മുംബൈ: ഷീന ബോറ കൊലക്കേസില്‍ മാപ്പുസാക്ഷിയാകാന്‍ തയാറാണെന്ന് കോടതിയില്‍ ഇന്ദ്രാണി മുഖര്‍ജിയുടെ ഡ്രൈവറും മുഖ്യപ്രതികളിലൊരാളുമായ ശ്യാംവര്‍ റായ്. കൃത്യത്തില്‍ താനും പങ്കാളിയാണെന്നും കഴുത്തു ഞെരിച്ചാണ് ഷീനയെ കൊലപ്പെടുത്തിയതെന്നും ശ്യാംവര്‍ റായ് കോടതിയില്‍ സമ്മതിച്ചു. സമ്മര്‍ദമോ ഭീഷണിയോ ഇല്ളെന്നും പശ്ചാതാപംകൊണ്ടാണ് കുറ്റം ഏറ്റുപറഞ്ഞ് മാപ്പുസാക്ഷിയാകാന്‍ തയാറാകുന്നതെന്നും റായ് പറഞ്ഞു.
ബുധനാഴ്ച പ്രത്യേക സി.ബി.ഐ ജഡ്ജി എച്ച്.എസ്. മഹാജനു മുമ്പാകെ ഹാജരാക്കിയപ്പോഴാണ് കുറ്റമേറ്റ് മാപ്പുസാക്ഷിയാകാന്‍ സന്നദ്ധത അറിയിച്ചത്. ശ്യാംവര്‍ റായിയെ മാപ്പുസാക്ഷിയാക്കുന്നതു സംബന്ധിച്ച് അടുത്ത 17ന് അഭിപ്രായം അറിയിക്കാന്‍ സി.ബി.ഐയോട് കോടതി ആവശ്യപ്പെട്ടു.
ശ്യാംവര്‍ റായിയെ തിങ്കളാഴ്ച ഹാജരാക്കാന്‍ കോടതി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജയില്‍ അധികൃതര്‍ ശ്യാംവര്‍ റായിയെ എത്തിച്ചിരുന്നില്ല. ക്ഷുഭിതനായ ജഡ്ജി പ്രതിയെ ബുധനാഴ്ച ഹാജരാക്കിയില്ളെങ്കില്‍ ജയില്‍ അധികൃതര്‍ക്കെതിരെ നടപടിയെടുക്കുമെന്ന് മുന്നറിയിപ്പ് നല്‍കുകയായിരുന്നു. കോടതി നിര്‍ദേശപ്രകാരം മറ്റു പ്രതികളായ മുന്‍ സ്റ്റാര്‍ ഇന്ത്യ മേധാവി പീറ്റര്‍ മുഖര്‍ജി, ഭാര്യ ഇന്ദ്രാണി മുഖര്‍ജി, ഇന്ദ്രാണിയുടെ മുന്‍ ഭര്‍ത്താവ് സഞ്ജീവ് ഖന്ന എന്നിവരെയും ഹാജരാക്കി.
കഴിഞ്ഞ വര്‍ഷം ആഗസ്റ്റില്‍ ശ്യാംവര്‍ റായിയുടെ അറസ്റ്റോടെയാണ് ഷീന ബോറ കേസിന്‍െറ ചുരുളഴിഞ്ഞത്. 2012 ഏപ്രില്‍ 24ന് കാറില്‍വെച്ച് കഴുത്തുഞെരിച്ച് കൊന്ന് മൃതദേഹം പെട്ടിയിലാക്കി റായ്ഗഢ് ജില്ലയിലെ വിജനമായ ഗ്രാമത്തില്‍ കൊണ്ടുപോയി കത്തിക്കുകയായിരുന്നുവെന്നാണ് കണ്ടത്തെല്‍. ശ്യാംവര്‍ റായിയുടെ അറസ്റ്റിനു തൊട്ടുപിന്നാലെ ഇന്ദ്രാണിയും സഞ്ജീവ് ഖന്നയും നവംബറില്‍ പീറ്റര്‍ മുഖര്‍ജിയും അറസ്റ്റിലായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.