ഗുജറാത്തില്‍ ബീഫ് കൈവശംവെച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവ്

സൂറത്ത്: ഗുജറാത്തില്‍ ബീഫ് കൈവശംവെച്ചയാള്‍ക്ക് മൂന്ന് വര്‍ഷം തടവും 10,000 രൂപ പിഴയും. സൂറത്ത് ജില്ലയിലെ ദേവ്ദാ ഗ്രാമത്തിലെ റഫീഖ് ഇല്യാസ്ഭായി ഖലീഫ എന്ന 35കാരനെയാണ് ഗണ്ടേവി ഒന്നാം ക്ളാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് സി.വൈ. വ്യാസ് ശിക്ഷിച്ചത്. ഗുജറാത്തില്‍ ബീഫും ബീഫുല്‍പന്നങ്ങളും കൈവശംവെക്കുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും കടത്തുന്നതും നിരോധിച്ചിട്ടുണ്ട്. ഗുജറാത്ത് മൃഗസംരക്ഷണ (ഭേദഗതി) നിയമത്തിലെ വകുപ്പുകള്‍ പ്രകാരമാണ് ശിക്ഷ. പശു ഒരുവിഭാഗത്തിന്‍െറ മതവികാരവുമായി ബന്ധപ്പെട്ടതാണെന്നും ഇത്തരം കുറ്റകൃത്യം സമൂഹത്തിന് ഭീഷണിയാണെന്നും പ്രതിക്ക് ജയില്‍ശിക്ഷ നല്‍കുന്നത് മറ്റുള്ളവരെ ഇത് ആവര്‍ത്തിക്കുന്നതില്‍നിന്ന് വിലക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതി ദരിദ്രസമൂഹത്തില്‍നിന്നുള്ളയാളാണെന്ന വാദം അംഗീകരിക്കാന്‍ കോടതി തയാറായില്ല. 2014 ഒക്ടോബര്‍ എട്ടിനാണ് റഫീഖ് അറസ്റ്റിലായത്. രണ്ട് ബാഗുകളിലായി 20 കിലോഗ്രാം ബീഫുമായി ബൈക്കില്‍ പോകുന്നതിനിടെയാണ് ഇയാള്‍ പിടിയിലായത്. ഇതേകുറ്റത്തിന് അറസ്റ്റിലായ ഒരു ഇറച്ചിവില്‍പനക്കാരനെ തെളിവുകളില്ലാത്തതിനാല്‍ കോടതി വെറുതെവിട്ടു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.