അതിര്‍ത്തികടന്ന് വിവാഹം: വിസ ലഭിക്കാതെ വധു; വേണ്ടത് ചെയ്യാമെന്ന് സുഷമ സ്വരാജ്

ജോധ്പുര്‍: ഇന്ത്യ-പാകിസ്താന്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്നതിനിടെ അതിര്‍ത്തി കടന്ന് വിവാഹത്തിന് രണ്ടു കുടുംബങ്ങള്‍. എന്നാല്‍, പാകിസ്താനില്‍നിന്നുള്ള വധുവിനും കുടുംബത്തിനും ഇന്ത്യന്‍ എംബസി വിസ നല്‍കാന്‍ വൈകുന്നതോടെ വിവാഹം നടക്കില്ളെന്ന ആധിയിലാണ് ഇന്ത്യയില്‍നിന്നുള്ള വരന്‍.ഒടുവില്‍ സഹായഭ്യര്‍ഥനയുമായുള്ള ട്വീറ്റിന് വിദേശകാര്യമന്ത്രി സുഷമ സ്വരാജ് അനുകൂല മറുപടി നല്‍കിയതോടെ വിസ ലഭിക്കാനുള്ള വഴി തുറക്കുമെന്ന പ്രതീക്ഷയിലാണ് വരനും സംഘവും.

രാജസ്ഥാനിലെ ജോധ്പുര്‍ സ്വദേശിയായ നരേഷ് തെവാനിയും കറാച്ചിയില്‍നിന്നുള്ള പ്രിയ ബച്ചാനിയുമാണ് വിവാഹകഥയിലെ നായികാനായകന്മാര്‍. അടുത്തമാസം ആദ്യം നിശ്ചയിച്ചിരിക്കുന്ന വിവാഹത്തിനായി വധുവിനും ബന്ധുക്കള്‍ക്കും വരുന്നതിന് ചട്ടപ്രകാരം മൂന്നുമാസം മുമ്പുതന്നെ പാകിസ്താനിലെ ഇന്ത്യന്‍ എംബസിയില്‍ വിസക്ക് അപേക്ഷിച്ചതാണ്. സമയത്തിന് വിസ ലഭിക്കുമെന്നാണ് കരുതിയതെങ്കിലും ഇതുവരെ അനുകൂല പ്രതികരണമൊന്നുമില്ല -തെവാനി വ്യക്തമാക്കി.

ഇതേതുടര്‍ന്ന് തെവാനി ട്വിറ്റര്‍ വഴി സുഷമ സ്വരാജിനോട് സഹായമഭ്യര്‍ഥിക്കുകയായിരുന്നു. പ്രശ്നത്തില്‍പ്പെടുന്ന പലരുടെയും ട്വീറ്റുകള്‍ കണ്ട് വിദേശമന്ത്രി വേണ്ട സഹായങ്ങള്‍ ചെയ്തുകൊടുത്തത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ആ വഴി തേടിയത് -തെവാനി പറഞ്ഞു. അധികംവൈകാതെ സുഷമയുടെ മറുപടി ട്വീറ്റ് എത്തി ‘വിഷമിക്കേണ്ട, വിസ ഇഷ്യൂ ചെയ്യാനുള്ള ഏര്‍പ്പാടുണ്ടാക്കാം’. വിദേശകാര്യമന്ത്രിയുടെ ഉറപ്പ് ലഭിച്ചതോടെ വിസ കിട്ടാതായതോടെ തണുത്തുപോയ വിവാഹ ഒരുക്കങ്ങള്‍ ഉഷാറാക്കാനുള്ള ഒരുക്കത്തിലാണ് ഇരു കുടുംബങ്ങളും.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.