കശ്മീര്‍: പ്രതിഷേധം അയയുന്നില്ല : മുളക് ഷെല്ലിന് വീര്യംകൂട്ടാന്‍ നിര്‍ദേശം

ന്യൂഡല്‍ഹി:  കശ്മീരില്‍ സംഘര്‍ഷം തുടരവെ, ജനക്കൂട്ടത്തെ നേരിടാന്‍ സൈന്യം ഉപയോഗിക്കുന്ന മുളക് ഷെല്ലിന്  (പവ ഷെല്‍) വീര്യംകൂട്ടാന്‍  ആഭ്യന്തര മന്ത്രാലയം  നിര്‍ദേശം നല്‍കി.  പ്രതിഷേധവുമായി തെരുവിലിറങ്ങുന്നവരെ നേരിടാന്‍ പെല്ലറ്റ് തോക്കുകളാണ് നേരത്തേ സൈന്യം ഉപയോഗിച്ചിരുന്നത്. പെല്ലറ്റ് തോക്കില്‍നിന്നുള്ള വെടിയേറ്റ് നിരവധി പേര്‍ മരിക്കുകയും ധാരാളം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു.  കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് കാഴ്ച നഷ്ടപ്പെട്ട സംഭവങ്ങളുമുണ്ടായി. ഇതേതുടര്‍ന്നുണ്ടായ ജനരോഷം തണുപ്പിക്കാനാണ് സര്‍ക്കാര്‍ പെല്ലറ്റ് തോക്കുകള്‍ ഒഴിവാക്കി മുളക് ഷെല്‍ പ്രയോഗിക്കാന്‍ തുടങ്ങിയത്.

ജനക്കൂട്ടത്തിനിടയില്‍ വീണ് പൊട്ടിത്തെറിക്കുന്ന മുളക് ഷെല്‍ സാധാരണ പൊലീസ് പ്രയോഗിക്കാറുള്ള കണ്ണീര്‍വാതക ഷെല്ലിനേക്കാള്‍ വീര്യംകൂടിയ ഇനമാണ്. എന്നാല്‍, മുളക് ഷെല്‍ പ്രയോഗിച്ചിട്ട് വേണ്ടത്ര ഫലം ലഭിക്കുന്നില്ളെന്നും ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ കഴിയുന്നില്ളെന്നുമാണ് സൈന്യത്തിന്‍െറ പരാതി. ഇതേതുടര്‍ന്നാണ് കൂടുതല്‍ വീര്യമുള്ള ഷെല്ലുകള്‍ നിര്‍മിച്ച് കശ്മീരില്‍ നിയോഗിക്കപ്പെട്ട സൈന്യത്തിന് നല്‍കാന്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ബന്ധപ്പെട്ടവരോട് നിര്‍ദേശിച്ചിരിക്കുന്നത്. പെല്ലറ്റ് ഗണ്ണുകള്‍ കശ്മീരില്‍നിന്ന് പിന്‍വലിക്കുന്നതില്‍ സൈന്യത്തിന് കടുത്ത എതിര്‍പ്പുണ്ട്. സര്‍വകക്ഷി സംഘത്തിന്‍െറ സമ്മര്‍ദത്തിനൊടുവിലാണ് കേന്ദ്രം പെല്ലറ്റ് ഗണ്‍ പിന്‍വലിച്ചത്.  

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.