ദാവൂദ് ബന്ധം: ഏക്നാഥ് കഡ്സെക്ക് മുംബൈ പൊലീസിന്‍െറ ക്ലീന്‍ചിറ്റ്

മുംബൈ: അധോലോക നേതാവ് ദാവൂദ് ഇബ്രാഹിമിന്‍െറ ഫോണുകളില്‍നിന്ന് മഹാരാഷ്ട്ര മന്ത്രി ഏക്നാഥ് കഡ്സെയുടെ ഫോണിലേക്ക് വിളികള്‍ വന്നിട്ടില്ളെന്ന് മുംബൈ പൊലീസ്. 2015 സെപ്റ്റംബര്‍ നാലിനും കഴിഞ്ഞ ഏപ്രില്‍ അഞ്ചിനുമിടയില്‍ ദാവൂദിന്‍െറ ഭാര്യ മെഹ്ജബിന്‍െറ പേരില്‍ കറാച്ചിയിലുള്ള നാലു നമ്പറുകളില്‍നിന്ന് കഡ്സെയുടെ നമ്പറിലേക്ക് നിരവധി കോളുകള്‍ വന്നെന്നാണ് ആരോപണം.

എന്നാല്‍, ഈ കാലയളവില്‍ കഡ്സെയുടെ നമ്പറില്‍ വിദേശത്തുനിന്നും വിളികളുണ്ടാകുകയൊ വിദേശങ്ങളിലേക്ക് വിളിക്കുകയൊ ചെയ്തിട്ടില്ളെന്ന് ജോയന്‍റ് പൊലീസ് കമീഷണര്‍ (ക്രൈം) അതുല്‍ചന്ദ് കുല്‍കര്‍ണി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കഡ്സെക്ക് എതിരെ അന്വേഷണം ആവശ്യപ്പെട്ട് ആം ആദ്മി പാര്‍ട്ടി രംഗത്തുവന്നതോടെ സര്‍ക്കാര്‍ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

അതേസമയം, ഏക്നാഥ് കഡ്സെയെ കൂടാതെ നാല് പ്രമുഖ രാഷ്ട്രീയക്കാരുടെ നമ്പറുകള്‍കൂടി ദാവൂദിന്‍െറ ഫോണ്‍വിളി പട്ടികയില്‍ കണ്ടത്തെിയതായി എത്തിക്കല്‍ ഹാക്കര്‍ മനീഷ് ഭംഗാളെ പറഞ്ഞു. എന്നാല്‍, നമ്പറുകള്‍ സ്ഥിരീകരിക്കാന്‍ കഴിഞ്ഞിട്ടില്ളെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഗുജറാത്ത് സ്വദേശിയായ മനീഷ് ആണ് മെഹ്ജബീന്‍െറ പേരിലുള്ള നമ്പറുകള്‍ കണ്ടത്തെി ഫോണ്‍വിളി പട്ടിക സംഘടിപ്പിച്ചത്. പട്ടിക ആദ്യം ഗുജറാത്ത് പൊലീസിന് നല്‍കിയെങ്കിലും അവര്‍ ഗൗരവത്തിലെടുത്തില്ളെന്ന് മനീഷ് പറഞ്ഞു.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പട്ടിക മെയില്‍ ചെയ്തെങ്കിലും പ്രതികരണമുണ്ടായില്ല. ഒരിക്കല്‍ വിവരങ്ങള്‍ ആരാഞ്ഞ് ഇന്‍റലിജന്‍സ് ഉദ്യോഗസ്ഥര്‍ വന്നെങ്കിലും പിന്നീട് അവരും പിന്മാറി. എന്‍.ഐ.എക്ക് വിവരങ്ങള്‍ കൈമാറാനുള്ള ഒരുക്കത്തിലാണെന്നും മനീഷ് പറഞ്ഞു. രാജ്യസ്നേഹത്തിന്‍െറ ഭാഗമായാണ് ഹാക് ചെയ്യുന്നതെന്നും വിദേശ സന്നദ്ധ സംഘടനയാണ് സാമ്പത്തിക സഹായം നല്‍കുന്നതെന്നും മനീഷ് അവകാശപ്പെട്ടു. ഗുജറാത്തീ പത്രവും ഇന്ത്യ ടുഡെ ചാനലും വാര്‍ത്ത പുറത്തുവിടുകയും മുംബൈയിലെ ആം ആദ്മി പാര്‍ട്ടി സംഭവം ഏറ്റെടുക്കുകയും ചെയ്തതോടെയാണ് കഡ്സെ-ദാവൂദ് ബന്ധം വിവാദമായത്.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.