ഇംഫാൽ/ ന്യൂഡൽഹി: വംശീയ കലാപം രൂക്ഷമായ മണിപ്പൂരിലേക്ക് അധികമായി 10,000 സൈനികരെ കൂടി കേന്ദ്രസർക്കാർ അയക്കും. 90 കമ്പനി സേന (ഏകദേശം 10,800 സൈനികർ) കൂടി വരുന്നതോടെ മേഖലയിൽ വിന്യസിച്ച ആകെ കമ്പനികളുടെ എണ്ണം 288 ആകുമെന്ന് മണിപ്പൂർ സുരക്ഷാ ഉപദേഷ്ടാവ് കുൽദീപ് സിങ് പറഞ്ഞു. 2023 മേയിൽ ആരംഭിച്ച കലാപത്തിൽ ഇതുവരെ 288 പേർ കൊല്ലപ്പെട്ടെന്നും അദ്ദേഹം വ്യക്തമാക്കി.
“അധികമായി 90 കമ്പനി സേനയെ കൂടി കേന്ദ്രം അനുവദിച്ചിട്ടുണ്ട്. ഇതിൽ വലിയൊരു സംഘം ഇംഫാലിൽ എത്തിയിട്ടുണ്ട്. സാധാരണക്കാരുടെ സ്വത്തിനും ജീവനും സംരക്ഷണം നൽകാനും സംഘർഷ മേഖലകളിൽ നിരീക്ഷണം ശക്തമാക്കാനുമാണ് സേനാവിന്യാസം. പഴുതടച്ച സുരക്ഷ ഉറപ്പാക്കും. എല്ലാ ജില്ലയിലും കൺട്രോൾ റൂമുകൾ തുറക്കുകയും പുതിയ കോ-ഓഡിനേഷൻ സെല്ലുകൾ രൂപവത്കരിക്കുകയും ചെയ്യും. നിലവിലെ പ്രവർത്തനം സൂക്ഷ്മമായി വിലയിരുത്തുന്നുണ്ട്.
കലാപം ആരംഭിച്ച ശേഷം പൊലീസ് സ്റ്റേഷനുകളിൽനിന്നും ആയുധപ്പുരകളിൽനിന്നും അക്രമകാരികൾ കൈക്കലാക്കിയ മൂവായിരത്തോളം തോക്കുകളും മറ്റ് ആയുധങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. പൊലീസ്, സി.ആർ.പി.എഫ്, ബി.എസ്.എഫ്, കരസേന, അസം റൈഫിൾസ്, ഐ.ടി.ബി.പി, എസ്.എസ്.ബി എന്നിവ സംയുക്തമായാണ് സംസ്ഥാനത്ത് സുരക്ഷയൊരുക്കുന്നത്. ദേശീയ പാതയോരങ്ങളിൽ വരെ സുരക്ഷ ഏർപ്പാടാക്കിയിട്ടുണ്ട്” -കുൽദീപ് സിങ് പറഞ്ഞു.
നവംബർ ഏഴിന് ജിരിബം ജില്ലയിൽ ഹമർ ഗോത്രവിഭാഗത്തിൽ പെട്ട വനിത കൊല്ലപ്പെട്ടതിനു പിന്നാലെയാണ് പുതിയ അക്രമ പരമ്പരകൾക്ക് തുടക്കമായത്. മൂന്ന് കുട്ടികളുടെ അമ്മയായ ഇവരെ മെയ്തെയ് വിഭാഗക്കാരാണ് കൊലപ്പെടുത്തിയതെന്ന് ബന്ധുക്കൾ ആരോപിച്ചു. നവംബർ 11ന് കുക്കി വിഭാഗക്കാർക്കു നേരെയും ആക്രമണമുണ്ടായി. സി.ആർ.പി.എഫുമായുള്ള ഏറ്റുമുട്ടലിൽ 10 മെയ്തെയ് വിഭാഗക്കാർ കൊല്ലപ്പെട്ടു. രണ്ടുപേരെ കുക്കികൾ കൊലപ്പെടുത്തി. പിഞ്ചുകുഞ്ഞ് ഉൾപ്പെടെ ബന്ദികളാക്കിയ ആറ് പേരുടെ മൃതദേഹം പിന്നീട് പുഴയിൽനിന്ന് കണ്ടെത്തുകയും ചെയ്തു. ഏറ്റുമുട്ടലുകൾ തുടരുന്ന സാഹചര്യത്തിലാണ് കൂടുതൽ സേനയെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.