പശ്ചിമഘട്ടം: മെല്ലെപ്പോക്ക് ഇല്ല –കേന്ദ്രം

ന്യൂഡല്‍ഹി: പശ്ചിമഘട്ട സംരക്ഷണത്തിന്‍െറ കാര്യത്തില്‍ കേന്ദ്ര സര്‍ക്കാറിന് മെല്ളെപ്പോക്ക് നയമല്ളെന്ന്  കേന്ദ്ര വനം-പരിസ്ഥിതി മന്ത്രി പ്രകാശ് ജാവ്ദേക്കര്‍. പശ്ചിമഘട്ട സംരക്ഷണത്തിനുള്ള നയരൂപവത്കരണത്തില്‍ തമിഴ്നാട് ഇതുവരെയും റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതാണ് കേന്ദ്ര നിലപാട് വൈകുന്നതിന് കാരണമെന്നും ജാവ്ദേക്കര്‍ കൂട്ടിച്ചേര്‍ത്തു.

എന്‍.ഡി.എ സര്‍ക്കാറിന്‍െറ രണ്ടു വര്‍ഷത്തെ നേട്ടങ്ങള്‍ വിശദീകരിക്കാന്‍ വിളിച്ചുചേര്‍ത്ത വാര്‍ത്താസമ്മേളനത്തില്‍ പശ്ചിമഘട്ടവുമായി ബന്ധപ്പെട്ട ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. പശ്ചിമഘട്ട സംരക്ഷണത്തിനായി മാധവ് ഗാഡ്ഗില്‍ കമ്മിറ്റിയും കസ്തൂരിരംഗന്‍ സമിതിയും സമര്‍പ്പിച്ച രണ്ട് വ്യത്യസ്ത റിപ്പോര്‍ട്ടുകളില്‍ രണ്ടു വര്‍ഷമായിട്ടും കേന്ദ്രം നടപടികളെടുത്തില്ളെന്ന് പറയരുതെന്ന് ജാവ്ദേക്കര്‍ പറഞ്ഞു. അതുമായി ബന്ധപ്പെട്ട പ്രക്രിയയിലാണ് കേന്ദ്രം. സംസ്ഥാനങ്ങളുടെയെല്ലാം റിപ്പോര്‍ട്ടുകള്‍ കേന്ദ്രം തേടിയിരുന്നു. തമിഴ്നാട് ഒഴികെയുള്ള സംസ്ഥാനങ്ങള്‍ റിപ്പോര്‍ട്ടുകള്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതിന് വെള്ളപ്പൊക്കമാണ്  തമിഴ്നാട് ആദ്യ കാരണമായി പറഞ്ഞിരുന്നത്. പിന്നീട് തെരഞ്ഞെടുപ്പു മൂലം റിപ്പോര്‍ട്ട് തയാറാക്കാന്‍ കഴിഞ്ഞില്ളെന്ന് പറഞ്ഞു.

പുതിയ സര്‍ക്കാര്‍ ഭരണത്തിലേറിയ സ്ഥിതിക്ക് ഒന്നോ രണ്ടോ ദിവസത്തിനകം തമിഴ്നാട് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നാണ് കരുതുന്നത്. അതേസമയം, പശ്ചിമഘട്ട സംരക്ഷണത്തിന്‍െറ കാര്യത്തില്‍ കേന്ദ്രം ഇതിനകംതന്നെ നിലപാട് വ്യക്തമാക്കിയിട്ടുണ്ടെന്നും പരിസ്ഥിതിക്കും പ്രദേശവാസികള്‍ക്കും ദോഷകരമാകാത്ത സമീപനമാണതെന്നും ജാവ്ദേക്കര്‍ പറഞ്ഞു. വന്‍കിട ഭവന പദ്ധതികള്‍, പരിസ്ഥിതി മലിനീകരണമുണ്ടാക്കുന്ന വ്യവസായങ്ങള്‍, ഖനനം തുടങ്ങിയവ അനുവദിക്കില്ല. അതേസമയം, വീടുകള്‍ വെക്കുന്നതിന് തടസ്സമുണ്ടാവില്ളെന്നും മന്ത്രി തുടര്‍ന്നു.

രാജ്യത്ത് വ്യവസായ മലിനീകരണം 35 ശതമാനം കുറച്ചതും പാരിസില്‍ ഇന്ത്യന്‍ താല്‍പര്യങ്ങള്‍ സംരക്ഷിച്ചതും മാലിന്യസംസ്കരണത്തിന് പുതിയ ചട്ടങ്ങളുണ്ടാക്കിയതും ഉത്തരവാദിത്തത്തോടെയുള്ള വ്യവസായങ്ങള്‍ക്കുള്ള തടസ്സങ്ങള്‍ നീക്കിയതും വനം പരിസ്ഥിതി മന്ത്രാലയത്തിന്‍െറ പ്രധാന നേട്ടങ്ങളാണെന്ന് ജാവ്ദേക്കര്‍ പറഞ്ഞു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.