തീവ്രവാദം: മാധ്യമങ്ങളെ നിരീക്ഷിക്കാന്‍ സമിതിയുണ്ടാക്കണമെന്ന് സൂഫി ഫോറം

ന്യൂഡല്‍ഹി: പത്ര, ഇലക്ട്രോണിക് മാധ്യമങ്ങളിലെ എഡിറ്റോറിയലുകളിലും വാര്‍ത്തകളിലും കാഴ്ചപ്പാടുകളിലും  തീവ്രവാദ ചിന്തകളും ആശയങ്ങളും വരുന്നത് നിരീക്ഷിക്കാന്‍ മാനവ വിഭവശേഷി, വാര്‍ത്താ വിതരണ പ്രക്ഷേപണ, ന്യൂനപക്ഷ മന്ത്രാലയങ്ങള്‍ ചേര്‍ന്ന് സമിതിയുണ്ടാക്കണമെന്ന് ലോക സൂഫി ഫോറം കേന്ദ്രസര്‍ക്കാറിനോട് ആവശ്യപ്പെട്ടു. 90 ശതമാനം മുസ്ലിംകളും പരമ്പരാഗതമായി സ്ത്രീകള്‍ക്കുള്ള അവകാശങ്ങള്‍ നിഷേധിച്ച് ഖുര്‍ആനിക അധ്യാപനങ്ങള്‍ക്കെതിരെ പ്രവര്‍ത്തിക്കുന്നതിനെ ലോക സൂഫി ഫോറം അംഗീകരിച്ച പ്രഖ്യാപനം അപലപിച്ചു. ഇതടക്കം 25 ഇന പ്രഖ്യാപനമാണ് ഡല്‍ഹിയില്‍ സമാപിച്ച ലോക സൂഫി ഫോറം സര്‍ക്കാറിന് മുമ്പാകെ വെച്ചത്.

ഇസ്ലാമിന്‍െറ അധ്യാപനങ്ങളെയും സൂഫികളുടെ മൊഴികളെയും ഇന്ത്യന്‍ ഭരണഘടനയെയും പൂര്‍ണമനസ്സോടെ ബഹുമാനിക്കുന്നതായി പ്രഖ്യാപനം പറയുന്നു. സമഗ്ര ദേശീയതയിലൂന്നി വിഭാഗീയ ശക്തികളെ തള്ളിക്കളയുകയും അവയുമായി തങ്ങള്‍ക്ക് ബന്ധമില്ളെന്ന് വ്യക്തമാക്കുകയും ചെയ്യുന്നു. താലിബാന്‍, അല്‍ഖാഇദ, ഐ.എസ്, തുടങ്ങിയ തീവ്രവാദ സംഘടനകളില്‍നിന്നും ഖുര്‍ആനിന്‍െറയും ഹദീസിന്‍െറയും ദുര്‍വ്യാഖ്യാനങ്ങളില്‍നിന്നും അകന്നുനില്‍ക്കണമെന്ന് മുസ്ലിം യുവാക്കളോട് പ്രഖ്യാപനം ആഹ്വാനം ചെയ്തു.

നീതിരഹിതമായ കൊല നടത്തുകയും സമ്പത്തു നശിപ്പിക്കുകയും സര്‍ക്കാറിനെതിരെ കലഹമുണ്ടാക്കുകയും  മുസ്ലിംകളെ കാഫിറാക്കുകയും പ്രാദേശികവും അന്തര്‍ദേശീയവുമായ പുണ്യസ്ഥാനങ്ങള്‍ തകര്‍ക്കുകയും ചെയ്യുന്നതിനെ ഫോറം അപലപിച്ചു. പ്രവാചക പാരമ്പര്യത്തില്‍ അധിഷ്ഠിതമായ സൂഫിസത്തെ മാത്രമേ അംഗീകരിക്കൂ. സൂഫിസം പ്രോത്സാഹിപ്പിക്കാനും സ്കൂളുകളിലും മദ്റസകളിലും സൂഫി സാഹിത്യം പഠിപ്പിക്കാനും ഫോറം സര്‍ക്കാറിനോട് അഭ്യര്‍ഥിച്ചു. കലാപങ്ങളില്‍ സ്വീകരിച്ച നടപടികള്‍ ആഭ്യന്തര മന്ത്രാലയം വ്യക്തമാക്കണം. സൂഫിസം പാഠ്യപദ്ധതിയാക്കി ‘ഗരീബ് നവാസ് യൂനിവേഴ്സിറ്റി’ സ്ഥാപിക്കുക, എല്ലാ പ്രമുഖ സര്‍വകലാശാലകളിലും സൂഫി ചെയറുകള്‍ സ്ഥാപിക്കുക, സിവില്‍ സര്‍വിസ് പരീക്ഷകളില്‍ ഉര്‍ദു, പേര്‍ഷ്യന്‍ ഭാഷകള്‍ ഉള്‍പ്പെടുത്തുക, മുസ്ലിം ജനസാന്ദ്രത കൂടുതലുള്ള മേഖലകളില്‍ ആധുനിക വിദ്യാഭ്യാസ കേന്ദ്രങ്ങള്‍ സ്ഥാപിക്കുക, കേന്ദ്ര മദ്റസാ ബോര്‍ഡ് ബില്‍ പാര്‍ലമെന്‍റ് ഉടന്‍ പാസാക്കുക, കേന്ദ്ര വഖഫ് കൗണ്‍സില്‍, സംസ്ഥാന വഖഫ് ബോര്‍ഡുകള്‍, ഹജ്ജ് കമ്മിറ്റികള്‍, നാഷനല്‍ മൈനോറിറ്റി ഫിനാന്‍സ് ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ തുടങ്ങിയവയില്‍ സൂഫി പാരമ്പര്യത്തില്‍ വിശ്വസിക്കുന്നവര്‍ക്ക് പ്രാതിനിധ്യം നല്‍കുക, വഖഫ് ഭേദഗതി ബില്ലും നവാഡ്കോയും പുനഃപരിശോധിക്കാന്‍ സമിതിയെ നിയോഗിക്കുക, കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം ‘ദര്‍ഗ മാനേജ്മെന്‍റ് കമ്മിറ്റി’ ഉണ്ടാക്കുക, അലീഗഢിന്‍െറയും ജാമിഅ തുടങ്ങിയ സ്ഥാപനങ്ങളുടെ  ന്യൂനപക്ഷ പദവി നിലനിര്‍ത്തുക  തുടങ്ങിയ ആവശ്യങ്ങളടങ്ങിയ പ്രഖ്യാപനങ്ങളും സര്‍ക്കാറിനുമുന്നില്‍വെച്ചു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.