കശ്മീര്‍ ബില്ല് യു.എന്‍ പ്രമേയത്തിന്‍െറ ലംഘനം -പാകിസ്താന്‍

ഇസ് ലാമാബാദ്: ജമ്മു കശ്മീരിലെ തര്‍ക്ക മേഖല ഇന്ത്യയില്‍ ഉള്‍പ്പെടുത്തിയ ബില്ല് യു.എന്‍ പ്രമേയത്തിന്‍െറ ലംഘനമാണെന്ന് പാകിസ്താന്‍. പാക് അംബാസഡര്‍ മലീഹ ലോദി യു.എന്‍ അധികൃതര്‍ക്ക് അയച്ച കത്തിലാണ് ഇക്കാര്യം പരാമാര്‍ശിക്കുന്നത്.

ചൊവ്വാഴ്ച യു.എന്‍ ഈ കത്ത് മാധ്യമങ്ങളിലൂടെ പുറത്ത് വിട്ടിരുന്നു. ഇന്ത്യയുടെ കരട് ബില്ലില്‍ പാകിസ്താന്‍ കടുത്ത ആശങ്ക അറിയിക്കുന്നതായും നടപടി യു.എന്‍. സുരക്ഷാ കൗണ്‍സില്‍ പ്രമേയങ്ങളുടെയും അന്താരാഷ്ട്ര നിയമങ്ങളുടെയും ലംഘനമാണെന്നും പാകിസ്താന്‍ അറിയിച്ചു. ബില്‍ അവതരിപ്പിക്കാനിരിക്കെ കഴിഞ്ഞയാഴ്ചയാണ് പാക് അംബാസിഡര്‍ യു.എന്‍ ജനറല്‍ സെക്രട്ടറി ബാന്‍ കി മൂണിനെയും സുരക്ഷാ കൗണ്‍സില്‍ പ്രസിഡന്‍റ് അബ്ദു ലതീഫ്  അബൂലത്തെയും സമീപിച്ചത്.

ജമ്മു കശ്മീരിലെ തര്‍ക്ക മേഖല ഇന്ത്യയുടെ ഒൗദ്യോഗിക ഭൂപടത്തില്‍ ഉള്‍പ്പെടുത്തിയത് വസ്തുതാപരമായി തെറ്റും നിയമപരമായി ന്യായീകരണമില്ലാത്തതും ധാര്‍മികമായി അസ്വീകാര്യവുമാണ്. ദു:ഖകരമെന്ന് പറയട്ടെ, അന്താരാഷ്ട്ര സമൂഹവും ഐക്യരാഷ്ട്ര സഭയും ഇന്ത്യക്കെതിരെ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടിരിക്കുകയാണ്. ജമ്മു കശ്മീര്‍ ജനതയോടുള്ള ഉത്തരവാദിത്തത്തെ അന്താരാഷ്ട്ര സമൂഹം അംഗീകരിക്കേണ്ടതുണ്ട്. കശ്മീരില്‍ സ്വതന്ത്രവും നീതീപൂര്‍വവുമായ ഹിതപരിശോധന നടത്താന്‍ യു.എന്നിനെയും അന്താരാഷ്ട്ര സമൂഹത്തെയും ചുമതലപ്പെടുത്താന്‍ കഴിഞ്ഞ 65 വര്‍ഷമായി കശ്മീര്‍ ജനത കാത്തിരിക്കുകയാണെന്നും കത്തില്‍ പറയുന്നു.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.