മംഗളൂരു: കർണാടകയെ ഗോവയുമായി ബന്ധിപ്പിക്കുന്ന പാലം തകർന്ന് കാളി നദിയിൽ പതിച്ച ലോറി മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയും സംഘവും സാഹസികമായി വ്യാഴാഴ്ച പുറത്തെടുത്തു. ഈ രീതിയിൽ ഷിരൂർ അങ്കോള ദേശീയപാതയിൽ മണ്ണിടിഞ്ഞ് ഗംഗാവാലി നദിയിൽ മുങ്ങിയ കോഴിക്കോട് കണ്ണാടിക്കൽ സ്വദേശി അർജുന്റെ ലോറിയും കണ്ടെത്താനാവുമെന്ന പ്രതീക്ഷ നൽകി മൽപെ സംഘം വെള്ളിയാഴ്ച തിരച്ചിൽ നടത്തി. നാവികസേനയും തിരച്ചിൽ ദൗത്യത്തിൽ ഏർപ്പെട്ടെങ്കിലും ഏതാനും ലോഹക്കഷണങ്ങൾ മാത്രമാണ് കണ്ടെത്താനായത്. വൈകീട്ട് നാലരയോടെ അവർ കരക്കുകയറി.
ഈമാസം ഏഴിന് പുലർച്ച ഒന്നരയോടെയായിരുന്നു കാർവാർ കൊടിബാഗിന് സമീപം 40 വർഷം പഴക്കമുള്ള പാലത്തിന്റെ മൂന്നു ഭാഗങ്ങൾ ഒരേസമയം തകർന്നുവീണത്. കാർവാറിനെ ഗോവയുമായി ബന്ധിപ്പിക്കുന്ന കാളി നദിക്ക് കുറുകെ ദേശീയപാത 66ൽ രണ്ടു പാലങ്ങളുണ്ട്. 1983ൽ നിർമിച്ച പഴയ പാലമാണ് തകർന്നത്. ഈ പാലം ഉപയോഗയോഗ്യമാണെന്ന് അധികൃതർ അവകാശപ്പെട്ടതിനാൽ പഴയതും പുതിയതുമായ പാലങ്ങൾ ഉപയോഗിച്ചുവരുകയായിരുന്നു. 2018ൽ പഴയ പാലത്തിന് സമാന്തരമായി പുതിയ പാലം നിർമിച്ചിരുന്നു.
മണിക്കൂറുകൾ നീണ്ട പ്രയത്നത്തിനൊടുവിലാണ് മൽപെ സംഘം ലോറി പുറത്തെത്തിച്ചത്. വ്യാഴാഴ്ച രാവിലെ ഒമ്പതിന് തുടങ്ങിയ ദൗത്യം വൈകീട്ടോടെ വിജയത്തിലെത്തുകയായിരുന്നു. ലോറി ഡ്രൈവർ ബാലമുരുകനെ സംഭവദിവസം മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയിരുന്നു. പാലത്തിന്റെ സ്ലാബിൽ കുരുങ്ങിയ നിലയിലായിരുന്ന ലോറി പുറത്തെത്തിക്കാൻ സർക്കാർ ഏജൻസികൾ നടത്തിയ ശ്രമങ്ങളെല്ലാം പരാജയപ്പെടുകയായിരുന്നു.
18 ടൺ ഭാരമുള്ള ലോറി ക്രെയിനുകൾ ഉപയോഗിച്ച് വടംകെട്ടി ഉയർത്താനുള്ള ശ്രമങ്ങൾ വിജയിച്ചിരുന്നില്ല. തുടർന്നാണ് ഈശ്വർ മൽപെയുടെ നേതൃത്വത്തിലുള്ള സംഘം മൂന്ന് ക്രെയിനുകളുടെയും രണ്ടു ബോട്ടുകളുടെയും സഹായത്തോടെ കരക്കെത്തിച്ചത്. 50 പേരടങ്ങിയ സംഘമാണ് ദൗത്യം വിജയത്തിലെത്തിച്ചത്.
ഡ്രഡ്ജർ ഉപയോഗിച്ച് ഗംഗാവാലി നദിയിലെ മണൽത്തിട്ടകൾ നീക്കിയാൽ മാത്രമേ അർജുനെയും ലോറിയും കണ്ടെത്താനുള്ള ദൗത്യം വിജയിക്കൂവെന്ന തീരുമാനത്തിൽ ഉത്തര കന്നട ജില്ല ഭരണകൂടവും ദൗത്യം ഏകോപന ചുമതലയുള്ള കാർവാർ എം.എൽ.എ സതീഷ് കൃഷ്ണ സയിലും എത്തിയിരുന്നു.
ഡ്രഡ്ജർ എത്താൻ വൈകുമെന്നാണ് എം.എൽ.എയും ജില്ല ഡെപ്യൂട്ടി കമീഷണറും നൽകുന്ന സൂചന. 50 ലക്ഷം രൂപ ചെലവ് വരുന്ന ഇതിന് ഫണ്ട് കണ്ടെത്താനുള്ള നടപടികളിൽ സ്വാഭാവിക താമസമുണ്ട്. കേരളം ഡ്രഡ്ജർ അയക്കാത്തതിനാൽ ഗോവയിൽ നിന്നാണ് കൊണ്ടുവരുന്നത്. എത്തിക്കാൻ കാലതാമസം ഉണ്ടാകുമെന്ന് ഡ്രെഡ്ജിങ് കമ്പനി മാനേജിങ് ഡയറക്ടർ മഹേന്ദ്ര ജില്ല ഭരണകൂടത്തെ അറിയിച്ചു. ഡ്രെഡ്ജര്‍ തിങ്കളാഴ്ച എത്തില്ലെന്ന് ഏതാണ്ട് ഉറപ്പായി.
28.5 മീറ്റര്‍ നീളവും 8.5 മീറ്റര്‍ വീതിയും രണ്ടു മീറ്റര്‍ ആഴവുമുള്ള ഡ്രെഡ്ജര്‍ ആണ് ഗോവയിൽനിന്ന് കൊണ്ടുവരുന്നത്. ഡ്രാഫ്റ്റിന് മൂന്നു മീറ്റര്‍ നീളമാണുള്ളത്. കടൽ കടന്ന് നദിയിലൂടെ വരുന്ന വഴിയിലെ പാലങ്ങളുടെ തൂണുകൾക്കിടയിൽ 15 മീറ്റർ വീതിയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഡ്രെഡ്ജറിന് 8.5 മീറ്റർ മാത്രമാണ് വീതി. മുങ്ങൽ വിദഗ്ധൻ ഈശ്വർ മൽപെയുടെ സംഘാംഗങ്ങൾ, എൻ.ഡി.ആർ.എഫ്, എസ്.ഡി.ആർ.എഫ് എന്നിവർ ശനിയാഴ്ചയും തിരച്ചിൽ തുടരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.