അതിര്‍ത്തിത്തര്‍ക്കം പരിഹരിക്കാന്‍ രാഷ്ട്രീയ ഇച്ഛാശക്തി വേണം –രാഷ്ട്രപതി

ബെയ്ജിങ്: അതിര്‍ത്തിത്തര്‍ക്കം ഉള്‍പ്പെടെയുള്ള പ്രശ്നങ്ങള്‍ പരിഹരിച്ച് സമാധാനത്തോടെ മുന്നോട്ടു പോകുന്നതിന് ഇന്ത്യയും ചൈനയും രാഷ്ട്രീയ ഇച്ഛാശക്തിയും നാഗരികമായ വിവേകവും പുലര്‍ത്തണമെന്ന് രാഷ്ട്രപതി പ്രണബ് മുഖര്‍ജി. ചൈന സന്ദര്‍ശനത്തിന്‍െറ ഭാഗമായി ബെയ്ജിങ്ങിലെ പെകിങ് യൂനിവേഴ്സിറ്റിയില്‍ ഇന്ത്യയിലേയും ചൈനയിലേയും സര്‍വകലാശാല അധ്യക്ഷന്മാരുടെ യോഗത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.
ഇരുരാജ്യങ്ങളും രാഷ്ട്രീയബന്ധം കൂടുതല്‍ മെച്ചപ്പെടുത്തണം. ജനങ്ങള്‍ക്ക് ഗുണകരമായ രീതിയില്‍ അതിര്‍ത്തിത്തര്‍ക്കം പരിഹരിച്ച്  മുന്നോട്ടുപോകാനാവണം. ഇരുരാജ്യങ്ങളിലെയും നേതൃത്വങ്ങള്‍ തമ്മില്‍ അടുത്ത ബന്ധം പുലര്‍ത്തണം.
യു.എന്‍. രക്ഷാസമിതിയില്‍ ചൈനക്ക് സ്ഥിരാംഗത്വം നേടുന്നതിന് 60കളിലും 70കളിലും ഇന്ത്യ നല്‍കിയ സഹകരണം മറക്കാനാവില്ളെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചു. ജയ്ശെ മുഹമ്മദ് നേതാവ് മസ്ഊദ് അസ്ഹറിന് ആഗോള വിലക്ക് ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട് ഇന്ത്യ യു.എന്നിനെ സമീപിച്ചപ്പോള്‍ ചൈന ശക്തമായി എതിര്‍ത്ത സാഹചര്യം പരോക്ഷമായി സൂചിപ്പിച്ചായിരുന്നു രാഷ്ട്രപതിയുടെ പരാമര്‍ശം.
21ാം നൂറ്റാണ്ടില്‍ ഇന്ത്യക്കും ചൈനക്കും ക്രിയാത്മകമായ വലിയ പങ്ക് നിര്‍വഹിക്കാനുണ്ട്. ആഗോള വെല്ലുവിളികളെ ഇരുരാജ്യങ്ങളും ഒരുമിച്ച് നേരിടാന്‍ തീരുമാനിച്ചാല്‍ ലോകത്ത് നേടാന്‍ സാധിക്കാത്തതൊന്നുമില്ല.
ഇരു രാജ്യങ്ങളും അക്കാദമിക സഹകരണം ഉറപ്പുവരുത്തുന്നതിന്‍െറ ഭാഗമായി ഇന്ത്യയിലെ 10 സര്‍വകലാശാലകള്‍ ചൈനീസ് സര്‍വകലാശാലകളുമായി കരാറില്‍ ഒപ്പുവെച്ചു. രാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങില്‍ കരാര്‍ ഒപ്പുവെച്ചത് തികച്ചും യാദൃച്ഛികമായിരുന്നു.
ചൈനയിലെ ലോകപ്രശസ്ത സര്‍വകലാശാലകളെപ്പോലെ ഇന്ത്യയിലെ പുരാതന സര്‍വകലാശാലകളും അതിപ്രശസ്തമാണെന്ന് രാഷ്ട്രപതി പറഞ്ഞു. ആറാം നൂറ്റാണ്ടില്‍ ഇന്ത്യയില്‍ നിലനിന്നിരുന്ന തക്ഷശില, നളന്ദ, വിക്രമശില, വലഭി, സോമപുര തുടങ്ങിയ  പ്രമുഖ സര്‍വകലാശാലകള്‍ ചൈന, ഗ്രീസ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളുമായി അഭേദ്യമായ ബന്ധം സൂക്ഷിച്ചിരുന്നു. അലക്സാണ്ടര്‍ ചക്രവര്‍ത്തി, ചാണക്യ, ചൈനയിലെ ബുദ്ധസന്യാസിമാര്‍ തുടങ്ങിയ പ്രമുഖര്‍ ഇന്ത്യയിലെ പുരാതന സര്‍വകലാശാലകളില്‍നിന്ന് വിദ്യ അഭ്യസിച്ചവരാണെന്ന് ചരിത്രം പരിശോധിച്ചാല്‍ ബോധ്യപ്പെടുമെന്നും അക്കാദമിക തലങ്ങളില്‍ ഇരുരാജ്യങ്ങളും പരസ്പരപൂരകങ്ങളായി വര്‍ത്തിക്കേണ്ടതിന്‍െറ ആവശ്യകതയും അദ്ദേഹം ചൂണ്ടിക്കാട്ടി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.