സൈനികനടക്കം നാലുപേര്‍ കൊല്ലപ്പെട്ടു; കശ്മീര്‍ വീണ്ടും പ്രക്ഷുബ്​ധം

കശ്മീര്‍: കശ്മീരില്‍ രണ്ട് പ്രദേശങ്ങളിലുണ്ടായ സൈനിക നടപടികളില്‍ സൈനികനടക്കം നാലുപേര്‍ മരിച്ചു. വടക്കന്‍ കശ്മീരില്‍ നിയന്ത്രണരേഖയിലൂടെ നുഴഞ്ഞുകയറാന്‍ ശ്രമിച്ച തീവ്രവാദികള്‍ നടത്തിയ വെടിവെപ്പിലാണ് സൈനികന്‍ രമേശ് യാദവ് കൊല്ലപ്പെട്ടത്. ദക്ഷിണ കശ്മീരിലെ പുല്‍വാമ ജില്ലയില്‍ ശനിയാഴ്ച രാവിലെ സൈനിക നടപടിയിലാണ് മൂന്നുപേര്‍ കൊല്ലപ്പെട്ടത്. ഇവര്‍ ദോഗിപുര, തഹാബ്, ബ്രാഒ ബന്ദ്യൂന്‍ ഗ്രാമങ്ങളില്‍നിന്നുള്ളവരാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവര്‍ ഹിസ്ബുല്‍ മുജാഹിദീന്‍ തീവ്രവാദികളാണെന്നും ആയുധങ്ങള്‍ പിടിച്ചെടുത്തതായും സൈന്യം പറഞ്ഞു. പന്‍സ്ഗാം ഗ്രാമത്തില്‍ വെള്ളിയാഴ്ച അര്‍ധരാത്രി ആരംഭിച്ച തെരച്ചിലിനിടെ തീവ്രവാദികള്‍ സൈന്യത്തിന് നേരെ വെടിവെക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാരുടെ ശ്രമം സൈന്യം തകര്‍ത്തതായും സൈനിക കേന്ദ്രങ്ങള്‍ പറഞ്ഞു.
സംഭവത്തെ തുടര്‍ന്ന് ആഴ്ചകള്‍ക്ക് ശേഷം താഴ്വര വീണ്ടും പ്രക്ഷുബ്ധമായി. പ്രതിഷേധവുമായി ജനങ്ങള്‍ തെരുവിലിറങ്ങി. സുരക്ഷാസേനക്കുനേരെ കല്ളെറിഞ്ഞ പ്രതിഷേധക്കാര്‍ക്കുനേരെ പൊലിസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. കൊല്ലപ്പെട്ടവര്‍ക്കുവേണ്ടി നടന്ന മയ്യിത്ത് നമസ്കാരത്തില്‍ വന്‍ ജനാവലി പങ്കെടുത്തു. പ്രതിഷേധത്തെ തുടര്‍ന്ന് ശ്രീനഗറില്‍നിന്നും ബാനിഹാളിലേക്കുള്ള ട്രെയിന്‍ സര്‍വിസുകള്‍ റദ്ദാക്കി.
ഏപ്രില്‍ 12ന് ഹന്ദ്വാരയില്‍ സ്കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് വ്യാപക പ്രതിഷേധങ്ങളുണ്ടായ സംസ്ഥാനം സാധാരണനില കൈവരിക്കുന്നതിനിടെയാണ് പുതിയ അക്രമം. ഹന്ദ്വാര സംഭവത്തില്‍ ഉള്‍പ്പെട്ട വിദ്യാര്‍ഥിനിയെ കരുതല്‍ തടവില്‍നിന്നും മോചിപ്പിക്കണമെന്നാവശ്യപ്പെട്ട് മനുഷ്യാവകാശ സംഘടനകള്‍ പ്രതിഷേധം തുടരുകയാണ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.