സാഖിബ് നാച്ചന് എതിരെ തെളിഞ്ഞത് ആയുധ കുറ്റം

മുംബൈ: 2002-03 ല്‍ നഗരത്തിലെ മൂന്നിടത്ത് നടന്ന സ്ഫോടന കേസില്‍ മുന്‍ സിമി ജനറല്‍ സെക്രട്ടറി സാഖിബ് നാച്ചന് എതിരെ തെളിഞ്ഞത് അനധികൃതമായി ആയുധം സൂക്ഷിച്ചുവെന്ന കുറ്റം. സ്ഫോടനങ്ങളുടെ ആസൂത്രണം, സ്ഫോടക വസ്തുക്കള്‍ എത്തിക്കല്‍, ആളുകളെ സംഘടിപ്പിക്കല്‍, കൊലപാതകം തുടങ്ങി പ്രോസിക്യൂഷന്‍ ആരോപിച്ച കുറ്റങ്ങള്‍ കോടതി തള്ളി. ഭീവണ്ടിയിലുള്ള നാച്ചന്‍െറ മെഡിക്കല്‍ ഷോപ്പില്‍നിന്ന് തോക്ക് കണ്ടെടുത്തതുമായി ബന്ധപ്പെട്ടാണ് കോടതി വിധി. നാച്ചന്‍െറ പഡ്ഗാ ഗ്രാമത്തിലെ മാഹുലി മലയില്‍നിന്ന് കണ്ടെടുത്ത എ.കെ 56 ന്‍െറ ഒഴിഞ്ഞ ഷെല്ലുകള്‍ മെഡിക്കല്‍ ഷോപ്പില്‍നിന്ന് കണ്ടെടുത്ത തോക്കിന്‍േറതാണെന്ന ഫോറന്‍സിക് റിപ്പോര്‍ട്ടാണ് കുറ്റക്കാരനെന്ന് കണ്ടത്തൊന്‍ കാരണമായത്. ഇതു പ്രകാരം ജീവപര്യന്തമാണ് പരമാവധി ശിക്ഷ. കുറഞ്ഞത് അഞ്ച് വര്‍ഷവും.

ചൊവ്വാഴ്ചയാണ് മൂന്നു സ്ഫോടന കേസുകളിലും പ്രത്യേക പോട്ട കോടതി ജഡ്ജി ജി.എ. സനപ് വിധിപറഞ്ഞത്. നാച്ചന്‍ അടക്കം 10 പേര്‍ കുറ്റക്കാരെന്ന് കണ്ടത്തെിയ കോടതി മൂന്നു പേരെ വെറുതെ വിട്ടു. കുറ്റക്കാരെന്ന് കണ്ടത്തെിയവര്‍ക്ക് ശിക്ഷ സംബന്ധിച്ച വാദപ്രതിവാദമാണ് ഇപ്പോള്‍ നടക്കുന്നത്. സാഖിബ് നാച്ചന് അഭിഭാഷകരില്ല. സ്വയം വാദിച്ചും തെളിവുകള്‍ സമര്‍പ്പിച്ചുമാണ് നാച്ചന്‍ പ്രോസിക്യൂഷന്‍ ആരോപണങ്ങളെ നേരിട്ടത്. പോട്ട, ഐ.പി.സി നിയമങ്ങളില്‍ അപാര ജ്ഞാനമുള്ള ആളെന്നാണ് നാച്ചനെ കേസിലെ പ്രത്യേക പബ്ളിക് പ്രോസിക്യൂട്ടര്‍ രോഹിണി സാലിയാന്‍ വിശേഷിപ്പിച്ചത്. 

1990കളില്‍ സാഖിബ് നാച്ചന്‍ രണ്ടു തവണ പാകിസ്താന്‍ സന്ദര്‍ശിച്ചെന്നും സലാഹുദ്ദീന്‍ സുഡാനി അടക്കമുള്ളവരെ കണ്ട് യുവാക്കള്‍ക്ക് ആയുധപരിശീലനം നല്‍കുന്നത് സംബന്ധിച്ച് ചര്‍ച്ച നടത്തിയെന്നാണ് സി.ബി.ഐ കുറ്റപത്രത്തില്‍ പറഞ്ഞത്. തന്‍െറ പാക് യാത്ര സ്വന്തം പാസ്പോര്‍ട്ടില്‍ നിയമപരമായിരുന്നുവെന്നും പൂര്‍വികരുടെ സ്വത്തുമായി ബന്ധപ്പെട്ടായിരുന്നു അതെന്നുമാണ് നാച്ചന്‍ കോടതിയില്‍ പറഞ്ഞത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.