ചിദംബരത്തിന് രാജ്യസഭാ സീറ്റ്; മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ വിള്ളല്‍

മുംബൈ: പി. ചിദംബരത്തിന് മഹാരാഷ്ട്രയില്‍നിന്ന് രാജ്യസഭാ സീറ്റ് നല്‍കിയത് സംസ്ഥാന കോണ്‍ഗ്രസില്‍ വിള്ളല്‍ വീഴ്ത്തുന്നു. സംസ്ഥാനത്തെ പ്രമുഖരായ വിജയ് ദര്‍ദ, മുന്‍ കേന്ദ്ര ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിണ്ഡെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി മുകുള്‍ വാസ്നിക്, രാജ്യസഭയില്‍ കാലാവധി പൂര്‍ത്തിയാക്കുന്ന അവിനാഷ് പാണ്ഡെ എന്നിവരെ തഴഞ്ഞാണ് ഹൈകമാന്‍ഡ് ചിദംബരത്തിന് സീറ്റു നല്‍കിയത്. ഇത്തവണ എം.എല്‍.എമാരുടെ കണക്കനുസരിച്ച് മഹാരാഷ്ട്രയില്‍ നിന്ന് ഒരു സീറ്റ് മാത്രമാണ് കോണ്‍ഗ്രസിനുള്ളത്. 1998 മുതല്‍ രാജ്യസഭാംഗമായിരുന്ന വിജയ് ദര്‍ദയും അവിനാഷ് പാണ്ഡെയും ജൂലൈയില്‍ കാലാവധി പൂര്‍ത്തിയാക്കുകയാണ്.  

പ്രമുഖ മറാത്തി പത്രമായ ലോക്മതിന്‍െറ ചെയര്‍മാനും മുഖ്യപത്രാധിപരുമായ ദര്‍ദ കല്‍ക്കരി അഴിമതിയില്‍ ആരോപണവിധേയനാണ്. ഇത്തവണത്തെ ഏക സീറ്റ് കോണ്‍ഗ്രസ് ഹൈകമാന്‍ഡ് ചിദംബരത്തിന് നല്‍കിയതോടെ ദര്‍ദ ബി.ജെ.പി നേതാവും കേന്ദ്ര ഗതാഗത മന്ത്രിയുമായ നിതിന്‍ ഗഡ്കരിയെ നാഗ്പൂരിലെ വീട്ടില്‍ ചെന്നുകണ്ടത് രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായിട്ടുണ്ട്. ദര്‍ദ ബി.ജെ.പിയിലേക്ക് പോകുമെന്ന സൂചനയാണ് ലഭിക്കുന്നത്. ദലിത് നേതാവെന്ന നിലയില്‍ ഏക സീറ്റില്‍ തന്നെ പരിഗണിക്കുമെന്നാണ് സുശീല്‍കുമാര്‍ ഷിണ്ഡെ കരുതിയിരുന്നത്.

എന്നാല്‍, യു.പി.എ സര്‍ക്കാറില്‍ ആഭ്യന്തരമന്ത്രിയായിരുന്നിട്ടും ഇശ്റത് ജഹാന്‍, ഹെഡ്ലി വിഷയങ്ങളില്‍ പാര്‍ട്ടിയെ തുണക്കാതെ മൗനംപാലിച്ചത് ഷിണ്ഡെക്ക് പ്രതികൂലമായി. രാഹുല്‍ ഗാന്ധിയിലായിരുന്നു മുകുള്‍ വസ്നികിന്‍െറ പ്രതീക്ഷ. എം.പി.സി.സി അധ്യക്ഷന്‍ അശോക് ചവാന്‍ രക്ഷക്കത്തെുമെന്ന് അവിനാഷ് പാണ്ഡെയും കരുതി. എന്നാല്‍, രാജ്യസഭയില്‍ ധനകാര്യമന്ത്രി അരുണ്‍ ജെയറ്റ്ലിയെ നേരിടാന്‍ ചിദംബരവും ജയറാം രമേശും വേണമെന്ന നിലപാടാണ് ഹൈകമാന്‍ഡ് കൈക്കൊണ്ടത്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.