മല്യയുടെ രാജി രാജ്യസഭ അംഗീകരിച്ചു

ന്യൂഡല്‍ഹി: കോടികള്‍ കടമെടുത്ത് മുങ്ങിയ സഭാംഗമായ വിജയ് മല്യയെ അടിയന്തരമായി പുറത്താക്കാന്‍ ശിപാര്‍ശ ചെയ്ത സദാചാര സമിതി റിപ്പോര്‍ട്ട് സഭയുടെ മേശപ്പുറത്തുവെച്ചതിന് പിറകെ അദ്ദേഹത്തിന്‍െറ രാജിക്കത്ത് രാജ്യസഭ അംഗീകരിച്ചു. രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യനാണ് രാജി സ്വീകരിച്ച വിവരം ബുധനാഴ്ച വൈകീട്ട് രാജ്യസഭയെ അറിയിച്ചത്. സദാചാര സമിതിയുടെ കാരണം കാണിക്കല്‍ നോട്ടീസിന് നല്‍കിയ മറുപടിക്കൊപ്പം കഴിഞ്ഞ മാസം 25ന് മല്യ രാജിക്കത്തും അയച്ചിരുന്നു. കരണ്‍സിങ് അധ്യക്ഷനായ സദാചാര സമിതി റിപ്പോര്‍ട്ട് ബുധനാഴ്ച രാവിലെയാണ് രാജ്യസഭയുടെ മേശപ്പുറത്ത് വെച്ചത്. പുറത്താക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്നാവശ്യപ്പെട്ട കത്തിന് മല്യ  അയച്ച മറുപടി അടക്കം പരിഗണിച്ചാണ് മേയ് മൂന്നിന് ചേര്‍ന്ന  രാജ്യസഭയുടെ സദാചാര സമിതി മല്യയെ പുറത്താക്കാന്‍ ശിപാര്‍ശ ചെയ്തത്.

സ്വഭാവദൂഷ്യത്തിന് സഭാംഗത്തെ പുറത്താക്കാന്‍ രാജ്യസഭക്കുള്ള അധികാരം സുപ്രീംകോടതി നേരത്തെ അംഗീകരിച്ചതിനാല്‍ നടപടിയെടുക്കാതിരിക്കാന്‍ മല്യ മറുപടിയില്‍ കുറിച്ച നിയമരപവും ഭരണഘടനാപരവുമായ ന്യായങ്ങള്‍ നിലനില്‍ക്കുന്നതല്ളെന്ന് സമിതി റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. സുപ്രീംകോടതിയുടെ ഉത്തരവുണ്ടായിട്ടും സദാചാര സമിതി ഏകപക്ഷീയമാണെന്ന് ആരോപിച്ച് സമിതിയുടെ നിഷ്പക്ഷതയെ മല്യ ചോദ്യം ചെയ്തത് നിര്‍ഭാഗ്യകരമാണെന്ന് സമിതി വിലയിരുത്തി. സ്വഭാവദൂഷ്യത്തിന്‍െറ കാഠിന്യം കണക്കിലെടുക്കുമ്പോള്‍ നിലവിലെ  സാഹചര്യത്തില്‍ അംഗത്വം റദ്ദാക്കുന്നതില്‍ കുറഞ്ഞ ഒരു നടപടിയും മല്യ അര്‍ഹിക്കുന്നില്ളെന്ന് സഭാസമിതി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടി.

ഇത്തരം തെറ്റുകള്‍ ചെയ്യുന്ന അംഗങ്ങള്‍ക്കെതിരെ  നടപടികള്‍ കൈക്കൊള്ളേണ്ടത് പാര്‍ലമെന്‍റിന്‍െറ അന്തസ്സ് ഉയര്‍ത്തിപ്പിടിക്കാന്‍ അനിവാര്യമാണെന്ന ബോധം പൊതുജനങ്ങളില്‍ സൃഷ്ടിക്കാന്‍ മല്യക്കെതിരെ കൈക്കൊള്ളുന്ന ഇത്തരമൊരു കര്‍ശന നടപടിയിലൂടെ കഴിയുമെന്നും സദാചാര സമിതി വിലയിരുത്തി. ബാങ്കുകളില്‍നിന്നെടുത്ത വായപ തിരിച്ചടക്കാത്തത്, വായ്പയടക്കാതെ രാജ്യം വിട്ടത്, കിങ്ഫിഷര്‍ ജീവനക്കാര്‍ക്ക് ശമ്പളം നല്‍കാത്തത് എന്നിവ മല്യക്കെതിരായ പരാതികളാണെന്ന് സമിതി വിലയിരുത്തി.

ബാങ്ക് വായ്പകളടക്കം മല്യയുടെ വെളിപ്പെടുത്താത്ത ബാധ്യതകള്‍ സംബന്ധിച്ച് സമിതി സമര്‍പ്പിച്ച ശിപാര്‍ശകളില്‍ രാജ്യസഭ തീരുമാനമെടുക്കും. മാര്‍ച്ച് പത്തിന് ശൂന്യവേളയില്‍ ചില അംഗങ്ങള്‍ വിജയ് മല്യ നാടുവിട്ട വിവരം സഭയെ അറിയിച്ച പശ്ചാത്തലത്തിലാണ് മാര്‍ച്ച് 14ന് വിഷയം രാജ്യസഭ സദാചാരസമിതിക്ക് വിട്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.