2002-2003ലെ സ്ഫോടനങ്ങള്‍: സിമി മുന്‍ ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചന്‍ കുറ്റക്കാരന്‍

മുംബൈ: 2002ലും 2003ലും നഗരത്തിലെ മൂന്നു കേന്ദ്രങ്ങളിലുണ്ടായ സ്ഫോടനക്കേസുകളില്‍ മുന്‍ ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചന്‍ അടക്കം 10 സിമി പ്രവര്‍ത്തകര്‍ കുറ്റക്കാരാണെന്ന് പ്രത്യേക പോട്ട കോടതി കണ്ടത്തെി. തെളിവുകളുടെ അഭാവത്തില്‍ മൂന്നു പേരെ വെറുതെവിട്ടു.

 പ്രത്യേക പോട്ട കോടതി ജഡ്ജി പി.ആര്‍. ദേശ്മുഖാണ്  വിധി പ്രഖ്യാപിച്ചത്. ശിക്ഷ ബുധനാഴ്ച വിധിക്കും. മുന്‍ സിമി പ്രവര്‍ത്തകരായ അദ്നാന്‍ മുല്ല, ഹാറൂന്‍ ലോഹര്‍, നദീം പലോബ എന്നിവരാണ് കുറ്റമുക്തരാക്കപ്പെട്ടവര്‍. 2002 ഡിസംബര്‍ ആറിന് മുംബൈ സെന്‍ട്രല്‍ റെയില്‍വേ സ്റ്റേഷനിലെ മക്ഡൊണാള്‍ഡ് റസ്റ്റാറന്‍റിലും 2003 ജനുവരി 27ന് രാവിലെ പാര്‍ലെ റെയില്‍വേ സ്റ്റേഷനു പുറത്തെ ചന്തയിലും 2003 മാര്‍ച്ച് 13ന് മുളുണ്ട് റെയില്‍വേ സ്റ്റേഷനിലത്തെിയ സി.എസ്.ടി-കര്‍ജത്ത് ഇലക്ട്രിക് ട്രെയിനിലെ വനിതാ കമ്പാര്‍ട്മെന്‍റിലും നടന്ന സ്ഫോടനക്കേസുകളിലാണ് വിധി. മൂന്നു സ്ഫോടനങ്ങളിലുമായി 12 പേര്‍ മരിക്കുകയും 27 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

സിമിയും പാക് തീവ്രവാദ സംഘടനയായ ലശ്കറെ ത്വയ്യിബയും ചേര്‍ന്ന് നടത്തിയ സ്ഫോടന പരമ്പരകളാണെന്നാണ് പൊലീസ് കണ്ടത്തെല്‍. ബാബരി മസ്ജിദ് തകര്‍ത്തതിലും ഗുജറാത്ത് വംശഹത്യക്കും എതിരെയുള്ള പ്രതികാരമാണ് സ്ഫോടനങ്ങളെന്നാണ് പ്രോസിക്യൂഷന്‍ വാദം. സാഖിബ് നാച്ചനും പാക് പൗരന്‍ ഫൈസല്‍ ഖാനുമാണ് മൂന്നു സ്ഫോടനങ്ങളുടെയും മുഖ്യ ആസൂത്രകര്‍. രണ്ടു പാക് പൗരന്മാരടക്കം 25 പേര്‍ക്കെതിരെയാണ് കുറ്റപത്രം.

ഇവരില്‍ അഞ്ചു പേര്‍ മരിച്ചു. പാകിസ്താനികളുള്‍പ്പെടെ ഏഴു പേര്‍ പിടികിട്ടാപ്പുള്ളികളാണ്. സ്ഫോടനങ്ങള്‍ നടത്താനും മറ്റും ആളുകളെ സംഘടിപ്പിച്ചതും ആയുധ, സ്ഫോടകവസ്തുക്കള്‍ എത്തിച്ചതും സാഖിബ് നാച്ചനാണെന്നാണ് പ്രോസിക്യൂഷന്‍ വാദം. പിടികിട്ടാപ്പുള്ളിയായ മറ്റൊരു പ്രതിക്കൊപ്പം ഡോ. വഹീദ് അന്‍സാരിയാണ് ബോംബുകളുണ്ടാക്കിയതെന്നും ജനാബ് എന്ന പിടികിട്ടാപ്പുള്ളിക്കൊപ്പം മുസമ്മില്‍ അന്‍സാരിയാണ് ബോംബുകള്‍ സ്ഥാപിച്ചതെന്ന പ്രോസിക്യൂഷന്‍ വാദവും കോടതി ശരിവെച്ചു.

വിധി വരുമ്പോള്‍ മുസമ്മില്‍ അന്‍സാരി ഒഴികെയുള്ളവര്‍ ജാമ്യത്തിലായിരുന്നു. പുണെ നാഷനല്‍ ഡിഫന്‍സ് അക്കാദമിയിലെ ഉര്‍ദു അധ്യാപകനായിരുന്ന ഡോ. അന്‍വര്‍ അലിയാണ് കുറ്റക്കാരനെന്ന് കോടതി കണ്ടത്തെിയ മറ്റൊരു പ്രതി.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.