിപ്പിക്കുന്നു. സംഖ്യ 400ന് മുകളിൽ കടക്കുന്നതോടെ ഗുരുതരാവസ്ഥയിലും 450 കടക്കുന്നതോടെ മലിനീകരണതോത് അതീവ ഗുരുതരാവസ്ഥയിലെത്തിയതായും കണക്കാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.