ന്യൂഡൽഹി: സ്വാതന്ത്ര്യമെന്നത് കേവലമൊരു വാക്ക് മാത്രമല്ലെന്നും, ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങളാൽ നെയ്തെടുത്ത സുരക്ഷാ കവചമാണെന്നും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. സ്വാതന്ത്ര്യ ദിനാശംസകൾ നേർന്ന് എക്സിൽ പങ്കുവച്ച കുറിപ്പിലാണ് രാഹുലിന്‍റെ പരാമർശം.
‘‘എല്ലാവർക്കും സന്തോഷം നിറഞ്ഞ സ്വാതന്ത്ര്യ ദിനാശംസകൾ. നമ്മെ സംബന്ധിച്ചിടത്തോളം സ്വാതന്ത്ര്യം എന്നത് വെറുമൊരു വാക്കല്ല. ഭരണഘടനാപരവും ജനാധിപത്യപരവുമായ മൂല്യങ്ങൾ ചേർന്ന നമ്മുടെ ഏറ്റവും വലിയ സുരക്ഷാകവചമാണ്, അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ കരുത്താണ്. സത്യം പറയാനുള്ള കഴിവും സ്വപ്നങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള പ്രത്യാശയുമാണ്’’ -രാഹുൽ എക്സിൽ കുറിച്ചു.
അതേസമയം ചെങ്കോട്ടയിലെ സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിൽ രാഹുല്‍ ഗാന്ധിയോട് അനാദരവ് കാട്ടിയതായി ആക്ഷേപമുയർന്നു. പ്രതിപക്ഷനേതാവ് ആദ്യനിരയില്‍ ഇരിക്കണമെന്നാണ് പ്രോട്ടോക്കോള്‍. രാഹുലിന് ഹോക്കി താരങ്ങള്‍ക്കൊപ്പം ഇരിപ്പിടം നല്‍കിയത് നാലാംനിരയിലാണ്. പ്രോട്ടോക്കോള്‍ പാലിക്കാത്തതിന് എതിരായാണ് വിമർശനം ഉയർന്നത്. എന്നാൽ, ഒളിംപിക്സ് ജേതാക്കള്‍ക്ക് ഇരിപ്പിടം നൽകാനാണ് ഇങ്ങനെ ക്രമീകരണം ഏർപ്പെടുത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.