റേഷനരി കോഴിത്തീറ്റക്ക്  ഉപയോഗപ്പെടുത്തുന്നതായി ആരോപണം

കോയമ്പത്തൂര്‍: തമിഴ്നാട്ടില്‍ വിതരണം ചെയ്യുന്ന സൗജന്യ റേഷനരി കോഴിത്തീറ്റക്ക് ഉപയോഗപ്പെടുത്തുന്നതായി ആരോപണം. കോയമ്പത്തൂരിലെ വിവിധയിടങ്ങളില്‍ റേഷനരി പൊടിയരിയാക്കുന്ന നിരവധി മില്ലുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്.  തിരുപ്പൂര്‍, പല്ലടം, കാങ്കേയം, ധാരാപുരം പ്രദേശങ്ങളിലെ മിക്ക പൗള്‍ട്രി ഫാമുകളിലേക്കും ഇത്തരത്തില്‍ തയാറാക്കിയ പൊടിയരിയാണ് വിതരണം ചെയ്യുന്നത്. റേഷനരി ഉപയോഗിച്ച് ഇഡലി-ദോശ പാക്കറ്റ് മാവ് ഉല്‍പാദിപ്പിക്കുന്ന കേന്ദ്രങ്ങളും നിരവധിയാണ്. ഇതിന് പുറമെയാണ് റേഷനരി കേരളത്തിലേക്കും ലോഡുകണക്കിന് കടത്തിക്കൊണ്ട് പോകുന്നത്. ലോറി, ടെമ്പോ, കാര്‍, ഓട്ടോറിക്ഷ, ട്രെയിന്‍ മാര്‍ഗങ്ങളിലായി മാത്രമല്ല തലച്ചുമടായും റേഷനരി അതിര്‍ത്തി കടത്തുന്നുണ്ട്. കോയമ്പത്തൂരിലെ 23 അതിര്‍ത്തി റോഡുകളിലൂടെയാണ് ടണ്‍കണക്കിന് റേഷനരി ദിനംപ്രതി കടത്തുന്നത്.  

റേഷന്‍കടകളില്‍നിന്നും എഫ്.സി.ഐ ഗോഡൗണുകളില്‍നിന്നുമാണ് റേഷനരി മുഖ്യമായും സംഭരിക്കുന്നത്. അരി വാങ്ങാത്ത റേഷന്‍ കാര്‍ഡുകളില്‍ അരി വാങ്ങിയതായി രേഖപ്പെടുത്തിയാണ് കരിഞ്ചന്തയിലേക്ക് മറിച്ചുനല്‍കുന്നത്. ശങ്കന്നൂര്‍പള്ളം, ഉപ്പിലിപാളയം, നല്ലാംപാളയം, പൂസാരിപാളയം, സിംഗാനല്ലൂര്‍, ഉക്കടം, പോത്തന്നൂര്‍ ഭാഗങ്ങളിലാണ് റേഷനരി കടത്തുന്ന സംഘങ്ങള്‍ സജീവമായുള്ളത്. റേഷന്‍കടകളില്‍ സ്റ്റോക്കും മറ്റും ബന്ധപ്പെട്ട അധികൃതര്‍ പരിശോധന നടത്തുക പതിവാണെങ്കിലും അരി കടത്ത് ഫലപ്രദമായി തടയാനാവുന്നില്ളെന്ന് സിവില്‍ സപൈ്ളസ് അധികൃതര്‍ പറയുന്നു. എഫ്.സി.ഐ ഗോഡൗണുകളില്‍ ഗുണമേന്‍മ കുറഞ്ഞ ടണ്‍കണക്കിന് റേഷനരി ലേലത്തിലെടുക്കുന്നതും കോഴിത്തീറ്റ ആവശ്യത്തിനാണ്.  
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.