ന്യൂഡല്‍ഹി: അവനവന്‍െറ ഗുണങ്ങളില്‍ മതിമറക്കുന്ന ആത്മരതിക്കാരനാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് ബി.ജെ.പിയുടെ മുന്‍മന്ത്രി അരുണ്‍ ഷൂരി. നിയന്ത്രിക്കാനാരുമില്ലാതെ പ്രസിഡന്‍ഷ്യല്‍ രീതിയില്‍ നടക്കുന്ന ഇപ്പോഴത്തെ ഒറ്റയാള്‍ ഭരണം ഇന്ത്യക്ക് അപകടകരമാണെന്നും വാജ്പേയി മന്ത്രിസഭയില്‍ അംഗമായിരുന്ന അദ്ദേഹം പറഞ്ഞു. ഇന്ത്യ ടുഡെ ടി.വിക്കുവേണ്ടി കരണ്‍ ഥാപ്പറിന് നല്‍കിയ അഭിമുഖത്തിലാണ് അരുണ്‍ ഷൂരി മനസ്സുതുറന്നത്. രണ്ടുവര്‍ഷത്തെ പോക്കുവെച്ചുനോക്കിയാല്‍ പൗരസ്വാതന്ത്ര്യം നിയന്ത്രിക്കാന്‍ അടുത്ത മൂന്നുവര്‍ഷം കൂടുതല്‍ വ്യവസ്ഥാപിത ശ്രമം നടന്നേക്കുമെന്ന് ഷൂരി വിലയിരുത്തി. അസുഖകരമായ ശബ്ദങ്ങള്‍ കൂടുതല്‍ നിയന്ത്രിക്കപ്പെടും.
തന്നോടുള്ള സ്നേഹവും മറ്റൊരര്‍ഥത്തില്‍ അരക്ഷിതബോധവുമാണ് മോദിയെ ഭരിക്കുന്നത്. ഓരോ സംഭവങ്ങളും തന്‍െറ നേട്ടത്തിന് ഉപയോഗപ്പെടുത്തുകയാണ് മോദി ചെയ്യുന്നത്. നാപ്കിന്‍ പോലെ, ഉപയോഗിച്ചു വലിച്ചെറിയുന്ന നിര്‍ദയ മനോഭാവമാണ് ജനങ്ങളോട് പ്രധാനമന്ത്രിക്ക്. അഗസ്റ്റവെസ്റ്റ്ലന്‍ഡ് കോപ്ടര്‍ ഇടപാടില്‍ കമ്പനിയുടെ രണ്ട് മുന്‍ മേധാവിമാരെ കുറ്റവിമുക്തരാക്കിയ ഇറ്റാലിയന്‍ വിചാരണക്കോടതി വിധിക്കെതിരെ അന്ന് മോദിസര്‍ക്കാര്‍ അപ്പീല്‍ പോകാതിരുന്നത് എന്തുകൊണ്ടാണെന്ന് ഷൂരി ചോദിച്ചു.
എലിയെ തിരഞ്ഞ് മല കുഴിക്കുന്നതുപോലെയായിരുന്നു പ്രതിരോധമന്ത്രി മനോഹര്‍ പരീകര്‍ കോപ്ടര്‍ വിവാദത്തെക്കുറിച്ച് രാജ്യസഭയില്‍ വിശദീകരിച്ചത്. എല്ലാവരുമായും ഗുസ്തി മത്സരമാണ് മോദി രണ്ടുവര്‍ഷം നടത്തിയത്. പ്രതീക്ഷിച്ചതൊന്നും കിട്ടിയില്ല. കിട്ടിയ അവസരം കളഞ്ഞുകുളിച്ചു. സ്വയം തെരഞ്ഞെടുത്ത ചുരുക്കം ചിലരില്‍നിന്ന് മാത്രമാണ് മോദിക്ക് വിവരങ്ങള്‍ കിട്ടുന്നത്. ഘര്‍ വാപസി, ലവ് ജിഹാദ്, ബീഫ് വിലക്ക്, അവാര്‍ഡ് തിരിച്ചേല്‍പിക്കല്‍, ദേശവിരുദ്ധതാ പ്രചാരണം, ഭാരത് മാതാ കീ ജയ്, വിദ്യാര്‍ഥി പ്രക്ഷോഭം എന്നിവയിലെല്ലാം സര്‍ക്കാര്‍ ബോധപൂര്‍വം കളിച്ചതായി കാണാം. അഴിമതി കുറഞ്ഞിട്ടുണ്ട്. എന്നാല്‍ വ്യാപം, ലളിത് മോദി, ശാരദാ ചിട്ടിതട്ടിപ്പ് തുടങ്ങിയ സംസ്ഥാനതല അഴിമതികളുടെ കാര്യത്തില്‍ ഒന്നും ചെയ്തിട്ടില്ല. കോണ്‍ഗ്രസ് ഭരിച്ച രണ്ടു സംസ്ഥാനങ്ങളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തിയത് ഭരണഘടനാ വിരുദ്ധമാണ്. പാക് നയത്തില്‍ മോദിസര്‍ക്കാര്‍ പിഴവുകാട്ടി. പാകിസ്താന്‍െറ കണ്ണില്‍ നമ്മെ വിഡ്ഢികളാക്കി.
സാമ്പത്തിക വളര്‍ച്ചയെക്കുറിച്ച് പെരുപ്പിച്ച അവകാശവാദങ്ങളാണ് ഉന്നയിക്കുന്നത്. ഗുജറാത്തിലെ നിക്ഷേപക സംഗമങ്ങള്‍ പെരുപ്പിച്ച മാതിരിയാണിത്. നികുതി വിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാര്‍ പരാജയമാണെന്നും മുന്‍ ഓഹരി വിറ്റഴിക്കല്‍ വകുപ്പുമന്ത്രി കൂടിയായ ഷൂരി വിലയിരുത്തി.ബാങ്കിങ് മേഖലയിലെ പ്രതിസന്ധി നിരുത്തരവാദപരമായാണ് സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.