കള്ളപ്പണം: ഛഗന്‍ ഭുജ്ബലിനെ എന്‍ഫോഴ്സ്മെന്‍റ് അറസ്റ്റ് ചെയ്തു

മുംബൈ: കള്ളപ്പണ കേസില്‍ മുന്‍ മഹാരാഷ്ട്ര പൊതുമരാമത്ത് മന്ത്രിയും എന്‍.സി.പി നേതാവുമായ ഛഗന്‍ ഭുജ്ബലിനെ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് (ഇ.ഡി) അറസ്റ്റ് ചെയ്തു. തിങ്കളാഴ്ച ചോദ്യം ചെയ്യലിനുശേഷമായിരുന്നു അറസ്റ്റ്. ഇദ്ദേഹത്തെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
നേരത്തേ ലഭിച്ച സമന്‍സ് പ്രകാരം രാവിലെ 11ന് ദക്ഷിണ മുംബൈയിലെ ബെല്ലാര്‍ഡ് എസ്റ്റേറ്റിലുള്ള ഇ.ഡി ആസ്ഥാനത്ത് ഭുജ്ബല്‍ എത്തുകയായിരുന്നു. അഭിഭാഷകനൊപ്പമാണ് ഭുജ്ബല്‍ ചോദ്യംചെയ്യലിന് വിധേയനായത്. നിരോധാജ്ഞ ലംഘിച്ച് ഇ.ഡി കാര്യാലയ പരിസരത്ത് തടിച്ചുകൂടുകയും ഭുജ്ബലിന് അനുകൂലമായി മുദ്രാവാക്യം വിളിക്കുകയും ചെയ്ത എന്‍.സി.പി പ്രവര്‍ത്തകരെ പൊലീസ് അറസ്റ്റ്ചെയ്ത് നീക്കി. അണികള്‍ വരുമെന്നു കണ്ട് പൊലീസ് പരിസരത്ത് നിരോധാഞ്ജ ഏര്‍പ്പെടുത്തുകയായിരുന്നു.

പൊതുമരാമത്ത് മന്ത്രിയായിരിക്കെ ഡല്‍ഹിയിലെ മഹാരാഷ്ട്ര സദന്‍ പുനര്‍ നിര്‍മാണം, വിദ്യാഭ്യാസ ട്രസ്റ്റിന് നഗരത്തിലെ കലീനയില്‍ ഭൂമി അനുവദിച്ചത് എന്നിവയുമായി ബന്ധപ്പെട്ട അഴിമതിയിലൂടെ നേടിയ പണം വിദേശത്തേക്ക് കടത്തിയതുമായി ബന്ധപ്പെട്ടാണ് ഇ.ഡി അന്വേഷണം. മഹാരാഷ്ട്ര ആന്‍റി കറപ്ഷന്‍ ബ്യൂറോ (എ.സി.ബി)യാണ് അഴിമതി കേസുകള്‍ അന്വേഷിക്കുന്നത്.

മുംബൈ, നവി മുംബൈ, നാസിക് എന്നിവിടങ്ങളിലുള്ള ഭുജ്ബലിന്‍െറ ഓഫീസുകളിലും വീടുകളിലും ഫാം ഹൗസുകളിലും റെയ്ഡ് നടത്തിയ എ.സി.ബി രേഖകളും ആഭരണങ്ങളും കണ്ടെടുത്തിരുന്നു. എ.സി.ബി നല്‍കിയ വിവരത്തിന്‍െറ അടിസ്ഥാനത്തിലാണ് ഭുജ്ബലിനും മകനും എം.എല്‍.എയുമായ പങ്കജ് ഭുജ്ബലിനും സഹോദര പുത്രനും മുന്‍ എം.പിയുമായ സമീര്‍ ഭുജ്ബലിനും മറ്റ് 14 പേര്‍ക്കുമെതിരെ ഇ ഡി കള്ളപ്പണം വെളുപ്പിക്കലിന് കേസെടുത്തത്. കഴിഞ്ഞ മാസം ഇ ഡി അറസ്റ്റ് ചെയ്ത സമീര്‍ ഭുജ്ബല്‍ ഇപ്പോള്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. പങ്കജ് ഭുജ്ബലിനെയും ഇ ഡി നേരത്തെ ചോദ്യം ചെയ്തിരുന്നു. 62ഓളം വ്യാജ കമ്പനികളിലൂടെ 800 കോടി രൂപയോളം വിദേശത്തേക്ക് കടത്തിയെന്നാണ് കേസ്. വ്യാജ കമ്പനികളുടെ ഡയറക്ടര്‍മാരാണ് സമീറും പങ്കജും.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.